ഖത്തര്‍ ചരിത്രവും വര്‍ത്തമാനവും

Web Desk
15 Min Read

വലിപ്പത്തിലല്ല കാര്യം! ഖത്തറിന്റെ കാര്യത്തില്‍ ഇത്രയേറെ അന്വര്‍ഥമായ മറ്റൊരു ചൊല്ലില്ല. വിസ്തൃതിയിലും ജനസംഖ്യയിലും ലോകത്തെ ഏറ്റവും ചെറിയ രാഷ്ട്രങ്ങളുടെ പട്ടികയിലാണ് ഖത്തറിന്റെ സ്ഥാനം. വലിപ്പത്തില്‍ കേരളത്തിന്റെ മൂന്നിലൊന്ന് പോലുമില്ല ഖത്തര്‍. ഇരുന്നൂറു കിലോമീറ്റര്‍ നീളവും നൂറു കിലോമീറ്റര്‍ വീതിയുമുള്ള ഖത്തറിന്റെ ദ്വീപുകള്‍ അടക്കമുള്ള ആകെ വിസ്തീര്‍ണ്ണം വെറും 11850 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്. എന്നാല്‍ ആഭ്യന്തര ഉത്പാദനത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും വികസനത്തിലും രാജ്യപുരോഗതിയിലും ഈ കൊച്ചുരാജ്യം ഇന്ന് ലോകശ്രദ്ധ ആകര്‍ഷിക്കുന്നു. പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന രാജ്യമാണ് ഖത്തര്‍. എണ്ണ- പ്രകൃതിവാതക കയറ്റുമതിയിലുണ്ടായ വന്‍ കുതിച്ചു ചാട്ടത്തോടൊപ്പം 2006ലെ ദോഹ ഏഷ്യന്‍ ഗെയിംസിന്റെ വിജയകരമായ നടത്തിപ്പും വിവിധ അന്താരാഷ്ട്ര വിഷയങ്ങളില്‍ ഖത്തര്‍ സ്വീകരിച്ചുവരുന്ന വേറിട്ട നിലപാടുകളും നിര്‍ഭയ മാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രതീകമായി വിലയിരുത്തപ്പെടുന്ന അല്‍ ജസീറ ചാനലും സാമ്രാജ്യത്വ ശക്തികളുടെ സ്ഥിരം വിമര്‍ശകനായ ശൈഖ് യൂസുഫുല്‍ ഖര്‍ദാവിക്ക് ലഭിക്കുന്ന പ്രാധാന്യവുമൊക്കെ ഖത്തറിനെ ലോകത്തിനു മുമ്പില്‍ വേര്‍തിരിച്ചു നിര്‍ത്തുന്നു.

city exchange

ശിലായുഗ- ആധുനിക ശിലായുഗ കാലഘട്ടം മുതല്‍ തന്നെ വിവിധ സംസ്‌ക്കാരങ്ങളും സമൂഹങ്ങളും ഖത്തറില്‍ നിലനിന്നിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രാതീത കാലം മുതല്‍ തന്നെ ഖത്തറില്‍ മനുഷ്യസാന്നിധ്യം ഉണ്ടായിരുന്നതായി അടുത്തിടെ ഖത്തറിന്റെ പടിഞ്ഞാറന്‍ ദ്വീപുകളില്‍ നിന്നും പുരാവസ്തു ഗവേഷകര്‍ക്ക് ലഭിച്ച തെളിവുകളിലൂടെ സമര്‍ഥിക്കപ്പെടുകയുണ്ടായി. ബി സി അയ്യായിരത്തിനും ബി സി നാലായിരത്തിനുമിടയില്‍ ഇറാഖിലെ പ്രശസ്തമായ ടൈഗ്രീസ്, യൂഫ്രട്ടീസ് നദീതടങ്ങളെ സമ്പന്നമാക്കിയ അല്‍ ഉബൈദി സംസ്‌ക്കാരവുമായി ഖത്തറിനുണ്ടായിരുന്ന അഭേദ്യമായ ബന്ധം സ്ഥാപിക്കപ്പെടുന്ന ധാരാളം നീക്കിയിരിപ്പുകള്‍ അല്‍ഖോര്‍, ബിര്‍ സിക്രിത്ത്, റാസ് അബറൂക് തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ പുരാവസ്തു ഉത്ഖനനങ്ങളില്‍ ലഭിച്ചിട്ടുണ്ട്. ബി സി മൂവായിരത്തിനും ബി സി രണ്ടായിരത്തിനുമിടയിലെ ലോഹയുഗ കാലഘട്ടത്തില്‍ മെസപ്പൊട്ടോമിയയും ഇന്ത്യയും തമ്മിലുള്ള വ്യാപാരത്തിനുള്ള ചാനലായി ഖത്തര്‍ വര്‍ത്തിക്കുകയും പ്രസ്തുത കാലയളവ് ഖത്തറിനെ പേര്‍ഷ്യയിലെ ഏറ്റവും സമ്പന്ന പ്രദേശങ്ങളിലൊന്നാക്കി തീര്‍ക്കുകയും ചെയ്തു. അല്‍ഖോറിലെ ഖനനങ്ങളില്‍ ലഭിച്ച ബാബിലോണിയയിലെ കാസ്സൈറ്റ് ഗോത്രനിര്‍മിതിയിലുള്ള സെറാമിക്കുകള്‍ ബി സി രണ്ടായിരത്തിന്റെ മധ്യത്തിലെ കാസ്സൈറ്റ് ഭരണകാലത്ത് ബാബിലോണിയയും ഖത്തറും തമ്മില്‍ വ്യാപാരം നിലനിന്നിരുന്നതായി കാണിക്കുന്നു. ബി സി നൂറ്റിനാല്‍പ്പതുകളില്‍ ഇന്ത്യയും യൂറോപ്പിലെ ഗ്രീക്ക്- റോമന്‍ നാടുകളും തമ്മില്‍ ഗള്‍ഫ് വഴി നടന്നിരുന്ന ചരക്കു കൈമാറ്റത്തിനും ഖത്തര്‍ മാര്‍ഗ്ഗമായിട്ടുണ്ട്. റാസ് അബറൂക്കില്‍ നിന്നും ലഭിച്ച വലിയ അളവിലുള്ള മത്സ്യത്തിന്റെ മുള്ളും മറ്റ് ഗ്രീക്ക്- റോമന്‍ ശിലാഫലകങ്ങളും പ്രസ്തുത സ്ഥലത്ത് നടത്തിയ ഉല്‍ഖനനത്തില്‍ കണ്ടെത്തിയ കടലിലേക്ക് തുറക്കുന്ന വിവിധ അറകളോടു കൂടിയ നിര്‍മിതികളും ഇവര്‍ യാത്രാ വേളകളില്‍ താത്ക്കാലിക മത്സ്യബന്ധന കേന്ദ്രമായി ഈ സ്ഥലത്തെ ഉപയോഗിച്ചിരുന്നതായി തെളിയിക്കുന്നു. ഉണക്കമത്സ്യവും മുത്തുകളും അക്കാലത്ത് ധാരാളമായി ഖത്തറില്‍ നിന്നും യൂറോപ്പിലേക്ക് കയറ്റിയയക്കപ്പെട്ടിരുന്നു. എ ഡി മൂന്നാം നൂറ്റാണ്ടിലെ പേര്‍ഷ്യയിലെ സെസെനിദ് രാജവാഴ്ചക്കാലത്ത് കിഴക്കും പടിഞ്ഞാറിനുമിടയിലെ ചരക്കു കൈമാറ്റത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍.

