ഐ ടി, ടെക് മേഖലയില്‍ കേരളം വന്‍ മുന്നേറ്റ പാതയിലെന്ന് കെ എം എ ഡിജിറ്റല്‍ സമ്മിറ്റില്‍ എസ് സാംബശിവ റാവു

Web Desk
3 Min Read

കൊച്ചി: സാങ്കേതിക മേഖലയിലെ മികച്ച കമ്പനികളും ഈ രംഗത്തെ നേതാക്കളും തങ്ങളുടെ നിക്ഷപത്തിന്റെ കേന്ദ്ര പ്രദേശമായി കേരളത്തെ തെരഞ്ഞെടുക്കണമെന്ന് കേരള സര്‍ക്കാരിന്റെ ഇലക്ട്രോണിക്സ് ആന്റ് ഐ ടി സെക്രട്ടറി എസ് സാംബശിവറാവു പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ എട്ടാമത് കെ എം എ ഡിജിറ്റല്‍ സമ്മിറ്റ് 2025 സ്മാര്‍ട്ട് സിറ്റിയിലെ ലുലു ട്വിന്‍ ടവേഴ്‌സില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ചുരുങ്ങിയ ചെലവില്‍ മികച്ച ഫലം ലഭ്യമാകുന്ന വിധത്തില്‍ കേരളത്തില്‍ ലഭ്യമാകും. ദേശീയ പാതയ്ക്ക് അടുത്തായുള്ള ഐ ടി കോറിഡോറുകള്‍, ഏതൊരു ഗ്രാമത്തിനും അടിസ്ഥാന സൗകര്യങ്ങളുമായുള്ള സാമീപ്യം, എവിടേയും ലഭ്യമാകുന്ന ഹരിതാഭയും ശുദ്ധജലവും ഉള്‍പ്പെടെ കേരളത്തിന്റെ നേട്ടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ആവാസ വ്യവസ്ഥയില്‍ വന്‍ മാറ്റങ്ങളാണ് മുന്‍കാലങ്ങളില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ജനങ്ങളെ ശാക്തീകരിക്കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയുമാണ്. ആരോഗ്യം, വിദ്യാഭ്യാസം മേഖലകളില്‍ കേരളം രാജ്യത്തിന് മാതൃകയാണ്. ജീവിത നിലവാരത്തിലും അടിസ്ഥാനസൗകര്യ വികസനത്തിലും വന്‍ കുതിച്ചു ചാട്ടമാണ് കേരളത്തില്‍ സമീപകാലത്തുണ്ടായത്. ഉന്നത നിലവാരത്തിലുള്ള മികച്ച വിദ്യാഭ്യാസമാണ് കേരളത്തില്‍ ലഭിക്കുന്നത്.

നിക്ഷേപ രംഗത്ത് കേരള സര്‍ക്കാര്‍ വലിയ ശ്രദ്ധയാണ് ചെലുത്തന്നത്. ഉത്തരവാദിത്വ നിക്ഷേപ നയമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഐ ടി, ടെക് മേഖലയിലും കേരളം മുന്നോറുകയാണ്.

- Advertisement -
Ad image

തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ഐ ടി ടവറായ ലുലു ഐ ടി ടവറിലാണ് ഡിജിറ്റല്‍ സമ്മിറ്റ് നടക്കുന്നത് എന്നതു തന്നെ ഈ രംഗത്തെ കേരളത്തിന്റെ മാറ്റമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ സ്വകാര്യ നിക്ഷേപങ്ങള്‍ ഈ മേഖലയില്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായും എസ് സാബശിവ റാവു പറഞ്ഞു.

