
ദോഹ: റമദാനില്‍ നോമ്പുതുറ സമയത്തോടനുബന്ധിച്ച് അമിത വേഗതയില്‍ വാഹനമോടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. സൂര്യാസ്തമയത്തിന് തൊട്ടുമുമ്പുള്ള സമയങ്ങളില്‍ വാഹനാപകടങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് അധികൃതര്‍ ശ്രദ്ധയില്‍പ്പെടുത്തി.

സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച പ്രസ്താവനയില്‍ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ ഡ്രൈവര്‍മാരോട് കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ആവശ്യപ്പെട്ടു.

നിങ്ങളുടേതോ മറ്റുള്ളവരുടേതോ ജീവിതങ്ങള്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടരുതെന്ന് മന്ത്രാലയം മുന്നറിയിപ്പില്‍ പറയുന്നു. ഇഫ്താറിന് തൊട്ടുമുമ്പ് അമിത വേഗതയില്‍ സഞ്ചരിക്കുന്നത് ഒഴിവാക്കുകയും വാഹനങ്ങളുടെ വേഗത കുറച്ച് സുരക്ഷ പാലിക്കുകയും അപകടങ്ങള്‍ കുറക്കുകയും വേണം.
വാഹനമോടിക്കുന്നവരുടേയോ മറ്റുള്ളവരുടേയോ ജീവിതങ്ങള്‍ അപകടത്തിലാക്കുന്നതിനേക്കാള്‍ നല്ലത് അല്‍പം താമസിച്ച് എത്തുന്നതാണ്. ഒരിക്കലും എത്താതിരിക്കുന്നതിനേക്കാള്‍ ഏറ്റവും നല്ലത് സുരക്ഷിതമായി എത്തുന്നതാണ്.
യു എ ഇ ഉള്‍പ്പെടെ അറബ് രാജ്യങ്ങളിലെല്ലാം റമദാന്‍ മാസത്തില്‍ റോഡുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് വാഹനയാത്രികര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.യിട്ടുണ്ട്. ജോലി സമയം കുറവായതിനാല്‍ ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളില്‍ റോഡുകളില്‍ ഗതാഗത തിരക്ക് വര്‍ധിക്കുന്നതും അപകടസാധ്യത ഉയരുന്നതുമായ സാഹചര്യമാണ് ഇതിന് കാരണം.
യു എ ഇയില്‍ അല്‍ വത്ബ ഇന്‍ഷൂറന്‍സും റോഡ് സേഫ്റ്റി യു എ ഇയും ചേര്‍ന്ന് ശേഖരിച്ച വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ റമദാനില്‍ രേഖപ്പെടുത്തിയ അപകടങ്ങളില്‍ ഏകദേശം അഞ്ച് കേസുകളില്‍ ഒന്നെങ്കിലും ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെയുള്ള സമയങ്ങളില്‍ സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. റമദാനില്‍ സര്‍ക്കാര്‍- സ്വകാര്യ മേഖലകളില്‍ ജോലി സമയം കുറയുന്നതിനാല്‍ വര്‍ഷത്തിലെ മറ്റു മാസങ്ങളെ അപേക്ഷിച്ച് ഉച്ചയ്ക്കുശേഷം റോഡുകളില്‍ തിരക്ക് കൂടുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ റമദാനില്‍ സമര്‍പ്പിച്ച 2,771 ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വിശകലനം ചെയ്ത പഠനത്തില്‍ 17 ശതമാനം അപകടങ്ങള്‍ ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ, 15 ശതമാനം അപകടങ്ങള്‍ 4 മുതല്‍ 6 വരെ, 9 ശതമാനം അപകടങ്ങള്‍ 6 മുതല്‍ 8 വരെ (മഗ്രിബ് നമസ്‌കാരത്തിന് ശേഷം നോമ്പുതുറക്കാന്‍ യാത്ര ചെയ്യുന്ന സമയത്ത്) സംഭവിച്ചതായി കണ്ടെത്തി.
