

ആലുവ: പെരിയാറില്‍ നിന്നും കിന്‍ഫ്രയിലേക്ക് വെള്ളം കൊണ്ടുപോകുന്ന പദ്ധതിക്കായി തോട്ടുമുഖം- കൊച്ചിന്‍ ബാങ്ക്- നൊച്ചിമ- മെഡിക്കല്‍ കോളേജ് റോഡ് കുഴിച്ച് പൈപ്പിടുന്നതിനായി പി ഡബ്ല്യൂ ഡിയില്‍ നിന്നും കിന്‍ഫ്രക്ക് നല്‍കിയ നിരാക്ഷേപ പത്രം നീട്ടി നല്കരുതെന്നും പദ്ധതിക്കായി കുഴിച്ച സ്ഥലങ്ങളില്‍ ടാറിങ്ങ് നടക്കാത്തതു മൂലം റോഡ് കുണ്ടും കുഴിയുമായി മാറി പൊടി നിറഞ്ഞ് തീര്‍ത്തും ഗതാഗത യോഗ്യമല്ലാതായ സാഹചര്യത്തില്‍ പദ്ധതിക്കായി അനുവദിച്ച ഫണ്ടുപയോഗിച്ച് ഈ റോഡ് ബി എം ബി സി നിലവാരത്തില്‍ പുനരുദ്ധാരണം നടത്തണമെന്നും ആവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ പൊതുമരാമത്ത് വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസിന് കത്ത് നല്കിയിരുന്നു.

എന്നാല്‍ യാതൊരുവിധ നടപടികളും ഉണ്ടായില്ലെന്നും മഴക്കാലമായപ്പോള്‍ റോഡില്‍ കൂടുതല്‍ കുഴികള്‍ രൂപപ്പെട്ട് തീര്‍ത്തും സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണെന്നും അപകടങ്ങള്‍ നിരന്തര സംഭവമായെന്നും അതിനാല്‍ ഈ വിഷയം അടിയന്തിര പ്രാധാന്യത്തോടെ പരിഗണിച്ച് എത്രയും വേഗം പുനരുദ്ധാരണ പ്രവര്‍ത്തനം നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് പി ഡബ്ല്യൂ ഡിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് വീണ്ടും കത്ത് നല്‍കി.

ഈ റോഡ് ഉടനടി റീടാറിങ്ങ് ചെയ്തില്ലെങ്കില്‍ അത് സുരക്ഷിതമായ സഞ്ചരിക്കുന്നതിനുള്ള ജനങ്ങളുടെ അവകാശത്തിന്റെ ലംഘനമായും കൂടാതെ ജനങ്ങളോടു ചെയ്യുന്ന നീതികേടായിരിക്കുമെന്നും കത്തില്‍ പറഞ്ഞു. അതുകൊണ്ട് പി ഡബ്ല്യൂ ഡിക്കനുവദിച്ച ഫണ്ടുപയോഗിച്ച് റോഡിന്റെ പുനരുദ്ധാരണം അടിയന്തിരമായി നടത്തിയില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി വീണ്ടും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും എം എല്‍ എ കത്തില്‍ സൂചിപ്പിച്ചു.

