
ചെന്നൈ: വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ ജോഡികളാക്കി ചെല്ലാ അയ്യാവു സംവിധാനം ചെയ്യുന്ന സ്‌പോര്‍ട്‌സ് ഡ്രാമാ ആക്ഷന്‍ ചിത്രമാണ് ഗട്ടാ ഗുസ്തി. നേരത്തെ വിഷ്ണു വിശാലിനെ നായകനാക്കി സിലുക്കുവാര്‍പെട്ടി സിങ്കം എന്ന ഹിറ്റ് സിനിമ സമ്മാനിച്ച സംവിധായകനാണ് ചെല്ലാ അയ്യാവു എന്നതും ശ്രദ്ധേയമാണ്.

തെലുങ്ക് താരം രവി തേജ, വിഷ്ണു വിശാല്‍ എന്നിവര്‍ ചേര്‍ന്നാണ് ആര്‍ ടി ടീം വര്‍ക്‌സിന്റെയും വി വി സ്റ്റുഡിയോസിന്റെയും ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിന് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരില്‍ നിന്നും വലിയ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോള്‍ പുതിയ സ്റ്റില്ലുകളും പുറത്തു വിട്ടിരിക്കുകയാണ് അണിയറക്കാര്‍.


ഗുസ്തിയും തല്ലും ബഹളവുമായി നടക്കുന്ന യുവാവ് ആണ് വീര. പക്ഷേ, താന്‍ കല്യാണം കഴിക്കുന്ന കുട്ടി അടക്കവും ഒതുക്കവും ഉള്ള പാവമായിരിക്കണമെന്നാണ് വീരയുടെ ആഗ്രഹം. നാട്ടില്‍ വഴക്കാളിയായതു കൊണ്ട് സ്വന്തം നാട്ടില്‍ നിന്നാരും തന്നെ വീരയ്ക്ക് പെണ്ണിനെ നല്‍കില്ല. അവസാനം കേരളത്തില്‍ നിന്നും കീര്‍ത്തി എന്ന പെണ്‍കുട്ടിയെ വീര വിവാഹം കഴിക്കുന്നു. മൂക്കത്ത് ദേഷ്യമുള്ള, ഒന്നു പറഞ്ഞ് രണ്ടാമത് തല്ലിനിറങ്ങുന്ന പരാക്രമിയായ പെണ്‍കുട്ടിയാണ് കീര്‍ത്തി. കല്യാണത്തെ തുടര്‍ന്ന് ഇവരുടെ ജീവിതത്തിലുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് ചിത്രത്തിന്റെ കഥാ പ്രയാണം.
മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക് സിനിമകളിലും തിളങ്ങുകയാണ് ഐശ്വര്യ ലക്ഷ്മി. മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയില്‍ സെല്‍വനില്‍ പൂങ്കുഴലി എന്ന ഗംഭീര കഥാപാത്രത്തെ അവതരിപ്പിച്ച് താരം കൈയ്യടി നേടിയിരുന്നു. ഗട്ടാ ഗുസ്തിയും താരത്തിനു മറ്റൊരു വഴിത്തിരിവായി ഭവിക്കും എന്നാണു പ്രതീക്ഷ. അത്രയും വ്യത്യസ്തതയുള്ള ശക്തമായ നായികാ കഥാപാത്രത്തെയാണത്രെ ഈ സിനിമയില്‍ ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്നത്.
ഹരീഷ് പേരടി, കരുണാസ്, മുനീഷ് കാന്ത്, കിംഗ്സ്ലി,
ശ്രീജ രവി, അജയ്, കാളി വെങ്കട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും റിച്ചാര്‍ഡ് എം നാഥന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ഡിസംബര്‍ 2ന് മാജിക് ഫ്രെയിംസ് ഗട്ടാ ഗുസ്തി കേരളത്തില്‍ റിലീസ് ചെയ്യും.