ക്രിസ്താബ്ദം 628ല്‍ പ്രവാചകന്‍ മുഹമ്മദ് അല്‍ അല അല്‍ ഹദറാമി എന്ന തന്റെ ദൂതനെ ഖത്തര്‍, കുവൈത്ത്, ബഹറൈന്‍ എന്നീ സ്ഥലങ്ങളുടെ അന്നത്തെ ഭരണാധികാരിയായിരുന്ന ബഹറൈനിലെ അല്‍ മുന്‍ദിര്‍ ഇബ്‌നു സവ അല്‍ തമീമി എന്ന രാജാവിന്റെ അടുത്തേക്ക് ഇസ്‌ലാമിന്റെ സന്ദേശവുമായി അയക്കുകയും നബിയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹം ഉടനെത്തന്നെ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തതു മുതല്‍ ബഹറൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളോടൊപ്പം ഖത്തറിലും ഇസ്‌ലാമിക കാലഘട്ടത്തിന് തുടക്കം കുറിച്ചു. ഇബ്‌നു സവ അല്‍ തമീമി രാജാവിനോടൊപ്പം തന്നെ ഇന്നാട്ടിലെ മുഴുവന്‍ അറബ് വംശജരും ഇവിടെ ജീവിച്ചിരുന്ന ചില പേര്‍ഷ്യന്‍ ജനവിഭാഗങ്ങളും ഇസ്‌ലാമിലേക്കുള്ള തങ്ങളുടെ മാറ്റം പ്രഖ്യാപിച്ചു.

- Advertisement -
Ad image

ഇസ്‌ലാമിന്റെ ആദ്യ കാലഘട്ടങ്ങളില്‍ അറബികള്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളുടെ നിര്‍മാണത്തില്‍ ഖത്തര്‍ ഏറെ പ്രശസ്തമായിരുന്നു. നബിയും ഭാര്യ ഹസ്രത്ത് ആയിഷയും ഖത്തറില്‍ നിര്‍മിച്ച വസ്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നതാിയ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രോമങ്ങള്‍ തുന്നിച്ചേര്‍ത്ത ഒരു ഖത്തരി മേല്‍വസ്ത്രം ഖലീഫ ഉമറും ഉപയോഗിച്ചിരുന്നുവത്രെ.
ദമാസ്‌ക്കസിലെയും ബഗ്ദാദിലേയും ഉമയ്യദ്, അബ്ബാസിദ് ഭരണകാലഘട്ടങ്ങളിലും ഖത്തറിന്റെ വ്യാപാര- വാണിജ്യ രംഗങ്ങളില്‍ കൂടുതല്‍ ഉണര്‍വുണ്ടായി. അക്കാലത്ത് ഖത്തറിന്റെ മുത്തുകള്‍ക്ക് വന്‍ ഡിമാന്റുണ്ടാവുകയും ഇത് ഖത്തറിനെ കൂടുതല്‍ ധനാഢ്യമാക്കുകയും ചെയ്തു. ഇക്കാലത്താണ് മുര്‍വാബ്, സുബാറ, ഉം അല്‍ മ മുതലായ ഖത്തറിന്റെ വടക്കന്‍ ഏരിയകളിലേക്ക് ജനങ്ങള്‍ കുടിയേറ്റം ആരംഭിക്കുന്നത്.

പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മറ്റ് അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ഖത്തറും പോര്‍ച്ചുഗീസും ഭരണത്തില്‍ കീഴിലായി. അറേബ്യന്‍ ഗള്‍ഫിലെ മര്‍മ്മപ്രധാനമായ ഹോര്‍മുസില്‍ പിടിമുറുക്കിക്കൊണ്ട് 1515ല്‍ പോര്‍ച്ചുഗീസ് ഖത്തര്‍ കീഴടക്കി. 1652ല്‍ മസ്‌ക്കത്തിലെ ഇമാം പോര്‍ച്ചുഗീസുകാരെ ഗള്‍ഫില്‍ നിന്നും കെട്ടുകെട്ടിക്കുന്നതു വരെ അവരുടെ ഭരണം ഖത്തറിലും തുടര്‍ന്നു.

പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ കിഴക്കന്‍ അറേബ്യയാകെ വ്യാപിച്ചിരുന്ന ബനി ഖാലിദ് ഭരണം അക്കാലത്തെ ഗള്‍ഫിലെ ഏറ്റവും പ്രശസ്തമായ തുറമുഖങ്ങളിലൊന്നായിരുന്ന സുബാറ കേന്ദ്രീകരിച്ച് ഖത്തറിലും നടന്നു. ഇന്ത്യയിലെ സൂറത്തില്‍ നിന്നും അക്കാലത്ത് ധാരാളം ചരക്കുകള്‍ സുബാറയില്‍ എത്തിച്ചേര്‍ന്നിരുന്നു.

