NEWS
മലൈക്കോട്ടൈ വാലിബനെതിരെ ഹേറ്റ് ക്യാംപയിന്‍ ചെയ്യുന്നതെന്തിനെന്ന് അറിയില്ലെന്ന് ലിജോ ജോസ്
കൊച്ചി: മലൈക്കോട്ടൈ വാലിബനെതിരെ വ്യാപകമായ ഹേറ്റ് കാംപയിന്‍ നടത്തുന്നത് എന്തിനെന്ന് അറിയില്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. മരട് ഹോട്ടല്‍ ട്രിബ്യൂട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെഗറ്റീവ് റിവ്യൂവിനെ കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്നും അത് തനിക്ക് പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സിനിമ കണ്ട പ്രേക്ഷകര്‍ അഭിപ്രായം പറയുന്നതാണ് നല്ലതെന്നും അതാണ് താന്‍ സ്വീകരിക്കുകയെന്നും അദ്ദേഹം വിശദമാക്കി.
മലൈക്കോട്ടൈ വാലിബന് ഒരു മുത്തശ്ശിക്കഥയുടെ വേഗത മാത്രമാണ് നല്‍കിയത്. ഒരേ വേഗത്തില്‍ പോകുന്ന സിനിമയല്ല വാലിബനെന്നും അദ്ദേഹം പറഞ്ഞു.
ഇത് സിനിമയെയല്ല മനുഷ്യരുടെ സംസ്‌ക്കാരത്തെയാണ് ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ തലയോട്ടി അടിച്ചു പൊട്ടിക്കുന്ന സിനിമയല്ല വേണ്ടതെന്നും മരിച്ചു വീണവരുടെ രക്തത്തിലൂടെ നടന്നു പോകുന്ന തരത്തിലുള്ള സിനിമയോട് അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജീവിക്കാന്‍ കുറച്ചു ഭക്ഷണവും ഉറങ്ങാന്‍ സ്ഥലവും മാത്രമേ ആവശ്യമുള്ളുവെന്ന് നമ്മളൊക്കെ മനസ്സിലാക്കിയിട്ടും ഇത്രയൊക്കെ വൈരാഗ്യം വെച്ചുപുലര്‍ത്തുകയാണ്. കോവിഡും പ്രളയവുമൊക്കെ അതിജീവിച്ച നമ്മള്‍ ഇത്രയേറെ വൈരാഗ്യബുദ്ധിയോടെ പ്രവര്‍ത്തിക്കരുടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലയാളിക്ക് മോശം സിനിമ സമ്മാനിക്കാനല്ല ഞങ്ങള്‍ ഇത്രയേറെ കഷ്ടപ്പെട്ട് പ്രവര്‍ത്തിച്ചതെന്നും തിയേറ്ററില്‍ തന്നെ കാണാനാണ് ഇതുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകതരം ആളുകള്‍ക്ക് കാണാനല്ല എന്റെ മനസ്സിലുള്ള സിനിമ എല്ലാവര്‍ക്കുമായി കാണിക്കാനാണ് ശ്രമിച്ചത്. ഏറ്റവും നിസ്സാരമായ ആളുകള്‍ക്ക് പോലും മനസ്സിലാക്കാനാവുന്നതേ ഈ സിനിമയിലുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
മലൈക്കോട്ടൈ വാലിബന്‍ ഒന്നാം ഭാഗം തിയേറ്ററിലും മറ്റിടങ്ങളിലുമൊക്കെ കൃത്യമായി വര്‍ക്ക് ആയാല്‍ മാത്രമേ രണ്ടാം ഭാഗത്തെ പുറത്തെത്തിക്കാനാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഏത് സിനിമാ ഇന്‍ഡസ്ട്രിയോടും കിടപിടിക്കാനാവുന്ന സാങ്കേതികതയാണ് ഇതിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.