
കൊച്ചി: നമ്മുടെയെല്ലാം ജീവിതത്തിലെ സ്വകാര്യതയിലേക്ക് എപ്പോള്‍ വേണമെങ്കിലും കടന്നു വരാവുന്ന ഒരു മഞ്ഞപത്രക്കാരന്‍. അതാണ് ലിങ്കന്‍. വാര്‍ത്തകളെ വളച്ചൊടിക്കാനും ഉണ്ടാക്കാനും കഴിയുന്ന ലിങ്കന്‍ ഒപ്പിക്കുന്ന ഗുലുമാലുകളുടെ കാഴ്ച്ചകളുമായി ബിജു മേനോന്‍- സുരാജ് വെഞ്ഞാറമ്മൂട് ചിത്രമായ നടന്ന സംഭവത്തിന്റെ പ്രൊമോഷന്‍ സോംഗ് പുറത്തിറക്കി. അങ്കിത് മേനോന്‍ സംഗീതം ഒരുക്കിയ പാട്ട് പാടിയതും എഴുതിയതും ശബരീഷ് വര്‍മ്മയാണ്. സുധി കോപ്പയാണ് ലിങ്കനായി എത്തുന്നത്. അനൂപ് കണ്ണന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് കണ്ണന്‍, രേണു എ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച നടന്ന സംഭവം സംവിധാനം ചെയ്തത് വിഷ്ണു നാരായണ്‍ ആണ്.

തലയിലൊരു സിസിടിവി ക്യാമറയുമായി നടക്കുന്ന ലിങ്കന്‍ ഈ കാലഘട്ടത്തിലെ പലതിന്റേയും പ്രതീകമാണ്. അയാള്‍ ആളുകളെ തമ്മിലടിപ്പിക്കാനും തെറ്റിദ്ധാരണ പടര്‍ത്താനും കഴിവുള്ളവനാണ്. പക്ഷെ അയാളുടെ വാര്‍ത്തകളില്‍ സത്യത്തില്‍ നടന്ന സംഭവം ഉണ്ടാകില്ല. ഫാമിലി- കോമഡി ജോണറില്‍ പ്രേക്ഷകരിലേക്ക് എത്തുന്ന നടന്ന സംഭവത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ഗോപിനാഥന്‍ ആണ്. മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ ആണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മനീഷ് മാധവന്‍.

നഗരത്തിലെ ഒരു വില്ല കമ്യൂണിറ്റിക്ക് അകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളുടെ നര്‍മ്മത്തിലൂടെയുള്ള ആവിഷ്‌ക്കാരമാണ് ചിത്രം. ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു. ഇവരെക്കൂടാതെ, ജോണി ആന്റണി, ശ്രുതി രാമചന്ദ്രന്‍, ലിജോ മോള്‍, ലാലു അലക്‌സ്, നൗഷാദ് അലി, ആതിര ഹരികുമാര്‍, അനഘ അശോക്, ശ്രീജിത്ത് നായര്‍, എയ്തള്‍ അവ്‌ന ഷെറിന്‍, ജെസ് സുജന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. മെയ് 9ന് ചിത്രം തിയേറ്ററുകളിലെത്തും. പി ആര്‍ ഓ: മഞ്ജു ഗോപിനാഥ്.
