കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റ് സന്ദര്‍ശിച്ച അന്‍വര്‍ സാദത്ത് എം എല്‍ എ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശിച്ചു

Web Desk
3 Min Read

ആലുവ: ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, വൈസ് ചെയര്‍പെഴ്‌സണ്‍ സൈജി ജോളി, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ എന്നിവരോടൊപ്പം അന്‍വര്‍ സാദത്ത് എം എല്‍ എ ആലുവ കെ എസ് ആര്‍ ടി സി ബസ്സ് സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് ഇരിപ്പിടം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് അതിനുവേണ്ട സ്ഥലം നിര്‍മ്മാണ കമ്പനിക്കാരെ കാണിക്കുവാന്‍ ചെന്നപ്പോള്‍ യു സി കോളേജില്‍ പി ജിക്ക് പഠിക്കുന്ന വിദ്യാര്‍ഥിനിയുടെ മൊബൈല്‍ ഫോണ്‍ ബസ്സില്‍ കയറുന്ന സമയത്ത് മോഷണം പോയെന്ന് കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥര്‍ എം എല്‍ എയെ ധരിപ്പിച്ചു.

city exchange

വെയ്റ്റിങ്ങ് റൂമില്‍ ഇരിക്കുന്ന ഈ കുട്ടിയെ എം എല്‍ എ നേരിട്ടു കണ്ട് വിവരം തിരക്കിയപ്പോള്‍ തന്റെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പെടെയുള്ള പഠന വിവരങ്ങളടങ്ങിയ റെഡ്മി കമ്പനിയുടെ ഫോണ്‍ മോഷണം പോയെന്ന് കുട്ടി വളരെ വിഷമത്തോടെ എം എല്‍ എയോടു പറഞ്ഞു. ഉടന്‍ തന്നെ എം എല്‍ എ കുട്ടിയുടെ പിതാവിനെ ഫോണില്‍ വിളിച്ചു സംസാരിച്ച് പൊലീസില്‍ പരാതി നല്‍കുവാന്‍ നിര്‍ദ്ദേശിച്ചു.

പിന്നീട് പിതാവ് സ്റ്റാന്‍ഡില്‍ എത്തി എം എല്‍ എയുമായി നേരിട്ടു സംസാരിക്കുകയും കുട്ടിയെയും കുട്ടി പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കുവാന്‍ പോയതിനുശേഷം ആണ് എം എല്‍ എ ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും പോന്നത്. നഷ്ടപ്പെട്ട ഫോണിനു പകരം പുതിയ ഫോണ്‍ വാങ്ങി നല്കാമെന്ന് എം എല്‍ എ കുട്ടിയോടും പിതാവിനോടും പറഞ്ഞു എങ്കിലും അവര്‍ സസന്തോഷം നിരസിക്കുകയായിരുന്നു.

ഈ സമയത്തിനുള്ളില്‍ തന്നെ എം എല്‍ എ ആലുവ ഡിവൈഎസ്പിയെ ഫോണില്‍ വിളിച്ച് ആലുവ കെ എസ് ആര്‍ ടി സി ബസ്സ് സ്റ്റാന്‍ഡിനകത്ത് സ്ഥിരമായി പൊലീസിനെ ഡ്യൂട്ടിക്ക് ഇടണമെന്ന് നിര്‍ദ്ദേശം നല്കി. അതനുസരിച്ച് ഇന്നു മുതല്‍ സ്ഥിരമായി ബസ്സ് സ്റ്റാന്‍ഡിനകത്ത് പൊലീസിനെ ഡ്യൂട്ടിയില്‍ ഇടാമെന്ന് ഡിവൈഎസ്പി സമ്മതിച്ചതായി എം എല്‍ എ പറഞ്ഞു.

- Advertisement -
Ad image

ആലുവ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ പകല്‍ സമയത്തുപോലും മോഷണം നടക്കുന്ന സാഹചര്യത്തില്‍ മോഷണം തടയുന്നതിനും മോഷ്ടാക്കളെ തിരിച്ചറിയുന്നതിനുമായി സിസിടിവി സംവിധാനം ഒരുക്കുമെന്ന് എം എല്‍ എ പറഞ്ഞു. ആലുവ സി ഐ മഞ്ജുദാസ്, പി ഡബ്ല്യൂ ഡി ഇലക്ട്രോണിക്‌സ് എഞ്ചിനീറിങ്ങ് അസിസ്റ്റന്റ് സെബി എ പി എന്നിവരെ എം എല്‍ എ ബസ്സ് സ്റ്റാന്‍ഡില്‍ വിളിച്ചു വരുത്തി സിസിടിവികള്‍ എവിടെയെല്ലാം വയ്ക്കണമെന്നും എത്രയെണ്ണം വേണമെന്നും പരിശോധിപ്പിച്ചു. പരിശോധനയില്‍ 32 ക്യാമറകള്‍ വേണമെന്നും അതിനായി 13 ലക്ഷം രൂപ ചിലവുവരുമെന്നും അവര്‍ പറഞ്ഞു. അതിനാവശ്യമായ തുക എം എല്‍ എയുടെ വികസന ഫണ്ടില്‍ നിന്നും അനുവദിക്കുമെന്ന് എം എല്‍ എ പറഞ്ഞു.

ദീര്‍ഘദൂര ബസ്സുകള്‍ രാത്രികാലങ്ങളില്‍ സ്റ്റാന്‍ഡിനകത്ത് കയറാതെ പുറത്തു നിര്‍ത്തി യാത്രക്കാരെ കയറ്റുന്ന സാഹചര്യമാണുള്ളതെന്നും അതുമൂലം വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാന്നെന്ന കാര്യം യാത്രക്കാര്‍ എംഎല്‍ എയുടെ ശ്രദ്ധയില്‍ പെടുത്തി. അപ്പോള്‍ തന്നെ എം എല്‍ എ കെ എസ് ആര്‍ ടി സിയുടെ ചീഫ് ട്രാഫിക് ഓഫീസര്‍ രാധാകൃഷ്ണനെ ഫോണില്‍ വിളിച്ച് ഇക്കാര്യം ധരിപ്പിക്കുകയും കെ എസ് ആര്‍ ടി സിയുടെ ദീര്‍ഘദൂര ബസ്സുകള്‍ ആലുവ സ്റ്റാന്‍ഡിനകത്ത് കയറി യാത്രക്കാരെ കയറ്റണമെന്ന് കര്‍ശനമായി നിര്‍ദ്ദേശം നല്കണമെന്നും ആവശ്യപ്പെട്ടു. എം എല്‍ എയുടെ ആവശ്യപ്രകാരം ഇന്നു മുതല്‍ ദീര്‍ഘദൂര ബസ്സുകള്‍ സ്റ്റാന്‍ഡില്‍ കയറി യാത്രക്കാരെ കയറ്റുന്നതിന് നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്ന് മറുപടി നല്കിയതായി എം എല്‍ എ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!