

ആലുവ നഗരസഭ നൂറുവര്‍ഷം പിന്നിട്ടിരിക്കുന്നു. ആലുവയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായ യു സി കോളേജും അതുപോലെ തന്നെ അദ്വൈതാശ്രമവും ഒക്കെ നൂറാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈ നൂറാം വര്‍ഷത്തില്‍ മുനിസിപ്പല്‍ ചെയര്‍മാനായി വരാന്‍ കഴിഞ്ഞതില്‍ എനിക്കഭിമാനമുണ്ട്. ആലുവയിലെ പൗരജനങ്ങളോട് അതിനെന്നും ഞാന്‍ നന്ദി ഉള്ളവനായിരിക്കും.

ആലുവ പൗരാണികമായി പ്രസിദ്ധിയുള്ള ഒരു സ്ഥലമാണ്. നമ്മുടെ സ്വാതന്ത്ര്യത്തിനുമുമ്പുതന്നെ ഒരു വ്യവസായ കേന്ദ്രമെന്ന നിലയില്‍ പ്രസിദ്ധികേട്ട സ്ഥലമാണ് ആലുവ. അതിന് കാരണമായിട്ടുള്ളത് ആലുവാപ്പുഴയാണ്. പെരിയാര്‍ ആലുവയില്‍ വരുമ്പോള്‍ അത് ആലുവാപ്പുഴയായി മാറുകയാണ്. ആലുവാപ്പുഴയുടെ ശീതളിമയില്‍ കെട്ടുവള്ളങ്ങളില്‍ ദൂരെനിന്ന് മുങ്ങിക്കുളിക്കുവാനെത്തുന്നവരുടെ കാഴ്ച ഇന്നും എന്റെ മനസ്സിലുണ്ട്. അങ്ങിനെയുള്ള ആലുവ ഒരു വ്യവസായ കേന്ദ്രമായിരുന്നു. പെരിയാറിന്റെ തീരത്ത് ഉയര്‍ന്നുവന്ന നിരവധി പുകക്കുഴലുകള്‍ ഇന്നും വ്യവസായകേന്ദ്രത്തിന്റെ സാക്ഷിയായി നിലകൊള്ളുകയാണ്.