1635ല്‍ ഇന്നത്തെ ഇറാഖിലെ ബസ്‌റയില്‍ അറേബ്യയുമായുള്ള വ്യാപാര ആവശ്യത്തിനായി ഈസ്റ്റ് ഇന്ത്യാ കമ്പനി ആരംഭിച്ചതു മുതല്‍ ഗള്‍ഫും ഗ്രേറ്റ് ബ്രിട്ടനും തമ്മിലുള്ള പരസ്പര ബന്ധവും ആരംഭിക്കുകയായി. കച്ചവട താല്‍പര്യങ്ങള്‍ പതിയെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് വഴിമാറുകയും മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ഖത്തറും ബ്രിട്ടന്റെ കോളനിയാവുകയും ചെയ്തു. ഇന്ത്യയുമായുള്ള തങ്ങളുടെ സുരക്ഷിതമായ ചരക്കു കൈമാറ്റത്തിന് പേര്‍ഷ്യന്‍ കടലുകളുടെ ആധിപത്യം കൈവശപ്പെടുത്തേണ്ടത് ബ്രിട്ടന്റെ ആവശ്യവുമായിരുന്നു. ഗള്‍ഫ് നാടുകളില്‍ ബ്രിട്ടീഷ് സ്വാധീനം വര്‍ധിച്ചു വരുന്ന പ്രസ്തുത കാലയളവില്‍ ബഹറൈനിലെ ഖലീഫ കുടുംബത്തിന്റെ ഭരണവലയത്തിലായിരുന്നു ഖത്തറും. പക്ഷേ, ഖത്തറിലെ ജനങ്ങളില്‍ ഇതിനെതിരായ വികാരം വലിയ തോതില്‍ ഉണ്ടാവുകയും ഇതു മനസ്സിലാക്കിയ ഖലീഫ റിബലുകളെ നേരിടാനായി പട്ടാള ട്രൂപ്പിനെ വക്‌റയിലേക്ക് അയക്കുകയും റിബലുകളെ ഒതുക്കുകയും ചെയ്തു. എന്നാല്‍ പ്രസ്തുത അധിനിവേശം 1820ലെ ബ്രിട്ടീഷ് ബഹറൈന്‍ ഉടമ്പടിക്ക് വിരുദ്ധമായതിനാല്‍ ബ്രിട്ടന്‍ പ്രശ്‌നത്തില്‍ ഇടപെടുകയും പ്രശ്‌നം പറഞ്ഞുതീര്‍ക്കാനായി ഖത്തറില്‍ നിന്നും ഒരു മധ്യസ്ഥനെ ബഹറൈനിലേക്ക് വിളിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതുപ്രകാരം അക്കാലത്ത് ഖത്തറില്‍ വലിയ പ്രാധാന്യമൊന്നുമില്ലാതിരുന്ന അല്‍താനി കുടുംബാംഗവും എന്നാല്‍ ജനങ്ങള്‍ ഏറെ ആദരിക്കുന്ന വ്യാപാര പ്രമുഖനും ദീര്‍ഘനാളത്തെ ഖത്തര്‍ നിവാസിയുമായിരുന്ന മുഹമ്മദ് ബിന്‍ താനിയെ ബഹറൈനിലേക്കയച്ചു. പ്രസ്തുത ചര്‍ച്ചയുടെ ഫലമായി ഖത്തര്‍ ബഹറൈനില്‍ നിന്നും സ്വതന്ത്രമാവുകയും അല്‍താനിയെ ബഹറൈനിലേക്കയച്ചു. പ്രസ്തുത ചര്‍ച്ചയുടെ ഫലമായി ഖത്തര്‍ ബഹറൈനില്‍ നിന്നും സ്വതന്ത്രമാവുകയും അല്‍താനി കുടുംബത്തിന് ഖത്തറില്‍ കൂടുതല്‍ സ്വീകാര്യതയും ബഹുമാനവും ലഭിക്കുകയും ചെയ്തു. നജ്ദില്‍ നിന്നും വന്ന ബനീ തമീം വിഭാഗത്തിലെ അല്‍ മഅ്ദിദ് ഗോത്രത്തില്‍പ്പെട്ട അല്‍ താനി കുടുംബം ആദ്യം ഖത്തറിന്റെ തെക്കന്‍ ഭാഗങ്ങളില്‍ താമസിക്കുകയും പിന്നീട് 18-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ വടക്കോട്ട് സുബാറ, റുവൈസ്, ഫുവൈറാത്ത് മുതലായ ഭാഗങ്ങളിലേക്ക് താമസം മാറ്റുകയുമാണുണ്ടായത്.

രണ്ടാം ലോകമഹായുദ്ധത്തോടെ ബ്രിട്ടനില്‍ മുഴുരാജവാഴ്ച അവസാനിക്കുകയും 1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടുകയും ചെയ്തതോടെ 1950കളില്‍ അറബ് രാജ്യങ്ങളില്‍ നിന്നും ബ്രിട്ടന്‍ പിന്‍മാറണമെന്ന മുറവിളി ശക്തമാവുകയും ചെയ്തു. 1961ല്‍ കുവൈത്ത് സ്വാതന്ത്ര്യം പ്രഖ്യാപിച്ച നടപടി ബ്രിട്ടണ്‍ സ്വാഗതം ചെയ്തു. 1968ല്‍ അടുത്ത മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നും തങ്ങള്‍ രാഷ്ട്രീയമായി പൂര്‍ണാര്‍ഥത്തില്‍ പിന്‍വാങ്ങുമെന്ന ബ്രിട്ടന്റെ പ്രഖ്യാപനം വന്നപ്പോള്‍ ഖത്തറും ബഹറൈനും ഉള്‍പ്പെടെ ഇന്നത്തെ യു എ ഇയിലെ അഞ്ച് പ്രമുഖ എമിറേറ്റുകള്‍ ഉള്‍പ്പെടെ ഏഴ് പ്രധാനപ്പെട്ട രാജ്യങ്ങള്‍ ചേര്‍ന്ന് ഒരു ഫെഡറേഷന് രൂപം നല്കിയെങ്കിലും പരസ്പരമുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം ഖത്തറും ബഹറൈനും സ്വതന്ത്രമായി പിരിഞ്ഞു പോന്നു. ബാക്കിയുള്ള എമിറേറ്റുകളോടൊപ്പം മറ്റു ചില എമിറേറ്റുകള്‍ കൂടിച്ചേര്‍ന്ന് ഇന്നത്തെ യു എ ഇ രൂപംകൊണ്ടു. 1971 സെപ്തംബര്‍ 3ന് അന്നത്തെ ഖത്തര്‍ ഭരണാധികാരിയായിരുന്ന ശൈഖ് അഹമ്മദ് ബിന്‍ അലി ബിന്‍ അബ്ദുല്ല അല്‍താനിക്ക് പൂര്‍ണാര്‍ഥത്തില്‍ ബ്രിട്ടന് ഖത്തറിന്റെ അധികാരം കൈമാറി, ഖത്തര്‍ സ്വതന്ത്ര രാഷ്ട്രമായി.

