
ദോഹ: ഖത്തര്‍ സര്‍വകലാശാലയിലെ സ്‌പോര്‍ട്‌സ് ആന്‍ഡ് ഇവന്റ്‌സ് കോംപ്ലക്‌സില്‍ വേള്‍ഡ് റാപിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചെസ് കപ്പ് ഖത്തര്‍ 2025 മത്സരങ്ങള്‍ ഔദ്യോഗികമായി ആരംഭിച്ചു. ഡിസംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റിലാണ് ലോകത്തെ മുന്‍നിര ചെസ് താരങ്ങള്‍ മാറ്റുരയ്ക്കുന്നത്.

പുരുഷന്മാരുടെയും വനിതകളുടെയും ഓപ്പണ്‍ വിഭാഗങ്ങളില്‍ റാപിഡ്, ബ്ലിറ്റ്‌സ് ചെസ് മത്സരങ്ങളിലായി നാല് കിരീടങ്ങള്‍ക്കായാണ് പോരാട്ടം.

പുരുഷന്മാരുടെ റാപിഡ് ചെസ് വിഭാഗത്തില്‍ 251 താരങ്ങളും പുരുഷന്മാരുടെ ബ്ലിറ്റ്‌സ് ചെസ് മത്സരത്തില്‍ 254 താരങ്ങളും പങ്കെടുക്കുന്നു. വനിതാ വിഭാഗങ്ങളില്‍ 142 താരങ്ങളാണ് മത്സരിക്കുന്നത്. നിലവിലെ ലോക ചാമ്പ്യന്മാര്‍, പ്രമുഖ റാപിഡ്ബ്ലിറ്റ്‌സ് വിദഗ്ധര്‍, ലോകമെമ്പാടുമുള്ള ദേശീയ ഫെഡറേഷനുകളെ പ്രതിനിധീകരിക്കുന്ന മുന്‍നിര താരങ്ങള്‍ എന്നിവരും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്.
തുടക്കച്ചടങ്ങില്‍ പരമ്പരാഗത ഖത്തറി അര്‍ദാ നൃത്താവിഷ്‌കാരവും നാടകീയ അവതരണവും ഉള്‍പ്പെടെ വിവിധ പരിപാടികള്‍ അരങ്ങേറി. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ (ഫിഡെ)യിലെ നിരവധി ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

