
ചെന്നൈ: കുട്ടിക്കാലം മുതല്‍ ഭാവിയില്‍ മുത്തച്ഛനെ പോലെ നടനാകണം എന്നായിരുന്നു നടികര്‍ തിലകം ശിവാജി ഗണേശന്റെ ചെറുമകന്‍ ദര്‍ഷന്‍ ഗണേശന്റെ ആഗ്രഹം. ശിവാജിയുടെ മൂത്ത മകന്‍ രാംകുമാറിന്റെ ഇളയ മകനാണ് ദര്‍ഷന്‍. എന്നാല്‍ സഭാകമ്പം അതിന് തടസമായിരുന്നു. സ്വതവേ ലജ്ജാലുവും ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരനുമായിരുന്നു. ചെറുപ്പകാലത്ത് തന്നെ ദര്‍ഷന്‍ നൃത്തം, കര്‍ണാടക സംഗീതം, നാടക അഭിനയം എന്നിവ അഭ്യസിക്കാന്‍ തുടങ്ങി. അത് വേദിയില്‍ കയറുമ്പോള്‍ അദ്ദേഹത്തില്‍ വലിയൊരു മാറ്റവും ആത്മവിശ്വാസവും നല്‍കി.

കോളേജില്‍ വെച്ച് ആദ്യ നാടകത്തില്‍ അഭിനയിച്ചതോടെ കാര്യങ്ങളെല്ലാം കൃത്യമായ ദിശയിലായി. സഭാകമ്പം പൂര്‍ണമായും മാറി. ആ അനുഭവം അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ വഴിത്തിരിവായി. ഇനി തന്റെ ജീവിതം സിനിമക്കും അഭിനയത്തിനും അര്‍പ്പിക്കാനുള്ളതാണെന്ന് മനസില്‍ ദൃഢനിശ്ചയം ചെയ്തു. കലാ കുടുംബവും ദര്‍ഷന് പ്രചോദനവും പിന്തുണയും നല്‍കി. തുടര്‍ന്ന് ഫ്‌ളെയ്മില്‍ നാടകം, സിനിമ, ടെലിവിഷന്‍ അഭിനയ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ, ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തുടങ്ങിയ പ്രശസ്തമായ സ്ഥാപനങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും മികച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു.

അഭിനയ പഠനം പൂര്‍ത്തിയാക്കിയ ശേഷം, ഇന്ത്യയിലുടനീളമുള്ള വിവിധ നാടക സംഘങ്ങളുമായി സഹകരിച്ചു കൊണ്ട് ദര്‍ഷന്‍ അനുഭവം നേടാനായി നാടകരംഗത്ത് കൂടുതല്‍ സജീവമായി. തെരുവ് നാടകങ്ങള്‍, ഇംഗ്ലീഷ് നാടകങ്ങള്‍, ഹിന്ദി നാടകാവതരണങ്ങള്‍ പ്രശസ്തമായ ‘സബ’ ഗ്രൂപ്പുകള്‍ക്കൊപ്പമുള്ളവ ഉള്‍പ്പെടെ വേഷമിട്ടു. ഒപ്പം നിരന്തരം പുതിയ കാര്യങ്ങള്‍ പഠിക്കുകയും തന്റെ അഭിനയശൈലി മെച്ചപ്പെടുത്തുകയും ചെയ്തു.
കോവിഡ് മഹാമാരിയുടെ തീവ്രത കുറഞ്ഞതോടെ, പരസ്യങ്ങളിലും സിനിമകളിലും അവസരം തേടി ഓഡിഷനുകളില്‍ പങ്കെടുക്കാന്‍ സ്വയം പ്രയത്‌നിച്ചു. നിരന്തരമായ പരിശ്രമങ്ങള്‍ക്ക് താമസിയാതെ ഫലം കണ്ടു. ആദ്യത്തെ പരസ്യത്തില്‍ അവസരം ലഭിച്ചതോടെ കൂടുതല്‍ അവസരങ്ങള്‍ ദര്‍ഷനെ തേടിയെത്തി. കാഡ്ബറി, കൊക്കക്കോള, മിന്ത്ര, പേടിഎം തുടങ്ങിയ പ്രമുഖ ബഹുരാഷ്ട്ര ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ അഭിനയിച്ചു കൊണ്ട് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. കഠിനാധ്വാനവും പരിശീലനവും സിനിമയോടും അഭിനയത്തോടും ഉള്ള തന്റെ അടങ്ങാത്ത അഭിനിവേശവും ഒടുവില്‍ അദ്ദേഹത്തെ ആദ്യ സിനിമയിലെ വേഷത്തിലെത്തിച്ചു. അങ്ങനെ ദര്‍ഷന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുന്ന ശുഭയാത്ര ആരംഭിക്കുന്നു.
തമിഴിലെ പ്രശസ്ത സിനിമാ നിര്‍മ്മാണ സ്ഥാപനമായ സത്യജ്യോതി ഫിലിംസ് തങ്ങളുടെ ലെനിന്‍ പാണ്ഡ്യന്‍ എന്ന സിനിമയിലൂടെ ദര്‍ഷനെ നായകനായി അവതരിപ്പിക്കയാണ്. പ്രഗത്ഭരായ റോജ, ഗംഗൈ അമരന്‍, ഇളവരസു എന്നിവര്‍ക്കൊപ്പമാണ് വെള്ളിത്തിരയില്‍ ദര്‍ഷന്‍ നായകനായി അഭിനയത്തിന്റെ ചുവടു വെക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ഇസൈജ്ഞാനി ഇളയരാജയാണ് ദര്‍ഷന്റെ ലോഞ്ചിങ് നിര്‍വഹിച്ചത്. ചെറിയച്ഛന്‍ പ്രഭു, ജ്യേഷ്ഠന്‍ വിക്രം പ്രഭു എന്നിവരെ പോലെ പിതാമഹന്‍ ശിവാജി ഗണേശന്റെ യശസ്സു നില നിര്‍ത്തുവാന്‍ പ്രതിജ്ഞാബദ്‌നായി അര്‍പ്പണ ബോധത്തോടെയും കൃത്യനിഷ്ഠയോടെയും സജീവമാകുകയാണ് ദര്‍ഷന്‍ ഗണേശന്‍.
രജനികാന്ത്, കമലഹാസന്‍ തുടങ്ങി തമിഴ് സിനിമയിലെ ജാമ്പവാന്മാരൊക്കെ ദര്‍ഷന്‍ ഗണേശനെ അനുഗ്രഹിച്ച് ആശംസിച്ചിരിക്കയാണ്. സെപ്റ്റംബര്‍ 25ന് അരങ്ങേറ്റ ചിത്രമായ ലെനിന്‍ പാണ്ഡ്യന്‍ പ്രദര്‍ശനത്തിനെത്തും.