സ്വാതന്ത്ര്യാനന്തര കാല്‍നൂറ്റാണ്ട് മറ്റു ഗള്‍ഫ് രാജ്യങ്ങളെ പോലെ ഖത്തറിന്റേയും ദ്രുതഗതിയിലുള്ള വളര്‍ച്ചയുടേതായിരുന്നു. എണ്ണ കയറ്റുമതിയിലൂടെ ലഭിച്ച വന്‍ സമ്പത്ത് അടിസ്ഥാന സൗകര്യവികസനത്തിനും രാജ്യത്തിന്റെ മൊത്തം പുരോഗതിക്കുമായി ഉപയോഗപ്പെടുത്തപ്പെട്ടപ്പോള്‍ തൊഴില്‍ സാധ്യതകളും വര്‍ധഇച്ചു. അതുവഴി സ്വാതന്ത്ര്യത്തിന്റെ ആദ്യദശകത്തില്‍ തന്നെ തൊഴില്‍ തേടി ധാരാളം ഇന്ത്യക്കാര്‍ മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ഖത്തറിലുമെത്തി. ഇതില്‍ ഏറെയും മലയാളികള്‍ തന്നെയായിരുന്നു. പുരാതനകാലം മുതല്‍ തന്നെ ഖത്തറും ഇന്ത്യയും തമ്മില്‍ നിലനിന്നിരുന്ന ഊഷ്മളമായ വാണിജ്യ- വ്യാപാര ബന്ധം കൂടുതല്‍ ഇന്ത്യക്കാരെ ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നതിന് സഹായകരമായി വര്‍ത്തിച്ചു. അക്കാലത്ത് ഒട്ടേറെ ഖത്തറികള്‍ കോഴിക്കോട്, ഹൈദരബാദ് തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളില്‍ ചെന്ന് ഇന്ത്യന്‍ യുവതികളെ കല്ല്യാണം ചെയ്ത് ഖത്തറിലേക്ക് കൊണ്ടുവരിക പതിവായിരുന്നു. ചിലപ്പോഴൊക്കെ വധുവിനോടൊപ്പം വധുവിന്റെ വേണ്ടപ്പെട്ടവര്‍ക്ക് വിസ നല്കുന്ന പതിവുമുണ്ടായിരുന്നു. ഇത്തരത്തിലും ആദ്യകാലങ്ങളില്‍ ഒട്ടേറെപ്പേര്‍ ഇവിടെയെത്തി. ഇന്നത്തെ ഖത്തരികളില്‍ ചെറിയൊരു വിഭാഗമാളുകളുടെ ഉമ്മമാര്‍ ഇന്ത്യക്കാരാണ്. വിവിധ മന്ത്രാലയങ്ങളുടെ തലപ്പത്തിരിക്കുന്ന ചിലരെങ്കിലും ഇത്തരത്തില്‍ ‘പാതി ഇന്ത്യന്‍ വംശജരാണ്’. ഇന്ത്യയിലെ തങ്ങളുടെ കുടുംബാംഗങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഖത്തരികള്‍ ഇന്നുമുണ്ട്.

ഖത്തര്‍ മതകാര്യ വകുപ്പിന്റെ തലവനായിരുന്ന ശൈഖ് അബ്ദുല്ല ഇബ്രാഹിം അന്‍സാരിയുടെ സഹായത്താല്‍ കേരളത്തില്‍ സ്ഥാപിതമായ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിലും പരിസരങ്ങളില്‍ നിന്നുമായി കുറേപ്പേര്‍ ഖത്തറില്‍ എത്തിപ്പെടുകയും അവര്‍ വഴി പിന്നീട് ധാരാളം പേര്‍ ഇവിടെയെത്തുകയും ചെയ്തു.

സ്വാതന്ത്ര്യാനന്തര ഖത്തറിന്റെ ആദ്യകാലങ്ങളില്‍ വിവിധ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും ഭരണതലത്തിലും കൂടുതല്‍ സ്വാധീനം ഫലസ്തീന്‍ വംശജര്‍ക്കായിരുന്നു. ചിലപ്പോഴൊക്കെ അവരുടെ സ്വാധീനം ഖത്തരികളേക്കാള്‍ മുകളിലുമായിരുന്നു. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളും ഒരേസമയം അറയിും ഇംഗ്ലീഷും കൈകാര്യം ചെയ്യാനുള്ള കഴിവും ശാരീരിക പ്രകൃതിയുമൊക്കെ ഇതിനവരെ സഹായിച്ചു. എന്നാല്‍ ഖത്തരികള്‍ വിദ്യാഭ്യാസം നേടിത്തുടങ്ങുകയും ഉന്നത പദവികള്‍ അലങ്കരിക്കാന്‍ പ്രാപ്തരായി വരികയും ചെയ്തതോടെ ഇതിന് കാര്യമായ മാറ്റം വന്നു. ഇതിനു പുറമേ അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതിക, മാനേജ്‌മെന്റ് വിദഗ്ധരെ കൊണ്ടുവരികയും ആദ്യകാലങ്ങളില്‍ ഹമദ് ഹോസ്പിറ്റല്‍, ഖത്തര്‍ പെട്രോളിയം അടക്കമുള്ള വിവിധ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ വ്യവസ്ഥാപിതമായി സ്ഥാപിക്കുന്നതിന് അവരുടെ സഹായം ഉപയോഗപ്പെടുത്തുകയും ചെയ്തു.

