സി എ എ വിരുദ്ധ സമരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസില്‍ വിചാരണ 20 മുതല്‍

Web Desk
2 Min Read

കോഴിക്കോട്: പൗരത്വനിയമ ഭേദഗതിക്കെതിരായ സമരത്തില്‍ പങ്കെടുത്ത കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എം എല്‍ എ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസില്‍ ഈ മാസം 20ന് വിചാരണ ആരംഭിക്കും

city exchange

സി എ എ, എന്‍ ആര്‍ സി വിരുദ്ധ സമരത്തിനെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന മന്ത്രിസഭാ തീരുമാനം നിലനില്‍ക്കുമ്പോഴാണ് കേസില്‍ തുടര്‍നടപടി നടക്കുന്നത്. ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍, കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പി എം നിയാസ്, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് ആര്‍ ഷഹിന്‍, കെ എസ് യു ജില്ലാ പ്രസിഡന്റ് വി ടി നിഹാല്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതികളായ കേസിലാണ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. 20 മുതല്‍ ജനുവരി അഞ്ചുവരെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫാത്തിമാബീവി മുമ്പാകെയാണ് കേസിന്റെ വിചാരണ നടക്കുക.

കോണ്‍ഗ്രസ് നേതാക്കള്‍ക്കുവേണ്ടി അഡ്വ. പി രാജേഷ്‌കുമാര്‍ ഹാജരായി. 2019 ഡിസംബര്‍ 21ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന ഭാരത് ബച്ചാവോ പ്രതിഷേധ സംഗമത്തെ തുടര്‍ന്നാണ് ടൗണ്‍ പൊലിസ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുത്തിരുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അഞ്ചുദിവസം റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു.

- Advertisement -
Ad image

അതിനിടെ സി എ എ, എന്‍ ആര്‍ സി വിരുദ്ധ സമരത്തിനെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന മന്ത്രിസഭാ തീരുമാനവും മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും പാഴ്വാക്കായെന്ന് കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ് എം എല്‍ എ പറഞ്ഞു.

സി എ എ, ശബരിമല സമരക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന് 2021 ഫെബ്രുവരി 24ന് മന്ത്രിസഭ തീരുമാനം എടുത്തിട്ടും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരക്കാര്‍ക്കെതിരെ കേസുമായി പൊലീസ് മുന്നോട്ടുപോവുകയാണ്. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ സമരത്തില്‍ പങ്കെടുത്ത താനുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച നടപടി ഇതിന് ഒടുവിലത്തെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!