
കൊച്ചി: അന്താരാഷ്ട്ര നിലവാരത്തിലുള്ള ആരോഗ്യസേവനങ്ങള്‍ സൗജന്യമായി കേരളത്തിലുടനീളം എത്തിക്കുന്നതിന് വി പി എസ് ലേക്ഷോര് ആവിഷ്കരിച്ച മൊബൈല്‍ ഹെല്‍ത്ത് കെയര്‍ സംരംഭം ‘കെയര്‍ ഓണ്‍ വീല്‍സ്’ പദ്ധതിക്ക് തുടക്കമായി. ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ചെയര്മാന് ഡോ. ഷംഷീര്‍ വയലില്‍ മൊബൈല്‍ ഹെല്‍ത്ത് കെയര്‍ യൂണിറ്റ് വാഹനം ഫ്ളാഗ് ഓഫ് ചെയ്തു.

ഗ്രാമ, നഗര വ്യത്യാസമില്ലാതെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലുള്ള ജനങ്ങള്‍ക്ക് സൗജന്യ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂളുകള്‍, കോളജുകള്‍, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, ആരോഗ്യസേവനങ്ങള്‍ എത്തിപ്പെടാത്ത മേഖലകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് രോഗപ്രതിരോധം, മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം, വിദഗ്ധരുടെ കണ്സള്ട്ടേഷന് എന്നിവ ഉറപ്പാക്കും.

കാര്‍ഡിയോളജി, റേഡിയോളജി സേവനങ്ങളുടെ പിന്തുണയോടെയുള്ള അള്‍ട്രാസൗണ്ട് സംവിധാനങ്ങള്‍, ഇ സി ജി സ്ക്രീനിംഗ്, പോര്‍ട്ടബിള്‍ ഓഡിയോമെട്രി, പോര്‍ട്ടബിള്‍ സ്പൈറോമെട്രി, ഡോക്ടര്‍ കണ്സള്ട്ടേഷന്, അടിസ്ഥാന ആരോഗ്യപരിശോധനകള്‍, ടെലി കണ്സള്ട്ടേഷന് സൗകര്യം എന്നിവ മൊബൈല്‍ യൂണിറ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്തുന്നതിനും വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് അത് ഉറപ്പാക്കുന്നതിനും പദ്ധതി സഹായകമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
സൗജന്യ ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമമാണ് കെയര്‍ ഓണ്‍ വീല്‍സിലൂടെ നടത്തുന്നതെന്ന് ചെയര്മാന് ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. രോഗ നിര്‍ണയവും കണ്‍സള്‍ട്ടേഷനും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ ആരോഗ്യപ്രശ്നങ്ങള്‍ കൃത്യമായി തിരിച്ചറിയാനും സമയബന്ധിതമായ ചികിത്സ ഉറപ്പാക്കാനും ആളുകള്‍ക്ക് സാധിക്കും. കേരളത്തിലുടനീളമുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യവര്‍ഷത്തില്‍ കേരളത്തിലുടനീളം 150ലധികം ഹെല്‍ത്ത് ക്യാമ്പുകള്‍ സംഘടിപ്പിക്കാനും 25,000ത്തിലധികം ഗുണഭോക്താക്കളിലേക്ക് എത്തിച്ചേരാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തില്‍ ആരോഗ്യ അവബോധം വര്‍ധിപ്പിച്ച് രോഗനിര്‍ണയം വേഗത്തിലാക്കാനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ഇതിലൂടെ സാധിക്കുമെന്ന് അധികൃതര്‍ വിശദീകരിച്ചു.
വി പി എസ് ലേക്ഷോര് മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള, പ്രശസ്ത ഹെമറ്റോളജിസ്റ്റ് ഡോ. അലോക് ശ്രീവാസ്തവ എന്നിവര്‍ പങ്കെടുത്തു. ഡോക്ടര്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

