

വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷം സൈനിക ആവശ്യങ്ങള്‍ക്കായി ഖത്തര്‍ ചെലവഴിച്ചത് 11.6 ബില്യന്‍ യു എസ് ഡോളറെന്ന് റിപ്പോര്‍ട്ട്. സൈനിക ആവശ്യങ്ങള്‍ക്കായി വന്‍തുക ചെലവഴിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തറെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടിലാണ് ഖത്തറിന്റേതുള്‍പ്പെടെ സൈനിക ചെലവുകള്‍ വ്യക്തമാക്കുന്നത്.

റിപ്പോര്‍ട്ട് പ്രകാരം 2010ല്‍ നിന്നും 2021ല്‍ എത്തിയപ്പോള്‍ ഖത്തറിന്റെ സൈനിക ചെലവില്‍ 434 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര ഉത്പാദന വളര്‍ച്ചയുടെ 4.8 ശതമാനമാണ് രാജ്യം സൈനികാവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നത്.

അറബ് രാജ്യങ്ങളില്‍ സൗദി അറേബ്യ 55.6 ബില്യന്‍ ഡോളറും കുവൈത്ത് ഒന്‍പത് ബില്യന്‍ ഡോളറും ഒമാന്‍ 5.8 ബില്യന്‍ ഡോളറുമാണ് സൈനിക ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്ന അറബ് രാജ്യങ്ങള്‍. സൈനിക ആവശ്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ചെലവു ചെയ്യുന്ന രാജ്യങ്ങളില്‍ 2020ല്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന സൗദി അറേബ്യ 2021ല്‍ എട്ടാം സ്ഥാനത്തേക്ക് താഴ്ന്നു എന്നത് ശ്രദ്ധേയമാണ്.
സൗദി അറേബ്യ യമനില്‍ നിന്ന് സൈനിക സേനയെ പിന്‍വലിക്കാന്‍ തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ചെലവില്‍ കുറവ് വന്നത്. എന്നാല്‍ സൈനികരെ വീണ്ടും വിന്യസിക്കുകയാണെന്ന് സൗദി സര്‍ക്കാര്‍ പറഞ്ഞിരുന്നു.
2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഖത്തറിന്റെ ആയുധ ഇറക്കുമതി 361 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ല്‍ ജി സി സി രാജ്യങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടായിരിക്കാം ആയുധ ഇറക്കുമതിയില്‍ വര്‍ധനവുണ്ടായതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സൗദി അറേബ്യ, യു എ ഇ, ബഹറൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനു മേല്‍ അനധികൃത ഉപരോധം ഏര്‍പ്പെടുത്തിയ സമയമായിരുന്നു അത്.
മെന മേഖലയില്‍ ആയുധ ഇറക്കുമതി ചെയ്യുന്നതില്‍ മുന്നിട്ടു നില്‍ക്കുന്നത് സൗദി അറേബ്യ, ഈജിപ്ത്, ഖത്തര്‍, യു എ ഇ എന്നീ രാജ്യങ്ങളാണെന്ന് മുന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഖത്തര്‍ തങ്ങളുടെ സൈനിക ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. അമീരി ഗാര്‍ഡിലെ 12,000 പേര്‍ ഉള്‍പ്പെടെയുള്ളതാണ് ഖത്തറിന്റെ സൈനിക ശേഷിയെന്ന് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ ദി മിലിട്ടറി ബാലന്‍സ് 2022 റിപ്പോര്‍ട്ടില്‍ പറയുന്നു.
കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ പൊലീസ്, കോസ്റ്റല്‍ ആര്‍ട്ടിലറി എന്നിവ ഉള്‍പ്പെടെ നാവിക സേന കാല്‍ലക്ഷവും 53 യുദ്ധ വിമാനങ്ങളുമായി രണ്ടായിരം പേര്‍ ഉള്‍പ്പെടുന്ന ഖത്തരി എയര്‍ഫോഴ്‌സുമുണ്ട്.
യു എസ്, തുര്‍ക്കി, ഫ്രാന്‍സ് തുടങ്ങി നിരവധി വിദേശ രാജ്യങ്ങളുമായുള്ള കരാറുകളിലൂടെയാണ് ഖത്തറിന്റെ സൈനിക ശേഷി വര്‍ധിപ്പിക്കുന്നത്. 2017ലെ ജി സി സി പ്രതിസന്ധിയില്‍ ഖത്തര്‍ യു എസിലെ വിമാനക്കമ്പനിയായ ബോയിംഗുമായി 36 എഫ് 15 ഫൈറ്റര്‍ ജെറ്റുകള്‍ക്ക് 6.2 ബില്യന്‍ ഡോളറിന്റെ കരാര്‍ ഒപ്പുവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ആദ്യ ബാച്ച് ജെറ്റുകള്‍ ഖത്തറിലെത്തുകയും ചെയ്തു.

