

ആലുവ: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് ആലുവയില്‍ റാലി നടത്തിയ അമ്പതോളം വാഹന ഉടമകള്‍ക്ക് എതിരെ കേസ്. കീഴ്മാട് പഞ്ചായത്തിലെ ക്ലബുകള്‍ നടത്തിയ റാലിയില്‍ പങ്കെടുത്ത വാഹന ഉടമകള്‍ക്കെതിരെയാണ് ആലുവ പൊലിസ് കേസെടുത്തത്.

അപകടകരമാം വിധം ഡോറുകളും ഡിക്കിയും തുറന്ന് വച്ച് സാഹസിക പ്രകടനം നടത്തിയ കാറുകള്‍, സൈലന്‍സറില്‍ ചവിട്ടി നിന്ന് അഭ്യാസപ്രകടനം നടത്തിയ ടൂ വീലറുകള്‍, ചെറിയ കുട്ടികള്‍ ഓടിച്ച വാഹനങ്ങള്‍, അഭ്യാസപ്രകടനം നടത്തിയ ഓട്ടോറിക്ഷകള്‍ എന്നീ വാഹനങ്ങളുടെ ഉടമകള്‍ക്കാണ് നോട്ടീസയക്കുന്നത്.

ലോകകപ്പ് ആവേശവുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരാധകര്‍ നിരവധി പരിപാടികള്‍ നടത്തിയിരുന്നു. ആരാധക മത്സരം കട്ടൗട്ട് പോരിലേക്കും എത്തിയ സാഹചര്യം സംസ്ഥാനത്തുണ്ടായിരുന്നു. ഖത്തര്‍ ലോകകപ്പിന്റെ വരവ് അറിയിച്ച് എറണാകുളം പറവൂരിലും ലോകകപ്പ് വിളംബര ജാഥ സംഘടിപ്പിച്ചിരുന്നു.
വിവിധ രാജ്യങ്ങളുടെ ആരാധകര്‍ അതാത് രാജ്യങ്ങളുടെ ജഴ്‌സി അണിഞ്ഞും പതാകകള്‍ വീശിയും ജാഥയില്‍ പങ്കാളികളായി. ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു വിളംബര ജാഥ. ചേന്ദമംഗലം കവലയില്‍ നിന്ന് പറവൂര്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ് വരെയായിരുന്നു ജാഥ നടന്നത്.

