
തിരുവനന്തപുരം: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ കാന്‍ക്യൂര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തന ചെലവുകള്‍ക്കായി രണ്ടു കോടിയുടെ സി എസ് ആര് സഹായവുമായി നയാരാ എനര്‍ജി. വൈപ്പിനില്‍ പ്രവര്‍ത്തിക്കുന്ന സൗജന്യ ഡയാലിസിസ് പാലിയേറ്റീവ് കെയര്‍ കേന്ദ്രമായ കാന്‍ക്യൂര്‍ സാന്ത്വനകേന്ദ്രത്തിന്റെ സേവന പങ്കാളികള്‍ ആകുവാനുള്ള ധാരണാ പത്രം മുഖ്യമന്ത്രി വി ഡി സതീശന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തു നയാരാ എനര്‍ജി നാഷണല്‍ സി എസ് ആര് ഹെഡ് അചിന്ത്യ സിംഗും കാന്‍ക്യൂര്‍ ഫൗണ്ടേഷന് സെക്രട്ടറി ആര് മാധവ് ചന്ദ്രനും ഒപ്പുവച്ചു.

നയാരാ എനര്‍ജി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പ്രസാദ് കെ പണിക്കര്‍ മുഖ്യാതിഥിയായ ചടങ്ങില്‍ കാന്‍ക്യൂര്‍ പ്രസിഡന്റ് ഡോ. ജുനൈദ് റഹ്മാന്, വൈസ് പ്രസിഡന്റുമാരായ ഡോ. സി എം രാധാകൃഷ്ണന്, എസ് രാജ്മോഹന്‍ നായര്‍, നയാരാ എനര്‍ജി ഉദ്യോഗസ്ഥരായ സമീര്‍ ഷാ, ജെ വിഗ്നേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഡയാലിസിസ് രോഗികള്‍ക്കും ഗവണ്മെന്റ് ആശുപത്രികളില്‍ നിന്നുള്ള ചികിത്സക്ക് ശേഷം പാലിയേറ്റീവ് ശുശ്രൂഷയ്ക്ക് ആരോരുമില്ലാത്ത നിര്‍ധനരായ രോഗികള്‍ക്കും പൂര്‍ണമായും സൗജന്യമായി സേവനം നല്‍കിവരുന്ന സംഘടനയാണ് കാന്‍ക്യൂര്‍ ഫൗണ്ടേഷന്. 2021ല്‍ ആരംഭിച്ച സാന്ത്വനകേന്ദ്രത്തില്‍ 16 ഡയാലിസിസ് മെഷീനുകളിലൂടെ 18000ത്തോളം ഡയാലിസിസും 40 പാലിയേറ്റീവ് കിടക്കകളിലൂടെ 200ല്‍ പരം രോഗികള്‍ക്ക് ശുശ്രൂഷയും നാളിതുവരെ നല്‍കിയതായി കാന്‍ക്യൂര്‍ സെക്രട്ടറി ആര് മാധവ് ചന്ദ്രന് അറിയിച്ചു. പദ്ധതിയുടെ വികസനത്തിന്റെ ഭാഗമായി പുതുതായി പണിഞ്ഞുകൊണ്ടിരിക്കുന്ന കെട്ടിട സമുച്ചയം പൂര്‍ത്തിയാവുമ്പോള്‍ 100 പാലിയേറ്റീവ് കിടക്കകളും 25 ഡയാലിസിസ് മെഷീനുകളും കേന്ദ്രത്തിലുണ്ടാവും.
