
കൊച്ചി: വികസിത ഭാരതിൻ്റെ ഭാഗമായിരിക്കും നമ്മൾ ഓരോരുത്തരുമെന്ന സന്ദേശമാണ് കൊച്ചിയിൽ നടക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ ദേശീയ കണ്‍വെന്‍ഷന്‍ സമൂഹത്തിന് നൽകേണ്ടതെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പറഞ്ഞു. ബോള്‍ഗാട്ടി ഹോട്ടല്‍ ഗ്രാന്റ് ഹയാത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അന്‍പത്തി മൂന്നാമത് ദേശീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുരോഗമനപരവും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ ഭാരത് എന്ന സമ്മേളന പ്രമേയത്തെ മുൻനിർത്തി വികസിത് ഭാരതിൻ്റെ സാധ്യതകളാണ് അർലേക്കർ സംസാരിച്ചത്.

വികസിത് ഭാരതിന് തൻ്റെ സംഭാവന എന്താണെന്ന് ചിന്തിക്കണം. രാജ്യത്തിൻ്റെ മാറ്റങ്ങളിൽ കാഴ്ചക്കാരനാവുകയല്ല ഭാഗമാവുകയാണ് വേണ്ടത്. സ്വാതന്ത്യ സമരം വീടിൻ്റെ ജനലിലൂടെ നോക്കിക്കണ്ടു എന്നു പറഞ്ഞ പിതാവിനെ തിരുത്തി താങ്കൾ അതിൻ്റെ ഭാഗമാകണമായിരുന്നു എന്നു പറഞ്ഞ മകനെ പോലെയാകണമെന്നും ഗവർണർ പറഞ്ഞു.
ന്യൂയോർക്കിലെ കോഫി ഷോപ്പിൽ പോലും ഇന്ത്യൻ രൂപ സ്വീകരിക്കുന്ന കാലമാണ് വികസിത് ഭാരതിലൂടെ സ്വപ്നം കാണുന്നത്.
എപ്പോഴും സത്യത്തിൻ്റെയും ധർമത്തിൻ്റെയും പക്ഷം തിരിച്ചറിയാൻ കഴിയണമെന്നും ഗവർണർ പറഞ്ഞു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ പ്രസിഡൻ്റ് ധനഞ്ജയ് ശുക്ല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് പവൻ ജി ചന്ദക്, പ്രോഗ്രാം ഡയറക്ടർ ദ്വാരകാനാഥ് സി, സെക്രട്ടറി ആശിഷ് മോഹൻ എന്നിവർ പ്രസംഗിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ വിവിധ പുരസ്കാരങ്ങൾ ഗവർണർ വിതരണം ചെയ്തു.
സമ്മേളനത്തിൽ പാര്‍ലമെന്റ് അംഗം എന്‍ കെ പ്രേമചന്ദ്രന്‍ വിശിഷ്ടാതിഥിയായിരുന്നു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ വിവിധ സെഷനുകളിലായി ടെക്നിക്കൽ, മോട്ടിവേഷണല്‍, സ്‌പെഷ്യൽ ചർച്ചകളും സാംസ്‌ക്കാരിക പരിപാടികളും അരങ്ങേറും.
എം എസ് എം ഇകളും സ്റ്റാര്‍ട്ടപ്പുകളും: സാമ്പത്തിക ആവാസവ്യവസ്ഥയുടേുയം സാങ്കേതിക വിദ്യയുടേയും പങ്ക്, എഐയുടെ ഉദയം: കഴിവുകള്‍, സാധ്യതകള്‍ വെല്ലുവിളികള്‍, സുസ്ഥിര സമ്പദ് വ്യവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂലധന വിപണി പരിഷ്‌ക്കാരങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഷയങ്ങള്‍ ഉപപ്രമേയങ്ങളായി സമ്മേളനത്തില്‍ അവതരിപ്പിക്കും.

