
ആലുവ: ദേശീയപാത 544, ദേശീയപാത 66 എന്നിവ തമ്മില്‍ ബന്ധിപ്പിക്കുന്ന അങ്കമാലി- കൊടുങ്ങല്ലൂര്‍ ബൈപ്പാസ് റോഡിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി ബെന്നി ബഹനാന് എം പിയെ അറിയിച്ചു.

ദേശീയപാത 66ലൂടെ കൊച്ചി എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കാര്‍ക്കും തിരുവനന്തപുരം ഭാഗത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ഏറെ പ്രയോജനമാകുന്ന പദ്ധതിയാണ് അങ്കമാലി- കൊടുങ്ങല്ലൂര്‍ ബൈപ്പാസ്. കൊടുങ്ങല്ലൂര്‍ നിന്നും അങ്കമാലിയില്‍ എത്തി നിര്‍ദിഷ്ട അങ്കമാലി കുണ്ടന്നൂര്‍ എറണാകുളം ബൈപ്പാസില്‍ പ്രവേശിച്ച് എറണാകുളം പട്ടണത്തിന്റെ തിരക്കുകളും ഗതാഗത കുരുക്കുകളും ബാധിക്കാതെ ദീര്‍ഘദൂര യാത്രകള്‍ സുഗമമാക്കുന്നതിനുവേണ്ടിയാണ് 20 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന അങ്കമാലി- കൊടുങ്ങല്ലൂര്‍ ബൈപാസ് പദ്ധതി നടപ്പാക്കുന്നതിനുള്ള നിവേദനം ബെന്നി ബഹനാന് എം പി കേന്ദ്ര ഗതാഗത മന്ത്രിക്ക് നല്‍കിയത്. നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അങ്കമാലി- കൊടുങ്ങല്ലൂര്‍ ബൈപ്പാസ് യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ബെന്നി ബഹനാന് എം പിയെ രേഖാമൂലം അറിയിച്ചു.

അതോടൊപ്പം അങ്കമാലി കുണ്ടന്നൂര്‍ എറണാകുളം ബൈപ്പാസ് പദ്ധതിയുടെ 3ഡി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ 3എ നോട്ടിഫിക്കേഷന്‍ കാലഹരണപ്പെട്ടത് അടിയന്തരമായി പുനര്‍വിജ്ഞാപനം ചെയ്യണമെന്ന് എം പി കേന്ദ്രമന്ത്രി നിഥിന് ഗഡ്കരിയോട് ആവശ്യപെട്ടതിന്റെ അടിസ്ഥാനത്തില്‍ എത്രയും വേഗം 3എ നോട്ടിഫിക്കേഷന്‍ നടപടികള്‍ ഉണ്ടാകുമെന്നും ബെന്നി ബഹനാന് എം പി അറിയിച്ചു.
