
ദോഹ: യമനില്‍ സമാധാനവും സാമൂഹിക സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഖത്തര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതായി അറിയിച്ചു. ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ സംഘര്‍ഷം രൂക്ഷമാകുന്നത് ഒഴിവാക്കുന്നതിനും നിലനില്‍ക്കുന്ന എല്ലാ പ്രശ്‌നങ്ങളും സംഭാഷണത്തിലൂടെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും പരിഹരിക്കുന്നതിനുമായി യമനിലെ എല്ലാ കക്ഷികളും അടുത്ത സഹകരണത്തോടെ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഇതിലൂടെ യമന്റെ ഐക്യവും ഭൗമ അഖണ്ഡതയും സംരക്ഷിക്കാനാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

യമനിലെ നിയമാനുസൃത സര്‍ക്കാരിനുള്ള ഖത്തറിന്റെ പൂര്‍ണ പിന്തുണയും യമന്‍ ജനത അനുഭവിക്കുന്ന ദുരിതങ്ങള്‍ അവസാനിപ്പിച്ച് സുരക്ഷ, സ്ഥിരത, വികസനം, സമാധാനം എന്നീ അവരുടെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ ചെയര്‍മാന്‍ നടത്തുന്ന അക്ഷീണ ശ്രമങ്ങളോടുള്ള പിന്തുണയും മന്ത്രാലയം വീണ്ടും സ്ഥിരീകരിച്ചു.

അതേസമയം, യമനില്‍ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുകയും സംഘര്‍ഷ ലഘൂകരണത്തിന്റെ പാത മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യുന്നതിന് സൗദി അറേബ്യയും യു എ ഇയും നേതൃത്വം നല്‍കുന്ന ശ്രമങ്ങള്‍ക്കും ഖത്തര്‍ പിന്തുണ അറിയിച്ചതായി പ്രസ്താവനയില്‍ പറഞ്ഞു.
