

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുവാന്‍ തയ്യാറല്ലാത്ത പശ്ചാത്തലത്തില്‍ കെ റെയില്‍ പദ്ധതി സംസ്ഥാനത്തിന് ഉണ്ടാക്കാന്‍ പോകുന്നത് നിര്‍ണ്ണയങ്ങള്‍ക്കും അപ്പുറത്തുള്ള കടബാധ്യതയായിരിക്കുമെന്നും കോവിഡിന്റെ പശ്ചാത്തലത്തില്‍ വല്ലാത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന സംസ്ഥാനം അക്കാരണം കൊണ്ടുതന്നെ കെ റെയില്‍ പദ്ധതി ഉപേക്ഷിക്കേണ്ടതാണെന്നും ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് കേന്ദ്ര സമിതിയോഗം അഭിപ്രായപ്പെട്ടു.

വര്‍ഷങ്ങള്‍ മുന്നോട്ടുപോകുന്തോറും ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തിലും കുടിയിറക്കപ്പെടേണ്ട ഇരുപതിനായിരത്തിലേറെ കുടുംബങ്ങളുടെ പുനരധിവാസ പ്രശ്‌നങ്ങളുമൊക്കെ വലിയ പ്രതിസന്ധിയായി മുന്നില്‍ നില്‍ക്കുമ്പോള്‍ കെ റെയില്‍ പദ്ധതിനടപ്പിലാക്കുമെന്ന നിര്‍ബന്ധ ബുദ്ധിയുമായി സര്‍ക്കാര്‍ നിലകൊള്ളുന്നത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേന്ദ്രസമിതിയോഗം അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ജനാഭിപ്രായത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കണമെന്നും പദ്ധതി പ്രാവര്‍ത്തികമായാല്‍ത്തന്നെ ഉയര്‍ന്ന യാത്രാ നിരക്കു നല്‍കി എത്രമാത്രം യാത്രക്കാര്‍ പദ്ധതി പ്രയോജനപ്പെടുത്തുമെന്നതും അന്വേഷിക്കുവാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യം മനസിലാക്കുന്നതിന് ദീര്‍ഘദൂര യാത്രക്കാര്‍ക്കിടയില്‍ ഒരു സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആവശ്യപ്പെട്ടു.

ഈ പശ്ചാത്തലത്തില്‍ കെ റെയില്‍ പദ്ധതി; കാലാവസ്ഥ വ്യതിയാനവും സാമ്പത്തിക അപ്രായോഗികതയും എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഒക്ടോബര്‍ 28ന് വെബിനാര്‍ നടത്തും.
ഇന്ത്യന്‍ റെയില്‍വേ റിട്ട. ചീഫ് എഞ്ചിനീയര്‍ അലോക് വര്‍മ്മ വെബിനാറില്‍ മുഖ്യപ്രഭാഷണം നടത്തും. പി ഡബ്ല്യു ഡി റിട്ടയേര്‍ഡ് ചീഫ് എഞ്ചിനീയര്‍ പി എ ഷാനവാസ്, കെ റെയില്‍ വിരുദ്ധ ജനകീയ സമിതി നേതാവ് എം പി ബാബുരാജ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും.
ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പ്രസിഡന്റ് ഫെലിക്‌സ് ജെ പുല്ലൂടന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ ബി വേണുഗോപാല്‍, പ്രഫ. സൂസന്‍ ജോണ്‍, ഡോ. മേരിദാസ് കല്ലൂര്‍, എ വി എം രാമന്‍, പി എ പ്രേംബാബു, അഡ്വ. സി. ടീന ജോസ്, ജോര്‍ജ്ജ് കാട്ടുനിലത്ത്, കെ ഡി മാര്‍ട്ടിന്‍, കെ പി സേതുനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

