
ശ്രീനഗര്‍: അഫ്ഗാനില്‍ ഭരണം പിടിച്ച താലിബാനുമായി ചര്‍ച്ചകള്‍ നടത്തുന്ന ഇന്ത്യാ സര്‍ക്കാറിന്റെ നിലപാടിനെതിരെ ചോദ്യം ചെയ്ത് ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല രംഗത്ത്. താലിബാന്‍ തീവ്രവാദ സംഘടനയാണോ അല്ലയോ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഒമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു. തീവ്രവാദ സംഘടനയാണെങ്കില്‍ സര്‍ക്കാര്‍ താലിബാനുമായി എന്തിന് ചര്‍ച്ച നടത്തുന്നുവെന്നു ചോദിച്ച അദ്ദേഹം തീവ്രവാദ സംഘടന അല്ലെന്നാണ് നിലപാടെങ്കില്‍ ഐക്യരാഷ്ട്രസംഘടനയോട് തീവ്രവാദികളുടെ പട്ടികയില്‍ നിന്ന് താലിബാനെ ഒഴിവാക്കാന്‍ ആവശ്യപ്പെടുമോയെന്നും ഉന്നയിച്ചു.

ഒന്നുകില്‍ താലിബാന്‍ ഒരു ഭീകര സംഘടനയാണ് അല്ലെങ്കില്‍ ഭീകര സംഘടനയല്ല. നിങ്ങള്‍ അവരെ എങ്ങനെ കാണുന്നുവെന്ന് ദയവായി ഞങ്ങളോട് വ്യക്തമാക്കൂ എന്നാണ് ഒമര്‍ അബ്ദുല്ല ആവശ്യപ്പെട്ടത്.


ഇന്ത്യാ- അഫ്ഗാനിസ്ഥാന്‍ നയതന്ത്ര ബന്ധം സംബന്ധിച്ച് ദോഹയില്‍ ആദ്യ ഔദ്യോഗിക ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഒമര്‍ അബ്ദുല്ല കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കി രംഗത്തെത്തിയത്. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലുമായാണ് താലിബാന്‍ രാഷ്ട്രീയകാര്യ തലവന്‍ ഷേര്‍ മുഹമ്മദ് അബ്ബാസ് ചര്‍ച്ച നടത്തിയത്. താലിബാന്‍ നേതൃത്വത്തിന്റെ അഭ്യര്‍ഥന പ്രകാരമാണ് ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ കൂടിക്കാഴ്ച നടത്തിയതെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്.