ഇന്ന് മറ്റേതൊരു ഗള്‍ഫ് രാജ്യത്തില്‍ നിന്നും വ്യത്യസ്തമായി മിക്ക സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും ചെറിയ ജോലികള്‍ മുതല്‍ വലിയ തസ്തികകളില്‍ വരെ ധാരാളം ഇന്ത്യക്കാരെ വിശിഷ്യാ മലയാളികളെ കാണാന്‍ കഴിയുന്നുവെന്നത് ഖത്തറിന്റെ മാത്രം പ്രത്യേകതയാണ്. നമ്മുടെ നാട്ടില്‍ നിന്നും ഖത്തറില്‍ ജോലി ചെയ്യുന്ന വലിയൊരു വിഭാഗമാളുകള്‍ ഇവിടുത്തെ സര്‍ക്കാര്‍ ജീവനക്കാരാണ്. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി മിക്ക തൊഴില്‍ മേഖലകളിലും താരതമ്യേന ഉയര്‍ന്ന വേതനവും ആനുകൂല്യങ്ങളും ഖത്തറില്‍ ലഭിക്കുന്നു. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ധാരാളമായി ഖത്തറിലെത്തുന്ന പ്രവണതയും ഈയിടെയായി കണ്ടുവരുന്നു.

മറ്റു ഗള്‍ഫ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിദേശികള്‍ക്ക് കുടുംബസമേതം ജീവിക്കുന്നതിന് ഏറ്റവും അനുയോജ്യമായ രാജ്യമായാണ് ഖത്തര്‍ കണക്കാക്കപ്പെട്ടിരുന്നത്. ദുബൈയിലെ അമിത സ്വാതന്ത്ര്യത്തിനും സൗദിയിലെ അമിത നിയന്ത്രണങ്ങള്‍ക്കുമിടയിലെ മധ്യമ നിലപാടുകളും സുരക്ഷിതത്വബോധവും കുറഞ്ഞ ജീവിതച്ചെലവും ഖത്തരികളുടെ മാന്യമായ പെരുമാറ്റ രീതികളും ഖത്തര്‍ എന്നും സൂക്ഷിച്ചു പോരുന്ന ചില മാനുഷിക മൂല്യങ്ങളുമൊക്കെയായിരുന്നു ഇതിന്റെ കാരണങ്ങള്‍. എന്നാല്‍ ഏഷ്യന്‍ ഗെയിംസിന്റെ വരവോടെ ഖത്തറിലേക്കുണ്ടായ വിദേശികളുടെ ഒന്നിച്ചുള്ള ഒഴുക്കും നഗരാസൂത്രണത്തിന്റെ ഭാഗമായുള്ള പഴയ കെട്ടിടങ്ങളുടെ പൊളിച്ചു മാറ്റലും റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകളുടേയും മലയാളികളടക്കമുള്ള അനധികൃത റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരുടെ ഇടപെടലുകളുടേയും ഫലമായി കെട്ടിടങ്ങളുടെ വാടകയിലുണ്ടാക്കിയ വന്‍ വര്‍ധനവ് സാധാരണക്കാരായ പ്രവാസികള്‍ക്ക് ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. വീട്ടുവാടകയില്‍ ലോകത്തെ ഒന്നാം സ്ഥാനക്കാരായി ഖത്തര്‍ മാറി. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ അഭൂതപൂര്‍വ്വമായ കുതിപ്പും പെട്രോളിന്റെ വന്‍ വില വര്‍ധനയും പണപ്പെരുപ്പതോത് ഉയര്‍ത്തുകയും സാധനങ്ങളുടെ വിലക്കയറ്റത്തിന് ഹേതുവാകുകയും ചെയ്തു. ഇതോടെ പ്രവാസികളുടെ കുടുംബ ബജറ്റ് താളം തെറ്റിത്തുടങ്ങി. പലരും കുടുംബത്തെ നാട്ടിലേക്കയക്കേണ്ടതായും വന്നു. എന്നാല്‍ ഇതൊരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ സ്ഥിതി മെച്ചപ്പെടുമെന്നും വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ ഒരു ദശകം ഖത്തറിനെ സംബന്ധിച്ച് വളര്‍ച്ചയുടെ കുതിച്ചു ചാട്ടത്തിന്റേതായിരുന്നു. 1995ല്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി പിതാവ് ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനിയില്‍ നിന്നും അധികാരം ഏറ്റെടുത്ത ശേഷം വിസ്മയകരമായ പുരോഗതിക്കാണ് ഖത്തര്‍ സാക്ഷ്യം വഹിച്ചത്. എണ്ണയ്ക്കു പുറമേ പ്രകൃതി വാതക നിക്ഷേപത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഖത്തര്‍. പ്രതിശീര്‍ഷ ആളോഹരി വരുമാനത്തില്‍ രണ്ടാമതും. ആളോഹരി വരുമാനത്തില്‍ ഒന്നാം സ്ഥാനത്തുള്ള സ്വിറ്റ്‌സര്‍ലാന്റിനെ മറികടന്ന് അടുത്ത വര്‍ഷം തന്നെ ഖത്തര്‍ ലോകത്തെ ഏറ്റവും സമ്പന്നരാജ്യമായി മാറുമെന്ന് ആഗോള സാമ്പത്തിക വിദഗ്ധര്‍ കണക്കുകള്‍ നിരത്തി സമര്‍ഥിക്കുന്നു. ലോകവ്യാപാര സംഘടനയുടെ 2001ലെ ദോഹ സമ്മേളനത്തോടെ തന്നെ ഖത്തര്‍ ലോക വാണിജ്യ- വ്യാപാര തലങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു.

