
ദോഹ: ഫെബ്രുവരി 28 മുതല്‍ ജൂണ്‍ 15 വരെ യാത്രാ തിയ്യതിയുള്ള സ്ഥിരീകരിച്ച ബുക്കിംഗുകള്‍ കൈവശമുള്ള ഉപഭോക്താക്കള്‍ക്ക് റീഫണ്ടിനും യാത്രാ തിയ്യതി മാറ്റത്തിനും അര്‍ഹതയുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.

ബുക്കിംഗും അനുബന്ധ സേവനങ്ങളും ഇതിനകം റീഫണ്ട് പ്രോസസിലാണെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കില്‍ പൂര്‍ണ്ണ റീഫണ്ടിനോ യാത്രാ തിയ്യതി മാറ്റത്തിനോ അര്‍ഹതയുണ്ട്. ആഡ്ഓണ്‍ സേവനങ്ങള്‍ പ്രധാന ബുക്കിംഗ് റീഫണ്ട് പൂര്‍ത്തിയായതിന് ശേഷമായിരിക്കും പ്രത്യേകം റീഫണ്ട് ചെയ്യുക.

ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളില്‍ സീറ്റുകളുടെ ലഭ്യത അനുസരിച്ച് 2026 ഒക്ടോബര്‍ 31 വരെ യാത്രാ തിയ്യതി മാറ്റാന്‍ കഴിയും.
റീഫണ്ട് ചെയ്യുന്നവരുടെ തുക പേയ്‌മെന്റ് ചെയ്ത രീതിയിലാണ് തിരികെ നല്‍കുക. ഇത് പ്രോസസ്സ് ചെയ്യാന്‍ പരമാവധി 28 പ്രവൃത്തിദിവസങ്ങള്‍ വരെ എടുത്തേക്കും.
ആവശ്യമായ സാഹചര്യങ്ങളില്‍, ഖത്തര്‍ എയര്‍വേയ്‌സ് വെബ്‌സൈറ്റിലെ ‘ട്രാക്ക് എ റീഫണ്ട്’ സൗകര്യം ഉപയോഗിച്ച് റീഫണ്ടിന്റെ നില എളുപ്പത്തില്‍ പരിശോധിക്കാവുന്നതാണ്.
ട്രാവല്‍ ഏജന്റിലൂടെയോ മൂന്നാംകക്ഷി വെബ്‌സൈറ്റുകളിലൂടെയോ വാങ്ങിയ ടിക്കറ്റുകള്‍ക്ക് റീഫണ്ട് പ്രോസസ്സ് ചെയ്യുന്നതിന് ടിക്കറ്റ് വാങ്ങിയ സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെടണമെന്നാണ് എയര്‍ലൈന്‍സ് വ്യക്തമാക്കിയത്.

