NEWS
ഐ സി എഫ് ഭാരവാഹികള്‍ വയനാട് ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു
കല്‍പ്പറ്റ: ഉരുള്‍പ്പൊട്ടലുണ്ടായ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളില്‍ ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഭാരവാഹികള്‍ സന്ദര്‍ശനം നടത്തി. ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ, സെക്രട്ടറി ശരീഫ് കാരശ്ശേരി എന്നിവരാണ് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ഹക്കീം അസ്ഹരിക്കൊപ്പം മലയിടിച്ചില്‍ സംഭവിച്ച പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.
പരിക്കുപറ്റിയവര്‍ക്ക് ചികിത്സ നല്‍കിക്കൊണ്ടിരിക്കുന്ന ഡോക്ടര്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്, ദുരിതാശ്വാസ ക്യാമ്പുകള്‍, വിവിധ സമാഹരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. മന്ത്രിമാരായ പി രാജീവ്, കെ രാജന്‍, ടി സിദ്ദീഖ് എം എല്‍ എ എന്നിവരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.
വിവരണാതീതമാണ് ദുരന്തമുഖത്തെ അനുഭവങ്ങളെന്നും അവ അതിജയിക്കാന്‍ നമുക്ക് കഴിയണമെന്നും സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ പറഞ്ഞു. കേരള സര്‍ക്കാരുമായും കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിലും വരുന്ന സമഗ്ര പുനരധിവാസ പാക്കേജില്‍ ഐ സി എഫ് പങ്കാളിത്തം വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.