വിമര്‍ശകരുടേയും ദോഷൈകദൃക്കുകളുടേയും ജല്‍പ്പനങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് 2006 ഡിസംബറില്‍ വിജയകരമായി പര്യവസാനിച്ച ദോഹ ഏഷ്യന്‍ ഗെയിംസ് ഖത്തറിന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടെ തുന്നിച്ചേര്‍ത്തു. അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്തി മുന്‍പരിചയമില്ലാത്ത ഒരു കൊച്ചുരാജ്യത്തിന് ഈ ഗെയിംസ് മാമാങ്കത്തിന് വേദിയാകാന്‍ കഴിയുമോയെന്ന സംശയം പലകോണുകളില്‍ നിന്നുമുണ്ടായി. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഗെയിംസിന് ആതിഥ്യമരുളാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും സ്‌റ്റേഡിയങ്ങളും മറ്റും നിര്‍മിക്കുകയും ചെയ്യുകയെന്നത് ശ്രമകരമായിരുന്നെങ്കിലും നിശ്ചിത സമയത്തിനുള്ളില്‍ തന്നെ അവയെല്ലാം പൂര്‍ത്തീകരിക്കാനും മറ്റേതൊരു ഏഷ്യന്‍ ഗെയിംസിനേക്കാളും വിജയകരമാക്കാനും സംഘാടകര്‍ക്കു കഴിഞ്ഞു. ഓപ്പണിംഗ്, ക്ലോസിംഗ് സെറിമണികളിലെ ലോകോത്തര നിലവാരത്തിലുള്ള കലാപരിപാടികള്‍ അതുവരെ നടന്ന മുഴുവന്‍ ഏഷ്യന്‍ ഗെയിംസുകളേക്കാളും മിഴിവുറ്റതായിരുന്നു. ഗെയിംസിന്റെ പ്രധാന സ്റ്റേഡിയത്തില്‍ സ്ഥാപിക്കാനുള്ള ദീപശിഖയുമേന്തി അമീറിന്റെ പുത്രന്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍താനി കുതിരപ്പുറത്ത് അതിസാഹസികമായി കുത്തനെയുള്ള പടവുകള്‍ താണ്ടി മുകളിലേക്കു കുതിച്ചപ്പോള്‍ സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ അമ്പതിനായിരത്തിലധികം വരുന്ന കാണികളും ശ്വാസം അടക്കിപ്പിടിച്ച് ഒരേസമയം ആകാംക്ഷയോടും അത്ഭുതത്തോടും കൂടി കരഘോഷം മുഴക്കിക്കൊണ്ടിരുന്നു. മറ്റു ഏഷ്യന്‍ ഗെയിംസുകളില്‍ നിന്നും വ്യത്യസ്തമായി സ്വദേശി, വിദേശി വ്യത്യാസമില്ലാതെ മുഴുവന്‍ പൊതുജനങ്ങളുടേയും പങ്കാളിത്തം ഗെയിംസിന്റെ വിജയകരമായ നടത്തിപ്പിനായി ഉപയോഗപ്പെടുത്തുന്നതിലും സംഘാടകര്‍ വിജയിച്ചു. ഖത്തറിലെ റോഡുകള്‍, സ്‌റ്റേഡിയങ്ങള്‍, മറ്റടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ ത്വരിതഗതിയിലുള്ള വികസനത്തിനും ഏഷ്യന്‍ ഗെയിംസ് കാരണമായി. ഗെയിംസില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം നിരാശാജനകമായിരുന്നെങ്കിലും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ സാന്നിധ്യം ഇന്ത്യക്കാരില്‍ ആവേശം സൃഷ്ടിച്ചു. ടിക്കറ്റ് കൗണ്ടറുകളില്‍ വനിത ടെന്നീസ് എന്നതിനു പകരം വണ്‍ സാനിയ, ടൂ സാനിയ എന്നിങ്ങനെ ടിക്കറ്റ് ആവശ്യപ്പെടുന്ന ഇന്ത്യന്‍ കാണികളെ കാണാമായിരുന്നു. എട്ട് സ്വര്‍ണപതക്കങ്ങളടക്കം ഇരുപത്തിയെട്ട് മെഡലുകളുമായി ഖത്തര്‍ മറ്റ് ജി സി സി രാജ്യങ്ങളേയും ഇറാന്‍ ഒഴികെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളേയും പിന്നിലാക്കി മെഡല്‍ പട്ടികയില്‍ പത്താം സ്ഥാനത്ത് നിലയുറപ്പിച്ചതും ഈ കൊച്ചു രാജ്യത്തെ സംബന്ധിച്ചിടത്തോളം എടുത്തുപറയാവുന്ന നേട്ടം തന്നെ. സ്‌പോര്‍ട്‌സ് വിഷയങ്ങളില്‍ ഖത്തര്‍ ഗവണ്‍മെന്റും കിരീടാവകാശിയും ഖത്തര്‍ ഒളിംപിക്‌സ് കമ്മിറ്റി ചെയര്‍മാനുമായ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും കാണിക്കുന്ന പ്രത്യേക താത്പര്യത്തിന്റേയും ആത്മവിശ്വാസത്തോടെയുള്ള കാല്‍വെപ്പിന്റേയും മറ്റൊരു പ്രതിഫലനമായിരുന്നു 2016ലെ ഒളിമ്പിക്‌സിന് ആതിഥ്യമരുളാനുള്ള ഖത്തറിന്റെ ശ്രമം. ഉദ്യമം പരാജയപ്പെട്ടെങ്കിലും മത്സര രംഗത്തുള്ള അവസാനത്തെ നാലു രാജ്യങ്ങളിലൊന്നാവാന്‍ കഴിഞ്ഞുവെന്നത് തന്നെ കഴിഞ്ഞ ഒരു ദശകത്തിനപ്പുറം ആഗോളതലത്തില്‍ അധികമാരും കേട്ടിട്ടില്ലാത്ത ഈ കൊച്ചുരാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ നേട്ടം തന്നെ.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പുവരേുയം ഖത്തറിന്റെ ആഭ്യന്തര വ്യാപാരത്തിന്റെ ഏറിയ പങ്കും നടന്നിരുന്നത് സൂഖുകളെ കേന്ദ്രീകരിച്ചായിരുന്നു ഇറാനി സൂഖായിരുന്നു ഇതില്‍ ഏറ്റവും പ്രധാനം. കൂടുതലും ഇറാനി കച്ചവടക്കാരായതിനാലാണ് ഈയൊരു പേര് വന്നത്. എന്നാല്‍ പിന്നീട് വിവിധ സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും രംഗത്തെത്തി. മലയാളിയായ എം എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു മാളുകള്‍ തന്നെയാണ് ഈ രംഗത്ത് മുന്നിട്ടു നില്‍ക്കുന്നത്. ലുലുവിന് പുറമേ മലയാളികളുടെ നേതൃത്വത്തില്‍ സഫാരി ഉള്‍പ്പെടെ വേറെയും മാളുകളുണ്ട്. അതുകൂടാതെ സിറ്റി സെന്റര്‍, ലാന്റ് മാര്‍ക്ക്, വില്ലാജിയോ, ഹയാത്ത് പ്ലാസ, സെന്റര്‍ പോയിന്റ് തുടങ്ങി അത്യന്താധുനിക മാളുകളുടെ വന്‍നിര തന്നെ ഖത്തറിലുണ്ട്.

