

കൊച്ചി: ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മഹേഷും മാരുതിയും’. സേതുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഈ വെള്ളിയാഴ്ച മുതല്‍ തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ക്ലീന്‍ യു സെര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. ‘മഹേഷും മാരുതിയും’ ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായികയായി എത്തുന്നത്. കൂടാതെ 1984 മോഡല്‍ മാരുതി 800 കാറും ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമാണ്.

മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെയും വി എസ് എല്‍ ഫിലിം ഹൗസിന്റെയും ബാനറില്‍ എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് മണിയന്‍പിള്ള രാജുവാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം മംമ്ത മോഹന്‍ദാസും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമെന്നതാണ് മഹേഷും മാരുതിയുടെയും പ്രധാന പ്രത്യേകത. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. സത്യന്‍ അന്തിക്കാട് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. കൂടാതെ ‘കൂമന്‍’ , ‘കാപ്പ’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലി മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ‘മഹേഷും മാരുതിയും’.

ഹരി നാരായണന്റെ വരികള്‍ക്ക് കേദാര്‍ ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം- ഫൈയ്സ് സിദ്ധിഖ്, എഡിറ്റിംഗ്- ജിത്ത് ജോഷി, കലാസംവിധാനം- ത്യാഗു തവനൂര്‍, മേക്കപ്പ് – പ്രദീപ് രംഗന്‍, കോസ്റ്റ്യും ഡിസൈന്‍- സ്റ്റെഫി സേവ്യര്‍, നിര്‍മ്മാണ നിര്‍വ്വഹണം- അലക്സ് ഇ കുര്യന്‍, ഡിജിറ്റല്‍ പ്രൊമോഷന്‍സ്- വിപിന്‍ കുമാര്‍, സൗണ്ട് ഡിസൈന്‍- ശ്രീജിത്ത് ശ്രീനിവാസ്, ചീഫ് അസോസിയേറ്റ്- വിനോദ് സോമസുന്ദരന്‍.

