കുടുംബപ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ‘വാവാച്ചന്‍’; ഹൃദയം തൊടുന്ന അനുഭവമായി കൂടോത്രം

Web Desk
1 Min Read

കൊച്ചി: ഒരു സാധാരണ അച്ഛന്റെ മൗനസ്‌നേഹവും ത്യാഗവും കണ്ണീരിലൂടെ സംസാരിക്കുന്ന വേദനയും അതാണ് ‘വാവച്ചന്‍’. റിലീസിന് പിന്നാലെ കുടുംബപ്രേക്ഷകരുടെ ഹൃദയം കീഴടക്കി മുന്നേറുകയാണ് കൂടോത്രം. സിനിമയുടെ വിജയത്തിന് പിന്നില്‍ ഏറ്റവും വലിയ ശക്തിയായി മാറിയത് ഈ കഥാപാത്രമാണ്. തിരശ്ശീലയില്‍ വാവച്ചന്‍ ജീവിച്ചപ്പോള്‍, നിരവധി അച്ഛന്മാരുടെയും കുടുംബങ്ങളുടെയും ജീവിതകഥകളാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിഞ്ഞത്.

city exchange

ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ വാവച്ചനെ മലയാളി പ്രേക്ഷകര്‍ സ്വന്തം വീട്ടിലെ ഒരാളായി സ്വീകരിച്ചതിന്റെ സന്തോഷം പങ്കുവെക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ എറണാകുളം പ്രസ് ക്ലബ്ബില്‍ ഒത്തുചേര്‍ന്നു. നായകനും സംവിധായകനുമായ ബൈജു എഴുപുന്ന, നിര്‍മ്മാതാവ് റെജി, അഭിനേതാക്കളായ ഡിനോയ് പൗലോസ്, റേച്ചല്‍ വര്‍ഗീസ്, ദിയ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

36 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ അനവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും വാവച്ചനെ പോലെ ഹൃദയത്തില്‍ തൊടുന്ന കഥാപാത്രം അപൂര്‍വ്വമാണെന്ന് ബൈജു എഴുപുന്ന പറഞ്ഞു. സിനിമ കണ്ടിറങ്ങുന്ന അച്ഛന്മാര്‍ കണ്ണ് നിറഞ്ഞ് വിളിക്കുന്നു. ‘വാവച്ചന്‍ ഞാനാണ്’ എന്ന് അവര്‍ പറയുമ്പോള്‍ അതൊരു നടനെന്ന നിലയില്‍ എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ്,’ അദ്ദേഹം പറഞ്ഞു. അച്ഛന്‍- മകള്‍ ബന്ധത്തിന്റെ തീവ്രതയും ഒരു സാധാരണ ഗ്രാമീണ മനുഷ്യന്റെ ആത്മാഭിമാനവും സ്‌നേഹവും വാവച്ചനിലൂടെ ശക്തമായി പ്രകടമാകുന്നു.

വാവച്ചന്റെ സങ്കടം പ്രേക്ഷകര്‍ക്ക് സ്വന്തം സങ്കടമായി തോന്നുന്നതും അവന്റെ മൗനം പോലും പല കുടുംബങ്ങളുടെ യാഥാര്‍ഥ്യങ്ങളെ ഓര്‍മ്മിപ്പിക്കുന്നതുമാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്. അതുകൊണ്ടുതന്നെ ‘കൂടോത്രം’ ഒരു സിനിമയായി മാത്രം നില്‍ക്കാതെ, ഒരു കുടുംബാനുഭവമായി മാറുകയാണ്.

- Advertisement -
Ad image

തുടക്കത്തില്‍ തിയേറ്ററുകളില്‍ തിരക്ക് കുറവായിരുന്നെങ്കിലും മൗത്ത് പബ്ലിസിറ്റിയിലൂടെ ഇപ്പോള്‍ കുടുംബപ്രേക്ഷകര്‍ തിയേറ്ററുകള്‍ നിറയ്ക്കുകയാണ്. നല്ല സിനിമകള്‍ കണ്ടശേഷം പിന്തുണയ്ക്കണമെന്നും സിനിമയുടെ പൂര്‍ണ്ണമായ വികാരാനുഭവം തിയേറ്ററുകളില്‍ തന്നെയാണെന്നും അണിയറ പ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചു.

വാവച്ചന്‍ എന്ന കഥാപാത്രം മലയാളി മനസുകളില്‍ തുടര്‍ന്നും ജീവിക്കട്ടെയെന്ന ആഗ്രഹത്തോടെയാണ് വാര്‍ത്താസമ്മേളനം അവസാനിച്ചത്. കാരണം ചില കഥാപാത്രങ്ങള്‍ സിനിമ തീര്‍ന്നാലും, ഹൃദയത്തില്‍ നിന്ന് മായുന്നില്ല.

Share This Article
Leave a Comment
error: Content is protected !!