

ആലുവ: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെയും കോട്ടയത്തേയും ദേശീയ പാതകളുടെ വികസനം സംബന്ധിച്ച വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബെന്നി ബഹനാന്‍, തോമസ് ചാഴിക്കാടന്‍ എന്നിവര്‍ നാഷണല്‍ ഹൈവേ അതോറിറ്റി ചെയര്‍മാനെ നേരില്‍ക്കണ്ടു. ആറുവരിപ്പാതയുടെ നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയ പാത 66ലെ ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വിവിധ ഭാഗങ്ങളില്‍ ആവശ്യമായ അടിപ്പാതകള്‍, കനാലുകള്‍, സര്‍വീസ് റോഡുകള്‍, കലുങ്കുകള്‍ എന്നിവ പുതിയതായി ഉള്‍പ്പെടുത്തി ദേശീയപാത നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ കരാര്‍ കമ്പനിക്ക് അടിയന്തിര നിര്‍ദേശം നല്‍കണമെന്ന് ബെന്നി ബഹനാന്‍ ദേശീയപാത അതോറിറ്റി ചെയര്‍മാനോടാവശ്യപ്പെട്ടു.

തൃപ്പൂണിത്തുറ ബൈപാസിനു വേണ്ടി മൂന്നു പതിറ്റാണ്ട് മുന്‍പ് ഏറ്റെടുത്ത സ്ഥലം ഉപയോഗപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ പ്രസ്തുത സ്ഥലം ഉപയോഗപ്പെടുത്തി കൊച്ചി- തേനി ഗ്രീന്‍ ഫീല്‍ഡ് ബൈപാസ്സിന് സമാന്തരമായി തൃപ്പൂണിത്തുറയ്ക്ക് സമീപം മറ്റൊരു സ്വതന്ത്ര ബൈപാസ് നിര്‍മ്മിക്കണമെന്നും എം പിമാര്‍ ദേശീയ പാത അതോറിറ്റി ചെയര്‍മാനോടാവശ്യപ്പെട്ടിട്ടുണ്ട്.

നിലവിലെ പ്ലാന്‍ അനുസരിച്ച് പല സ്ഥലങ്ങളിലും അടിപ്പാത നിര്‍ദേശിച്ചിട്ടില്ലതിനാല്‍ പ്രദേശവാസികള്‍ക്ക് വളരെ ദൂരം ചുറ്റി സഞ്ചരിച്ചാല്‍ മാത്രമേ ദേശീയപാതയുടെ ഇരുവശങ്ങളിലേക്കും മുറിച്ചു കടക്കാന്‍ കഴിയൂ. കൂടാതെ നിലവിലുള്ള കനാലുകള്‍, തോടുകള്‍, കലുങ്കുകള്‍ എന്നിവ പല സ്ഥലങ്ങളിലും ദേശീയപാതയുടെ നിര്‍മ്മാണ സമയത്ത് അടഞ്ഞുപോയിട്ടുള്ളത് വെള്ളക്കെട്ടിന് ഇടയാക്കും. അതിനാല്‍ ഹൈവേ മുറിച്ചു കടക്കുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും പര്യാപ്തമായ അടിപ്പാത, കനാലുകള്‍ കലുങ്കുകള്‍ എന്നിവ പ്ലാനില്‍ കൂട്ടിച്ചേര്‍ത്ത് ദേശീയ പാത നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ടതിന്റെ ആവശ്യകതയും എം പിമാര്‍ ചെയര്‍മാന്റെ ശ്രദ്ധയില്‍പ്പെടുത്തി.
ആലുവയില്‍ എന്‍ എച്ച് 544ല്‍ പുതിയ പാലത്തിന്റെ ആവശ്യകതയും പാലം വരുന്നതുവഴി പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സൗകര്യവും ബെന്നി ബഹനാന്‍ ചെയര്‍മാന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഒപ്പം ഫ്‌ളൈ ഓവറുകള്‍ക്ക് താഴെയുള്ള ഉപയോഗശൂന്യമായ ഇടങ്ങള്‍ നഗര ഭൂപ്രകൃതിയുടെ സൗന്ദരാത്മക ആകര്‍ഷണം മെച്ചപ്പെടുത്താന്‍ കഴിയുന്ന രീതിയില്‍ മനോഹരവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്നും എം പിമാര്‍ നാഷണല്‍ ഹൈവേ അതോറിറ്റി ചെയര്‍മാനോട് ആവശ്യപ്പെട്ടു.

