

കോഴിക്കോട്: ഈ വര്‍ഷത്തെ ഹജ്ജിന് സൗദി രാജാവിന്റെ അതിഥിയായി ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡണ്ടും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനുമായ അഹ്‌മദ് അനസ് മൗലവിക്ക് ക്ഷണം ലഭിച്ചു. കെ എന്‍ എം
പ്രതിനിധിയായിട്ടാണ് അഹ്‌മദ് അനസ് മൗലവി അതിഥി പട്ടികയില്‍ ഉള്‍പെട്ടത്.

കൈപ്പമംഗലം ബുസ്താനുല്‍ ഉലൂം എഡ്യൂക്കേഷണല്‍ കോംപ്ലക്സ് ഡയറക്ടര്‍ കൂടിയായ അഹ്‌മദ് അനസ് വൈറ്റില സലഫി കള്‍ച്ചറല്‍ സെന്റര്‍ ഖത്തീബ് ആയി സേവനം ചെയ്യുന്നു. കുട്ടികള്‍ക്ക് വേണ്ടിയുള്ള ഇസ്ലാമിക ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇസ്ലാമിക വ്യക്തിത്വങ്ങള്‍ക്ക് എല്ലാ വര്‍ഷവും സൗദി രാജാവ് പ്രത്യേക അതിഥികളായി ഹജ്ജിന് അവസരം നല്‍കുന്നു. അവരുടെ യാത്ര, ഭക്ഷണം എന്നിവ അടങ്ങിയ എല്ലാ ചെലവുകളും രാജാവ് വഹിക്കുന്നു. പണ്ഡിതര്‍, മുഫ്തിമാര്‍ അക്കാദമിക രംഗത്തെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍, മന്ത്രിമാര്‍, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ക്കാണ് ഹജ്ജിന് ക്ഷണം ലഭിക്കുന്നത്.
രാജാവിന്റെ അതിഥികളായി ഹജ്ജിന് എത്തുന്ന പ്രമുഖരെ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, മതകാര്യ വകുപ്പ് മന്ത്രി ശൈഖ് അബ്ദു ലത്തീഫ് ആലു ശൈഖ് എന്നിവര്‍ അഭിസംബോധന ചെയ്യും. എട്ടിനു സൗദി എംബസിയില്‍ വെച്ചു ഇന്ത്യയില്‍ നിന്നുള്ള അതിഥികള്‍ക്കു യാത്രയയപ്പ് നല്‍കും. ഇന്ത്യന്‍ സംഘം ഒന്‍പതിന് ഡല്‍ഹിയില്‍ നിന്നും മക്കയിലേക്ക് പുറപ്പെടും.

