

ദോഹ: ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ്, ഖത്തര്‍ റെഡ് ക്രസന്റ്, ഖത്തര്‍ ചാരിറ്റി എന്നിവയുടെ ഉപകരണങ്ങള്‍ ഉള്‍പ്പെടെ 35 ടണ്‍ മെഡിക്കല്‍ സഹായവുമായി ഖത്തര്‍ വിമാനം സുഡാനിലെ പോര്‍ട്ട് സുഡാന്‍ വിമാനത്താവളത്തില്‍ എത്തി.

സുഡാന്‍ ജനതയുടെ പ്രയാസകരമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതില്‍ അവര്‍ക്കുള്ള പൂര്‍ണ്ണ പിന്തുണയുടെ ഭാഗമായാണ് ഖത്തര്‍ സഹായം എത്തിച്ചത്. അതിനിടെ, പോര്‍ട്ട് സുഡാന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഖത്തര്‍ വിമാനം വഴി ഖത്തറിലെ താമസക്കാരായ 225 പേരെ സുഡാനില്‍ നിന്ന് ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഒഴിപ്പിക്കപ്പെട്ടവരുടെ എണ്ണം 1044 ആയി.

നേരത്തെ, നിരവധി ഖത്തര്‍ പൗരന്മാരെയും ഖത്തര്‍ റെസിഡന്‍സി ഉടമകളായ 819 പേരെയും ഖത്തര്‍ സുഡാനില്‍ നിന്നും ഒഴിപ്പിച്ചിരുന്നു.
സുഡാന്റെ സുരക്ഷയിലും സ്ഥിരതയിലും ഖത്തറിന്റെ താത്പര്യം മന്ത്രാലയം ആവര്‍ത്തിച്ചു.