ആലുവയിലും പരിസര പ്രദേശങ്ങളിലും കൊച്ചിയുടെ ചില ഭാഗങ്ങളിലും ശുദ്ധജലമെത്തിക്കുന്നത് ആലുവയില്‍ നിന്നാണ്. ഏറ്റവും കൂടുതല്‍ ഗതാഗത സൗകര്യമുള്ള പട്ടണവും ആലുവ തന്നെയാണ്. എന്നാല്‍ ഏറ്റവും ചെറിയ നഗരവും ആലുവയാണ്. ഈ നഗരം റോഡിന്റെ കാര്യത്തിലായാലും വെള്ളത്തിന്റെ കാര്യത്തിലായാലും വൈദ്യുതിയുടെ കാര്യത്തിലായാലും മറ്റു സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്വയം പര്യാപ്തമാണ് എന്ന് അഭിമാനത്തോടെ എനിക്ക് പറയാന്‍ സാധിക്കും. അങ്ങിനെയുള്ള ആലുവയാണ് ഇന്ന് ശതാബ്ദി ആഘോഷിക്കുന്നത്. ഈ ശതാബ്ദി വര്‍ഷത്തില്‍ സ്മരിക്കപ്പെടേണ്ടതായ ഒരുപാട് ആളുകളുണ്ട്.
ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തുകൊണ്ട് ജീവത്യാഗം ചെയ്ത ഒട്ടനവധിപേര്‍. ഞാന്‍ ആരുടെയും പേര് പറയാന്‍ ഉദ്ദേശിക്കുന്നില്ല. അവരെയൊക്കെ സ്മരിക്കാതെ ഈ ശതാബ്ദിവര്‍ഷം കടന്നുപോകാന്‍ നമുക്ക് കഴിയില്ല. ആലുവയുടെ രാഷ്ട്രീയ സാമൂഹ്യമണ്ഡലങ്ങളില്‍ പ്രശോഭിച്ചിരുന്ന അതിപ്രഗത്ഭരായ ആളുകള്‍. സാഹിത്യ രംഗത്ത് പ്രശോഭിച്ചിരുന്ന ഒട്ടനവധി പേര്‍ അങ്ങനെ വിവിധ മേഖലകളില്‍ ആലുവ നല്കിയ സംഭാവന ചെറുതല്ല. കലാകായികരംഗത്തും ആലുവ മറ്റേതൊരു പട്ടണത്തേക്കാളും മുന്നിട്ടു നില്ക്കുന്നു.
കേരളത്തിലെ സന്തോഷ് ട്രോഫി മത്സത്തില്‍ ആലുവക്കാരായ ആറു ഫുട്ബോള്‍ താരങ്ങള്‍ ഒന്നിച്ചിറങ്ങിയ അഭിമാനകരമായ ചരിത്രം ആലുവയ്ക്കുണ്ട്. ആലുവ നഗരസഭ അതിനുള്ള പ്രോത്സാഹനം നല്കി വരുന്നുണ്ട്. ആലുവ നഗരസഭയുടെ ഒരു ഫുട്ബോള്‍ സ്റ്റേഡിയം അതില്‍ നാട്ടിലെ കുട്ടികള്‍ക്ക് പരിശീലിക്കുന്നതിനും പ്രാവീണ്യം നേടുന്നതിനും നഗരസഭ സാമ്പത്തികമായും അങ്ങിനെയുള്ളവരെ സഹായിക്കുന്നുണ്ട്. അങ്ങനെ ആലുവ കഴിഞ്ഞ 2021 ഡിസംബര്‍ മാസത്തില്‍ അന്നത്തെ തദ്ദേശസ്വയംഭരണ മന്ത്രിയായ എം വി ഗോവിന്ദന്‍ മാസ്റ്ററാല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട് തുടങ്ങിയ ആഘോഷപരിപാടികല്‍ 2022 ഡിസംബര്‍ 12-ാം തിയ്യതി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ചടങ്ങോടുകൂടി സമാപിക്കുകയാണ്.
ഇതിനിടയില്‍ ആലുവപ്പുഴയിലൂടെ ധാരാളം വെള്ളം ഒഴുകിപ്പോയി എന്നു പറയുന്നതുപോലെ ഒട്ടനവധി പരിപാടികള്‍ കലാസാഹിത്യ സാംസ്‌ക്കാരിക സമ്മേളനങ്ങള്‍ കായിക മത്സരങ്ങള്‍ കൂട്ടയോട്ടം ഇങ്ങനെ പറഞ്ഞാലൊടുങ്ങാത്ത കാര്യങ്ങള്‍. അതിലേറ്റവും വിശേഷപ്പെട്ടതായി എനിക്ക് എടുത്തുപറയാനുള്ളത് ആലുവയിലെ തീരെ സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് വീടില്ലാത്തവര്‍ക്ക് ഭവനം നിര്‍മ്മിച്ചു കൊടുക്കുന്ന പദ്ധതി ‘ശതാബ്ദി ഭവനം’ എന്നാണ് അതിന് നാമകരണം ചെയ്തിരിക്കുന്നത്. അങ്ങിനെയൊരു പദ്ധതിക്കും ഈ ശതാബ്ദി വര്‍ഷത്തില്‍ നമുക്ക് നടപ്പിലാക്കാന്‍ കഴിഞ്ഞു എന്നത് എടുത്തുപറയേണ്ടതാണ്.
അങ്ങനെ എല്ലാംകൊണ്ടും വളരെ കമനീയമായി ആഘോഷിച്ചുകൊണ്ടുതന്നെയാണ് സമാപനത്തിലേക്ക് നീങ്ങുന്നത്. അതിന് ആലുവയിലെ പൗരാവലിയുടെ സഹകരണവും നമുക്ക് ഈ കാര്യത്തില്‍ ലഭിച്ചിട്ടുണ്ട്. ആലുവയിലെ പ്രഗത്ഭരായ സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, മറ്റ് സന്നദ്ധ സംഘടനകള്‍ ഇവരുടെയൊക്കെ സഹകരണം നമുക്ക് ലഭിച്ചു. നടന്നുവന്ന ഈ മഹാസംരംഭം അവസാനിക്കാന്‍ പോകുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ശതാബ്ദി സമാപന സമ്മേളനത്തില്‍ പങ്കെടുക്കുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനത്തില്‍ എല്ലാ പൗരജനങ്ങളും പങ്കെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. നഗരസഭയുടെ പ്രവര്‍ത്തനത്തില്‍ തുടര്‍ന്നും നിങ്ങളുടെ നിര്‍ലോഭമായ സഹകരണം അഭ്യര്‍ഥിക്കുകയാണ്.