മാധ്യമ രംഗത്ത് അറബിക് പത്രങ്ങളായ അല്‍ റായ, അല്‍ വത്വന്‍, അല്‍ ശര്‍ഖ് എന്നിവയ്ക്ക് പുറമേ ഇംഗ്ലീഷില്‍ ഗള്‍ഫ് ടൈംസ്, ദി പെനിന്‍സുല, ഖത്തര്‍ ട്രിബ്യൂണ്‍ എന്നീ പത്രങ്ങളും നിരവധി അറബിക്ക്, ഇംഗ്ലീഷ് മാഗസിനുകളുമുണ്ട്. മലയാളം ഉള്‍പ്പെടെ വിവിധ ഭാഷാ പത്രങ്ങളും ഖത്തറില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. മലയാളത്തില്‍ വര്‍ത്തമാനം, ഗള്‍ഫ് മാധ്യമം, മിഡിലീസ്റ്റ് ചന്ദ്രിക, സിറാജ്, മാതൃഭൂമി, മലയാള മനോരമ എന്നീ പത്രങ്ങള്‍ക്ക് ഖത്തറില്‍ എഡിഷനുണ്ടായിരുന്നു.
ദൃശ്യമാധ്യമ രംഗത്ത് പ്രശസ്തമായ സ്വതന്ത്ര ചാനല്‍ അല്‍ ജസീറയെ കൂടാതെ സര്‍ക്കാര്‍ മാധ്യമമായ ഖത്തര്‍ ടി വിയും അറബിക്കിലും ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും ഉര്‍ദുവിലും ഉള്‍പ്പെടെ വിവിധ ഭാഷാ റേഡിയോകളുമുണ്ട്.

പണത്തിന്റെ പകിട്ടിനും പ്രൊജക്ടുകളുടെ പോരിശക്കുമപ്പുറം അന്താരാഷ്ട്ര വിഷയങ്ങളില്‍ ഖത്തര്‍ കൈകൊള്ളുന്ന നിലപാടുകളും നയതന്ത്ര സമീപനങ്ങളും ഖത്തറിന് ലോകശ്രദ്ധ നേടിക്കൊടുത്ത വിഷയങ്ങളായിരുന്നു. ലോകബാങ്ക്, ലോകവ്യാപാര സംഘടന, ഐക്യരാഷ്ട്രസഭ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ സമ്മേളനങ്ങല്‍ക്ക് പലപ്പോഴും ദോഹ വേദിയായി.
ഇനി ഖത്തര്‍ കാത്തിരിക്കുന്നത് ഫിഫ ലോകകപ്പിനാണ്. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ ലോകത്തിലെ കായിക പ്രേമികളെ മുഴുവന്‍ ഖത്തറിലെ പുല്‍മൈതാനങ്ങളില്‍ ഉരുളുന്ന പന്തിലേക്ക് ചുരുക്കിയെത്തിക്കും.

സമയബന്ധിതമായി പൂര്‍ത്തിയാക്കിയ സ്റ്റേഡിയങ്ങളില്‍ അന്തരീക്ഷ താപനില കുറക്കാവുന്ന വിധത്തിലുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്. ലോകകപ്പ് മത്സരങ്ങളുടെ ഉദ്ഘാടന, സമാപന പരിപാടികള്‍ക്കായി ലോകത്തെ അത്ഭുതപ്പെടുത്തുന്ന പദ്ധതികളാണ് ഖത്തര്‍ കാത്തുവെച്ചിരിക്കുന്നത്. ഒരു ദിവസം ഒരാള്‍ക്ക് ഒരു കളി മാത്രം കാണാന്‍ കഴിയുമായിരുന്ന ലോകകപ്പ് രീതിക്ക് ഖത്തര്‍ വലിയ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. വേണമെങ്കില്‍ ഒരു ദിവസം കളിക്കുന്ന രണ്ടു കളിയും ഒരാള്‍ക്ക് കാണാനാവും. ഖത്തറിന്റെ വലുപ്പക്കുറവ് അക്കാര്യത്തില്‍ വലിയ മുതല്‍ക്കൂട്ടാവുന്നുണ്ട്. അതോടൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിലെ കുതിച്ചു ചാട്ടവും ഒരു സ്റ്റേഡിയത്തില്‍ നിന്ന് മറ്റൊരു സ്റ്റേഡിയത്തിലേക്കുള്ള യാത്ര വളരെ എളുപ്പമാക്കും.

