Connect with us

Openion

മടങ്ങിയെത്തുന്ന യാത്രാവഴികളില്‍ ഈ രാജ്യം പച്ചപ്പൊരുക്കിവെച്ചിട്ടുണ്ട്

Published

on


ചുട്ടുപഴുത്ത മരുഭൂമിയിലും കവിതയുടെ കുളിര്‍മഴ പെയ്യിച്ചാണ് ഖത്തര്‍ സ്ഥാപകന്‍ ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ താനി തന്റെ യാത്രാ മാര്‍ഗ്ഗങ്ങളെ അടയാളപ്പെടുത്തിവെച്ചത്. മനസ്സില്‍ കവിതയും മണ്ണില്‍ ഹരിതാഭയും തീര്‍ത്ത് പരിസ്ഥിതിയുടെ എത്ര തീര്‍ത്താലും അവസാനിക്കാത്ത ബന്ധങ്ങളാണ് അദ്ദേഹം രേഖപ്പെടുത്തിയത്.

ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ താനിയുടെ കവിതയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ വര്‍ഷത്തെ ഖത്തര്‍ ദേശീയ ദിനത്തിന്റെ മുദ്രാവാക്യം കണ്ടെത്തിയത്. പൂര്‍വികര്‍ കൈമാറിയ സൗഭാഗ്യങ്ങളുടെ സംരക്ഷണം നമ്മുടെ കര്‍ത്തവ്യം എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. ഖത്തരികളും പരിസ്ഥിതിയും തമ്മില്‍ എക്കാലവും നിലനിന്നിരുന്ന ശക്തമായ ബന്ധം സൂചിപ്പിക്കുന്നതാണ് ഈ വരികള്‍.

ഒരു ഭാഷയില്‍ നിന്ന് മറ്റൊരു ഭാഷയിലേക്ക് നടത്തുന്ന മൊഴിമാറ്റത്തില്‍ പലപ്പോഴും ഉദ്ദേശിക്കുന്ന അര്‍ഥം ആഴത്തില്‍ ലഭ്യമാകണമെന്നില്ല. ഓരോ പ്രദേശത്തിന്റേയും സംസ്‌ക്കാരവും ജീവിത സാഹചര്യങ്ങളുമായി ചേര്‍ന്നാണ് പ്രയോഗങ്ങളുണ്ടാവുന്നത്. അതുകൊണ്ടുതന്നെ എല്ലാ ഭാഷകളിലേക്കും അത് അതേ അര്‍ഥത്തില്‍ വ്യക്തമാകണമെന്നില്ല.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ലോകം അതിശക്തമായ ചിന്തകള്‍ നടത്തുകയും എത്രയോ ദൂരെയെന്ന് കരുതിയിരുന്ന പാരിസ്ഥിതിക നാശങ്ങള്‍ കൈയ്യെത്തും ദൂരത്ത് എത്തിനില്‍ക്കുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ അന്തംവിട്ട് നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഒരു നൂറ്റാണ്ടു മുമ്പ് പരിസ്ഥിതിയെ ചേര്‍ത്തുവെച്ച കവിത ഖത്തര്‍ പ്രമേയമായി കൊണ്ടുവരുന്നത്.
അര്‍ഥസമ്പുഷ്ടവും ആശയഗഹനവുമായ പ്രയോഗങ്ങളിലൂടെ പ്രകൃതിയെ ചേര്‍ത്തു നിര്‍ത്തുന്നുണ്ട് ദേശീയദിന പ്രമേയം. പ്രളയം, വരള്‍ച്ച, വെള്ളപ്പൊക്കം, കടുത്ത മഴ, കനത്ത ചൂട്, താങ്ങാനാവാത്ത തണുപ്പ് തുടങ്ങി വ്യത്യസ്ത കാലാവസ്ഥകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണുന്നത്. അതാകട്ടെ അതിനുമുമ്പൊന്നും ഉണ്ടായിട്ടില്ലാത്ത വിധത്തിലും.

നൂറിലേറെ രാജ്യങ്ങളിലെ ലക്ഷക്കണക്കിന് മനുഷ്യര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അവര്‍ വരുന്ന പ്രദേശത്തിനും രാജ്യത്തിനുമെല്ലാം വലിയ അനുഗ്രഹത്തിന്റെ മഴയും മഞ്ഞും മരവും പെയ്യിക്കുന്ന രാജ്യമാണ് ഖത്തര്‍. ഭൂഗോളത്തില്‍ അടയാളപ്പെടുത്താനാവാത്തത്രയും ചെറുതാണെങ്കിലും, തങ്ങളേക്കാള്‍ ആയിരക്കണക്കിന് മടങ്ങ് വലിപ്പമുള്ള രാജ്യങ്ങള്‍ക്കു പോലും സഹായഹസ്തം നീട്ടുന്നതാണ് ഖത്തറിന്റെ വലുപ്പം. മഴത്തുള്ളി പോലൊരു രാജ്യത്തു നിന്നാണ് അനുഗ്രഹത്തിന്റെ മഴ പെയ്തിറങ്ങുന്നത്.

ഇനിയും ദീര്‍ഘകാലം ലോകത്തിനു മുമ്പില്‍ നടക്കാന്‍, ലോകത്തെ ചേര്‍ത്തു നടത്താന്‍ ഖത്തറിന് സാധിക്കട്ടെയെന്ന പ്രാര്‍ഥിക്കുന്നു. അടുത്ത വര്‍ഷം നടക്കുന്ന ഫിഫ ഫുട്ബാള്‍ ലോകകപ്പിനായി അവസാനവട്ട ഒരുക്കങ്ങള്‍ നടത്തുന്ന ഖത്തറിനും ഈ രാജ്യത്തെ നയിക്കുന്ന മഹാന്മാരായ ഭരണാധികാരികള്‍ക്കും സര്‍വ്വേശ്വരന്‍ അനുഗ്രഹത്തിന്റെ ഗോള്‍ വര്‍ഷങ്ങളും സമ്മാനിക്കട്ടെയെന്ന് ആശംസിക്കുന്നു.

മുജീബുര്‍റഹ്മാന്‍ കരിയാടന്‍
എഡിറ്റര്‍


error: Content is protected !!