

പയ്യന്നൂര്‍: മലയാളഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെക്കുറിച്ചും കുട്ടികളില്‍ അവബോധമുണര്‍ത്താന്‍ സ്‌കൂള്‍ അസംബ്ലിയില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു സ്‌കൂളില്‍ വര്‍ണ്ണാഭമായ കേരളപ്പിറവി ദിനം ആചരിച്ചു.

ചടങ്ങില്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ദിവ്യ കെ പി സ്വാഗതം പറഞ്ഞു. സ്‌കൂള്‍ സി ഇ ഒ മുഹമ്മദ് സഅദ്, ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പ്രിന്‍സിപ്പല്‍ ടി പി സുരേഷ് പൊതുവാള്‍ എന്നിവര്‍ കേരളപ്പിറവിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംവദിച്ചു.

കേരളപൈതൃകത്തെ സ്മരിച്ചുകൊണ്ടുള്ള നാലാം തരത്തിലെ ഫാത്തിമ ആനിയ ആലപിച്ച ഗാനം ഏറെ ആസ്വാദ്യകരമായിരുന്നു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെക്കുറിച്ചുള്ള ഒമ്പതാം തരത്തിലെ ഫര്‍ഹ ഫാത്തിമയുടെ പ്രസംഗം വേറിട്ട് നിന്നു. പന്ത്രണ്ടാം തരത്തിലെ നിവേദ്യയും സംഘവും അവതരിപ്പിച്ച മനോഹരമായ ഗാനം കുട്ടികള്‍ക്ക് ഇമ്പമുള്ളതാക്കിത്തീര്‍ത്തു.
കേരളത്തിന്റെ മനോഹാരിതയെ തൊട്ടുണര്‍ത്തുന്ന കെ ജിയിലെ പിഞ്ചോമനകളുടെ നൃത്താവതരണം കുട്ടികളില്‍ നവ്യാനുഭൂതി പകര്‍ന്നു. സ്‌കൂള്‍ പ്രോഗ്രാം കമ്മിറ്റി കോഡിനേറ്റര്‍ ശരണ്യ കെ എം ടീച്ചര്‍ നന്ദി പറഞ്ഞു.

