

കോഴിക്കോട്: തനിക്കെതിരെ പീഡനക്കേസ് നല്കിയ നടിയുടെ പേര് വെളിപ്പെടുത്തി ഫേസ്ബുക്ക് ലൈവില്‍ വീഡിയോ ചെയ്ത നടനും നിര്‍മാതാവുമായ വിജയ് ബാബു. ഇതോടെ വിജയ് ബാബുവിനെതിരെ പൊലീസ് ഒരു കേസ് കൂടി റജിസ്റ്റര്‍ ചെയ്യും.

ഒന്‍പത് മിനുട്ട് നീളുന്ന ഫേസ്ബുക്ക് ലൈവ് വീഡിയോയിലാണ് വിജയ് ബാബു നടിയുടെ പേര് പുറത്തു പറഞ്ഞത്. ഇര താനാണെന്നും തനിക്കെതിരെ പരാതി നല്കിയ യുവതിക്കും അവര്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുമെതിരെ വലിയ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും വിജയ് ബാബു വീഡിയോയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു വിജയ് ബാബു ഫേസ്ബുക്ക് ലൈവിലെത്തി പീഡനക്കേസിലെ പരാതിക്കാരിക്കെതിരെ സംസാരിച്ചത്. തനിക്ക് ഈ കാര്യത്തില്‍ തന്റെ അമ്മയോടും ഭാര്യയോടും സഹോദരിയോടും അടുത്ത സുഹൃത്തുക്കളോടും മാത്രമാണ് മറുപടി പറയേണ്ടതെന്നും കഴിഞ്ഞ ദിവസം ഉച്ചമുതല്‍ അക്കാര്യം താനവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും വിജയ് ബാബു പറഞ്ഞു. നടി തനിക്കയച്ച വാട്സ്ആപ് സന്ദേശങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമെങ്കില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവയും പുറത്തുവിടുമെന്നും വിജയ് ബാബു പറഞ്ഞു.
ഇരയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെ പരസ്യമായി പരാതിക്കാരിയുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞതിനാണ് കേസെടുക്കുക. ഫേസ്ബുക്ക് ലൈവ് സൂക്ഷ്മമായി പരിശോധിച്ച ശേഷമായിരിക്കും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുക.
നിലവില്‍ പരാതിക്കാരി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് വിജയ് ബാബുവിനതിരെ കേസെടുത്തിരിക്കുന്നത്. കോഴിക്കോട് സ്വദേശിനിയായ യുവനടി തേവര പൊലീസ് സ്റ്റേഷനിലായിരുന്നു പരാതി നല്‍കിയിരുന്നത്.
പരാതിക്കാരിയുടെ പേര് പുറത്തുവിടരുതെന്ന നിയമ പരിരക്ഷയുള്ളതുകൊണ്ട് അവര്‍ സമൂഹത്തില്‍ അറിയാതെ കേക്കും തിന്ന് സുഖിച്ച് ജീവിക്കുകയാണെന്നും ഇര താനായതിനാല്‍ ഇതിലും താന്‍ മാറ്റങ്ങള്‍ കൊണ്ടുവരികയാണെന്നും വിജയ് ബാബു ഫേസ്ബുക്ക് ലൈവില്‍ പറയുന്നുണ്ട്.
യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് വ്യാപകമായി അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ വിജയ് ബാബുവിനെ ഇതുവരെ ചോദ്യം ചെയ്യാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. വിജയ് ബാബു കേരളത്തിലില്ല എന്നും സംസ്ഥാനം വിട്ടു എന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീം വിജയ് ബാബുവിനെ തിരഞ്ഞുകൊണ്ടുള്ള അന്വേഷണത്തിലാണ്.
സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് വിജയ് ബാബുവിന്റെ എറണാകുളത്ത് പനമ്പള്ളി നഗറിലെ ഫ്ളാറ്റില്‍ വെച്ച് നിരവധി തവണ പീഡിപ്പിച്ചു എന്നാണ് പരാതി. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

