

അല്‍ വക്‌റ: ഫ്രാന്‍സിനോട് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോറ്റതിന്റെ ക്ഷീണം തുണീഷ്യയോട് ജയിച്ച് തീര്‍ത്ത് ഓസ്‌ട്രേലിയ. 23-ാം മിനുട്ടില്‍ മിച്ച് ഡ്യൂക്ക് ഹെഡറിലൂടെ ഓസ്‌ട്രേലിയക്കായി നേടിയ ഗോള്‍ മടക്കി നല്‍കാന്‍ പരമാവധി ശ്രമിച്ചിട്ടും തുണീഷ്യയ്ക്കായില്ല.

ആദ്യ കളിയില്‍ ഡെന്മാര്‍ക്കുമായി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞ തുണീഷ്യയ്ക്ക് രണ്ടാം മത്സരത്തിലും ഗോളടിക്കാനുള്ള ആഗ്രഹം സ്വപ്‌നം മാത്രമായി അവശേഷിച്ചു. ഓസ്‌ട്രേലിയക്കെതിരെ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും വലയില്‍ വീണില്ല.

തുണീഷ്യ നടത്തിയ മികച്ച നീക്കങ്ങളെയെല്ലാം ഓസ്‌ട്രേലിയന്‍ പ്രതിരോധം തകര്‍ത്തു. ഗോള്‍ നേടിയതോടെ കളി പ്രതിരോധത്തിലേക്ക് മാറ്റിയ ഓസ്‌ട്രേലിയ ചില നേരങ്ങളില്‍ കൗണ്ടര്‍ അറ്റാക്കിംഗ് നടത്തി ഗോള്‍ നില ഉയര്‍ത്താനുള്ള ശ്രമവും നടത്തി. മത്സരത്തിനൊടുവില്‍ തുണീഷ്യ നടത്തിയ തുടരന്‍ ആക്രമണങ്ങളൊന്നും ഗോളായി മാറിയില്ല.

