

കൊച്ചി: പ്രവര്‍ത്തനരഹിതമായ കേള്‍വി സഹായി തിരിച്ച് വാങ്ങിയിട്ടും അതിന്റെ വില ഉപഭോക്താവിന് മടക്കി നല്‍കാത്ത വ്യാപാരിയുടെ നടപടി സേവനത്തിലെ അപര്യാപ്തതയും അധാര്‍മിക വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. എറണാകുളം കുമ്പളം സ്വദേശി കൃഷ്ണരാജ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

കൃഷ്ണരാജിന്റെ മാതാവിന്റെ കേള്‍വി ശക്തി കുറഞ്ഞതിനാല്‍ എറണാകുളം വൈറ്റിലയിലെ ധ്വനി ഹിയറിങ് സെന്ററില്‍ നിന്നും 14,900 രൂപ നല്‍കി ഹിയറിങ് എയ്ഡ് വാങ്ങി. എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഉപകരണം പ്രവര്‍ത്തനരഹിതമായി അംഗപരിമിതയും പ്രായാധിക്യവുമുള്ള മാതാവിനെ കോടതിയില്‍ വരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മകന്‍ പരാതിയുമായി കമ്മീഷനെ സമീപിച്ചത്.

എന്നാല്‍ പരാതിക്കാരനല്ല ഉപകരണം വാങ്ങിയതെന്ന വിചിത്രമായ വാദമാണ് വ്യാപാരി കോടതിയില്‍ ഉന്നയിച്ചത്. സാങ്കേതികമായ കാര്യങ്ങള്‍ ഉന്നയിച്ചു ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്നത് സേവനത്തിലെ വീഴ്ചയും അധാര്‍മികവുമായി വ്യാപാര രീതിയുമാണെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. വ്യാപാരത്തില്‍ ധാര്‍മിക പുലര്‍ത്തുക എന്നത് നിയമപരമായി ആവശ്യം മാത്രമല്ല, എല്ലാവരേയും ഉള്‍ക്കൊള്ളുന്ന രീതിയിലുള്ള വിപണി കൂടി സൃഷ്ടിക്കുകയാണ്.
അംഗപരിമിതരായവരുടെ സങ്കടങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുകയും പരിഹാരം കാണുകയും ചെയ്യുക എന്നത് സാമൂഹ്യ ഉത്തരവാദിത്തമായി കാണണമെന്നും കോടതി നിരീക്ഷിച്ചു. ഹിയറിങ് എയിഡിന്റെ വിലയായ 14,900 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി പതിനായിരം രൂപയും ഒരു മാസത്തിനകം പരാതിക്കാരന് വ്യാപാരി നല്‍കണമെന്ന് കമ്മീഷന്‍ പ്രസിഡന്റ് ഡി ബി ബിനു, അംഗങ്ങളായ വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.