ഡോ. നൗഷാദ് സി കെ

കോഴിക്കോട് ജില്ലയില്‍ കുറ്റ്യാടി, വടയം സ്വദേശി. സി കെ കുഞ്ഞബ്ദുല്ല മാസ്റ്റര്‍- ചെട്ടീന്റവിട ആസ്യ ദമ്പതികളുടെ മകന്‍.
സൂക്ഷ്മജീവി ശാസ്ത്രത്തില്‍ ഗോള്‍ഡ് മെഡലോടെ ബിരുദവും ബിരുദാനന്തര ബിരുദവും. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റില്‍ ഡോക്ടറേറ്റ്. രോഗപ്രതിരോധ ശേഷി വികാസം പ്രാപിച്ചിട്ടില്ലാത്ത കുട്ടികള്‍, എയ്ഡ്‌സ് രോഗികള്‍, മുതലായവരില്‍ ടി ബി രോഗം കണ്ടെത്തുന്നതെങ്ങിനെ എന്ന വിഷയത്തില്‍ മറ്റൊരു ഡോക്ടറല്‍ ഗവേഷണവും ടി ബി രോഗ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളില്‍ ധാരാളം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോളേജ് പഠനകാലം മുതല്‍ തന്നെ മലയാളത്തിലെ ഒട്ടുമിക്ക പത്രമാധ്യമങ്ങളിലും ആനുകാലികങ്ങളിലും ശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികം, മതം മുതലായ മേഖലകളുമായി ബന്ധപ്പെട്ട് ലേഖനങ്ങളും ഫീച്ചറുകളും പ്രസിദ്ധീകരിക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമായി എഴുതുന്നു.
1998ല്‍ കുറ്റ്യാടിയില്‍ അമ്മാവന്‍ സി സുബൈര്‍ സ്ഥാപിച്ച മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചു.
പിന്നീട്, കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റല്‍, യു എ ഇയിലെ അറബ് കമ്പനി ഫോര്‍ ആനിമല്‍ പ്രൊഡക്ഷന്‍, ഖത്തറിലെ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് എന്നിവിടങ്ങളിലെ 10 വര്‍ഷത്തെ സര്‍വ്വീസിന് ശേഷം 2009ല്‍ ഖത്തറിലെ രാജകുടുംബാംഗമായ ശൈഖ് ജാസിം ബിന്‍ അഹമ്മദ് ബിന്‍ ഖലീഫ അല്‍ താനിയുമായി ചേര്‍ന്ന് ദോഹയില്‍ മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് സ്ഥാപിച്ചു. പിന്നീട് ഖത്തറിലും ദുബൈയിലും ഇന്ത്യന്‍ കോഫീ ഹൗസ് എന്ന പേരില്‍ നടത്തുന്ന റസ്റ്റോറന്റ് അടക്കം ബിസിനസ് മറ്റു മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുകയും ക്യാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന ഗ്രൂപ്പിനു കീഴില്‍ അഞ്ചു രാജ്യങ്ങളിലായി വിവിധങ്ങളായ പന്ത്രണ്ട് കമ്പനികള്‍ സ്ഥാപിക്കുകയും ദോഹ ആസ്ഥാനമായുള്ള പ്രസ്തുത ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായി തുടരുകയും ചെയ്യുന്നു. ഇന്ത്യന്‍ കോഫി ഹൗസിന്റെ അടുത്ത ബ്രാഞ്ച് ലണ്ടനില്‍ തുടക്കുന്നതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
കൂടാതെ ഇന്ത്യയിലെ മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രൈവറ്റ് ഷെയര്‍ ഹോള്‍ഡിംഗ് കമ്പനിയുടെ സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമാണ്. ഈ കമ്പനിയ്ക്ക് കീഴില്‍ 2020ല്‍ കോഴിക്കോട് ഉദ്ഘാടനം ചെയ്യപ്പെട്ട മൈക്രോ ഹെല്‍ത്ത് റഫറന്‍സ് ലബോറട്ടറീസ്, കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ യന്ത്രവല്‍കൃത ലബോറട്ടറിയും സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റഫറന്‍സ് ലബോറട്ടറിയുമാണ്.
ഖത്തര്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ, യു എ ഇ, ഘാന, ബംഗ്ലാദേശ് എന്നിവിടങ്ങളിലും മൈക്രോ ഹെല്‍ത്തിന് ബ്രാഞ്ചുകളുണ്ട്. നേപ്പാള്‍, ശ്രീലങ്ക, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ കൂടി സമീപ ഭാവിയില്‍ തന്നെ മൈക്രോ ഹെല്‍ത്ത് ബ്രാഞ്ചുകള്‍ ആരംഭിക്കുന്നുണ്ട്. കേരളത്തിലെ നാല് എയര്‍പോര്‍ട്ടുകളില്‍ നിന്നും യു എ ഇയിലേക്ക് യാത്ര ചെയ്യുന്നതിനാവശ്യമായ റാപ്പിഡ് കോവിഡ് പി സി ആര്‍ പരിശോധന നടത്തുന്നത് നിലവില്‍ മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് ആണ്.
പഠനം, ജോലി, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട് നാലു വന്‍കരകളിലായി നാല്പതോളം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും പല രാജ്യങ്ങളിലും ദീല്‍ഘകാലം താമസിക്കുകയും ചെയ്തിട്ടുണ്ട്.
ഫ്രഞ്ച്- ഖത്തര്‍ ഗവണ്‍മെന്റുകളുടെ ജോയിന്റ് വെഞ്ച്വര്‍ കമ്പനിയായ ക്യൂ ഡി വി സിയുടെ ഫൈനാന്‍സ് മാനേജറും ചാര്‍ട്ടേഡ് എക്കൗണ്ടന്റുമായ ഫസീഹ സിറാജുദ്ദീനാണ് ഭാര്യ. ദോഹയിലെ ബിര്‍ല പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥികളായ ഹാനിഷ് അബ്ദുല്ല, ഹയ അബ്ദുല്ല എന്നിവരാണ് മക്കള്‍. നസീമ ബഷീര്‍ എറക്കോട്ട്, നദീറ ജമാല്‍ കുഞ്ഞി പറമ്പത്ത് എന്നീ സഹോദരിമാരുമുണ്ട്.

Share This Article
Leave a Comment
error: Content is protected !!