അപകടങ്ങളില്‍ 65 ശതമാനത്തിലധികം കേസുകളില്‍ മൂന്നാം കക്ഷിയുടെ പിഴവാണ് കാരണമെന്ന് കണ്ടെത്തി. ഉച്ച മുതല്‍ വൈകുന്നേരം 6 വരെ ‘പ്രീ-ഇഫ്താര്‍’ സമയവും 6 മുതല്‍ അര്‍ധരാത്രി വരെ ‘പോസ്റ്റ്-ഇഫ്താര്‍/ സുഹൂര്‍’ സമയവും കൂടുതല്‍ അപകടസാധ്യതയുള്ളതായി പഠനം ചൂണ്ടിക്കാട്ടുന്നു. 2 മുതല്‍ 4 വരെ സമയമാണ് ഏറ്റവും അപകടപ്രവണമായത്. തിങ്കളാഴ്ചയും വ്യാഴാഴ്ചയും കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഞായറാഴ്ച ഏറ്റവും സുരക്ഷിതമായ ദിവസമായി രേഖപ്പെടുത്തി. 36 മുതല്‍ 40 വയസ്സുവരെയുള്ള ഡ്രൈവര്‍മാര്‍ക്കാണ് കൂടുതല്‍ അപകടസാധ്യതയെന്നും റിപ്പോര്‍ട്ട് പറയുന്നു.
അറബ് ലോകത്തെ വിവിധ പഠനങ്ങളും റമദാനില്‍ വാഹനമോടിക്കുമ്പോള്‍ ജാഗ്രത ആവശ്യമാണ് എന്ന് മുന്നറിയിപ്പ് നല്‍കുന്നു. 2024-ല്‍ തുര്‍ക്കിയില്‍ നടത്തിയ പഠനത്തില്‍ റമദാനില്‍ ജോലി സമയം മാറ്റമില്ലാതിരുന്നിട്ടും അപകടസാധ്യത 25 ശതമാനം വര്‍ധിച്ചതായി കണ്ടെത്തി. ഉപവാസത്തെ തുടര്‍ന്ന് ഉണ്ടാകുന്ന വിശപ്പും ദാഹവും പ്രധാന കാരണങ്ങളാണെന്ന് പഠനം വ്യക്തമാക്കുന്നു.
സൗദി അറേബ്യയിലെ നോര്‍തേണ്‍ ബോര്‍ഡേഴ്‌സ് പ്രവിശ്യയില്‍ ഇഫ്താര്‍ സമയത്ത് അപകടസാധ്യത ഇരട്ടിയായതായി കണ്ടെത്തി. രാജ്യത്തുടനീളം സംഭവങ്ങള്‍ വര്‍ധിച്ചതായി 2022-ലെ പഠനം വ്യക്തമാക്കുന്നു.
യാസ ഗള്‍ഫ് റോഡ് സേഫ്റ്റി ഗ്രൂപ്പ് പ്രസിഡന്റ് സാലെഹ് ജാഫര്‍ പറയുന്നത് ഉപവാസത്തെ തുടര്‍ന്ന് ശ്രദ്ധക്കുറവും ക്ഷുഭിതസ്വഭാവവും വലിയ വെല്ലുവിളിയാണെന്നും പ്രത്യേകിച്ച് ഇഫ്താര്‍ സമയത്ത് ആളുകള്‍ വീട്ടിലേക്ക് വേഗത്തില്‍ പോകാന്‍ ശ്രമിക്കുന്നത് അപകടസാധ്യത കൂട്ടുന്നുവെന്നുമാണ്.
യാത്രകള്‍ക്ക് കൂടുതല്‍ സമയമെടുക്കണമെന്നും അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കില്‍ സുരക്ഷിത സ്ഥലത്ത് വാഹനം നിര്‍ത്തണമെന്നുമാണ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത്.
സൈക്കിള്‍ യാത്രക്കാരും മറ്റു റോഡ് ഉപയോക്താക്കളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ഈ വര്‍ഷം ദുബായ് പൊലീസ് റമദാന്‍ വിത്തൗട്ട് ആക്‌സിഡന്റ്‌സ് എന്ന സുരക്ഷാ ക്യാംപെയ്ന്‍ പ്രഖ്യാപിച്ചു. മഗ്രിബ് നമസ്‌കാരത്തിന് മുമ്പ് ഡ്രൈവര്‍മാര്‍ക്ക് ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്ത് വേഗതയും അനാസ്ഥയും കുറയ്ക്കുകയെന്നതാണ് ലക്ഷ്യം.
ഇഫ്താര്‍ വിതരണം നടത്തുന്നത് സിറ്റി വാക്ക് ജംഗ്ഷന്‍, അല്‍ സത്വ റൗണ്ട്ബൗട്ട്, മദീന മാള്‍, സെഞ്ചുറി മാള്‍, അമേരിക്കന്‍ ഹോസ്പിറ്റല്‍, അല്‍ മിസ്ഹര്‍ 4, മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ ജംഗ്ഷന്‍ (അല്‍ ഖവാനീജ്) എന്നിവിടങ്ങളിലാണ്.

