കാന്‍ക്യൂര്‍ സാന്ത്വനം ശ്രീരാഗം 17ന്; എം ജി ശ്രീകുമാര്‍ പാടും

Web Desk
2 Min Read

കൊച്ചി: കാന്‍ക്യൂര്‍ ഫൗണ്ടേഷന്‍ കൊച്ചിയില്‍ നടത്തിവരുന്ന കാന്‍ക്യൂര്‍ സാന്ത്വന കേന്ദ്രം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതും 15,000 സൗജന്യ ഡയാലിസിസ് ചികിത്സകള്‍ പൂര്‍ത്തിയാക്കിയതും ആഘോഷിക്കുന്നതിന് ഗായകന്‍ എം ജി ശ്രീകുമാര്‍ നേതൃത്വം നല്‍കുന്ന സംഗീത സന്ധ്യ സംഘടിപ്പിക്കുന്നു. ജനുവരി 17-ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകിട്ട് 6 മണിക്കാണ് ‘സാന്ത്വനം ശ്രീരാഗം’ സംഗീത സന്ധ്യ.

city exchange

സ്ഥിരം ഗാനമേളകളില്‍ നിന്നും വ്യത്യസ്തമായി സദസ്സുമായി സംവദിച്ച് ഗാനങ്ങളുണ്ടായ വഴികള്‍ വിവരിച്ച് പാടി അവതരിപ്പിക്കുന്ന രീതിയിലാണ് സാന്ത്വനം ശ്രീരാഗം.

ഹൈക്കോടതി ജഡ്ജിമാരായ ദേവന്‍ രാമചന്ദ്രന്‍, ബെച്ചു കുര്യന്‍, ജയശങ്കര്‍ നമ്പ്യാര്‍, ഹൈബി ഈഡന്‍ എം പി, എം എല്‍ എമാരായ കെ എന്‍ ഉണ്ണികൃഷ്ണന്‍, ടി ജെ വിനോദ്, ഉമ തോമസ്, ഇന്‍ഡസ്ട്രീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ രാജ് മോഹന്‍ നായര്‍ അറിയിച്ചു.

2021-ല്‍ പ്രവര്‍ത്തനം ആരംഭിച്ച കാന്‍ക്യൂര്‍ സാന്ത്വന കേന്ദ്രം കൊച്ചി ഒച്ചന്തുരുത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വൃക്കരോഗ ബാധിതര്‍ക്കുള്ള സൗജന്യ ഡയാലിസിസ് ചികിത്സയും അശരണര്‍ക്കുള്ള സാന്ത്വന പരിചരണവും നല്‍കി വരുന്നു. ആദ്യഘട്ടത്തില്‍ 8 മെഷീനുകളോടെ ആരംഭിച്ച ഡയാലിസിസ് സെന്റര്‍ ഇന്ന് 16 മെഷീനുകളുമായി, രണ്ട് ഷിഫ്റ്റുകളിലായി, പ്രതിദിനം 15 മുതല്‍ 20 വരെ ഡയാലിസിസ് ചികിത്സകള്‍ നല്‍കുന്നു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, കൊച്ചിന്‍ സെന്‍ട്രല്‍ റോട്ടറി ക്ലബ്, പോളികാബ് എന്നീ സ്ഥാപനങ്ങളാണ് മെഷീനുകള്‍ സംഭാവന ചെയ്തത്. ലൂര്‍ദ് ആശുപത്രിയാണ് മെഡിക്കല്‍ സഹായങ്ങള്‍ നല്‍കുന്നത്.

- Advertisement -
Ad image

അഞ്ച് വര്‍ഷംകൊണ്ട് ഞായറാഴ്ച ഒഴിച്ചുള്ള എല്ലാ ദിവസങ്ങളിലും മുടക്കമില്ലാതെ പ്രവര്‍ത്തിച്ചാണ് 15,000 സൗജന്യ ഡയാലിസിസ് ചികിത്സകള്‍ പൂര്‍ത്തിയാക്കിയതെന്ന് കാന്‍ക്യൂര്‍ പ്രസിഡന്റ് ഡോ. ജൂനൈദ് റഹ്മാന്‍ പറഞ്ഞു. സുമനസ്സുകളായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കോര്‍പ്പറേറ്റുകളുടെ സി എസ് ആര്‍ ഫണ്ടുകളും ഉപയോഗിച്ചാണ് ഈ സൗകര്യങ്ങള്‍ സൗജന്യമായി പാവപ്പെട്ടവര്‍ക്ക് നല്‍കിവരുന്നത്.

കെ ജെ പീറ്റര്‍ നയിക്കുന്ന ജെറാമിയ ബെര്‍ട്ടോണി ഗ്രൂപ്പിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കാന്‍ക്യൂര്‍ പാലിയേറ്റീവ് കേന്ദ്രവും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതുവരെ 200-ലധികം അശരണരായ രോഗികള്‍ക്ക് ഈ കേന്ദ്രം ആശ്രയമായി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്ന് ചികിത്സ പൂര്‍ത്തിയാക്കി ജീവിതാന്ത്യത്തിലേക്ക് കടക്കുന്ന ഉറ്റവരും ഉടയവരും ഇല്ലാത്ത രോഗികള്‍ക്കാണ് ഇവിടെ പരിചരണം നല്‍കുന്നത്.
40 കിടക്കകളുള്ള ഈ സാന്ത്വന പരിചരണ കേന്ദ്രത്തില്‍ ഇതുവരെ 80-ലധികം രോഗികള്‍ക്ക് ആദരവോടെയുള്ള അന്ത്യം ലഭിക്കാന്‍ സഹായം ചെയ്തിട്ടുണ്ട്.

ഈ രണ്ടു സ്ഥാപനങ്ങളുടെയും സേവന പരിധി വര്‍ധിപ്പിക്കുന്നതിനായി സമീപത്തെ സ്ഥലത്ത് 20,000 ചതുരശ്ര അടിയില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ‘കാന്‍ക്യൂര്‍ കെയര്‍ സെന്റര്‍’ എന്ന പേരിലുള്ള ഈ പുതിയ പദ്ധതിയില്‍ 25 ഡയാലിസിസ് മെഷീനുകളും 100 പാലിയേറ്റീവ് കിടക്കകളും ഉണ്ടായിരിക്കും എന്ന് കാന്‍ക്യൂര്‍ സെക്രട്ടറി ആര്‍ മാധവ് ചന്ദ്രന്‍ അറിയിച്ചു.

പൊതുമേഖല സംരംഭങ്ങളായ ബി പി സി എല്‍, കെ എസ് ഐ ഡി സി എന്നിവയെ കൂടാതെ എസ് എം എ്സ് ബില്‍ഡേഴ്‌സ് എന്ന സ്വകാര്യ സ്ഥാപനവും പുതിയ കെട്ടിടത്തിന്റെ ഓരോ നിലകളുടെയും നിര്‍മാണത്തില്‍ പങ്കാളികളാകും. 18 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ പദ്ധതിക്കുള്ള ധനസമാഹരണാര്‍ഥം കൂടിയാണ് സംഗീത സന്ധ്യ സംഘടിപ്പിച്ചിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!