ഉദ്ഘാടന സെഷനില്‍ ഗൂഗിള്‍ ക്ലൗഡ് ഇന്ത്യ ആന്റ് സാര്‍ക്ക് മേഖലകളിലെ എമര്‍ജിംഗ് ആന്റ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്സ് ഗ്രോത്ത് ലീഡറായ സത്യേന്ദ്ര ഖാരെ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സാങ്കേതിക വളരെ വേഗത്തിലാണ് വളരുന്നതെന്നും ജീവിതത്തെ കൂടുതല്‍ എളുപ്പമാക്കാനാണ് സാങ്കേതിക മാറ്റങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉദ്ഘാടന സെഷനില്‍ കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ ഹരികുമാര്‍ അധ്യകത വഹിച്ചു. രമേഷ് നായര്‍ സ്വാഗതവും അനില്‍ വര്‍മ നന്ദിയും പറഞ്ഞു.

‘പുനര്‍വിചിന്തന പ്രവര്‍ത്തനം: ഓട്ടോമേഷന്‍ മുതല്‍ ഓഗ്മെന്റേഷന്‍ വരെ’ എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ ഡിജിറ്റല്‍ ഉച്ചകോടി സംഘടിപ്പിച്ചത്. സാങ്കേതികവിദ്യയും മനുഷ്യ ബുദ്ധിയും ചേര്‍ന്ന് എങ്ങനെ ആധുനിക തൊഴില്‍ ലോകത്തെ ഉത്പാദനക്ഷമത, സൃഷ്ടിശേഷി, വളര്‍ച്ച എന്നിവയിലൂടെ പുനര്‍നിര്‍വചിക്കുന്നു എന്നാണ് ഉച്ചകോടി അന്വേഷിച്ചത്.

ഇന്‍ഫോപാര്‍ക്ക് സി ഇ ഒ സുശാന്ത് കുറുന്തില്‍, ടാറ്റ എല്‍ക്‌സി സെന്റര്‍ ഹെഡ് ശ്രീകുമാര്‍ വി, ക്ലേസിസ് ടെക്നോളജീസ് മാനേജിംഗ് ഡയറക്ടര്‍ വിനോദ് തരകന്‍, കാനറി ഡിജിറ്റല്‍ സ്ഥാപകനും സി ഇ ഒയുമായ മനോജ്കുമാര്‍ ആര്‍ എന്നിവര്‍ സംസാരിച്ചു.

നിര്‍മിത ബുദ്ധി: മാനേജര്‍മാരുടെ വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ എക്സ്പ്രസ് കംപ്യൂട്ടര്‍ എഡിറ്റര്‍ ശ്രീകാന്ത് എ പി മോഡറേറ്ററായിരുന്നു. ആപ്റ്റിവ് ഡയറക്ടര്‍ പ്രതിക് ഷേത്, ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റ് ഐ ടി ജോണ്‍സണ്‍ ജോസ്, മൈക്രോസോഫ്റ്റ് ബി എഫ് എസ് ഐ സി ടി ഒയും കസ്റ്റമര്‍ ടെക്‌നോളജി സ്ട്രാറ്റജി ഡയറക്ടറുമായ വിജോഷ് അമ്മായത്ത്, ലുലു ഗ്രൂപ്പ് ഇന്ത്യ സി ഐ ഒ അനില്‍ മേനോന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സുസ്ഥിര സാങ്കേതിക ഹബ്ബായി കേരളത്തിന്റെ വികസനം എന്ന പാനല്‍ ചര്‍ച്ചയില്‍ ജിസിസിഒഎസ്എസ് സി ഇ ഒ ജോസഫ് മാര്‍ട്ടിന്‍ മോഡറേറ്ററായിരുന്നു. ഇവൈ പാര്‍ട്ണറും പ്രിന്‍സിപ്പല്‍ ജിഡിഎസുമായ കോശി മാത്യു, ഇ എസ് ജി ആന്റ് സസ്റ്റയ്നബ്ള്‍ സര്‍വീസസ് യു എസ് ടി ഡയറക്ടര്‍ ഫൗസ്മി അബ്ദുല്‍ ഗഫൂര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ ജനറല്‍ മാനേജര്‍ സി ഐ ഒ സോണി എ, നെറ്റ് സീറോ മാട്രിക്സ് സി ഒ ഒ ജിഗ്‌നേഷ് ജനാര്‍ദ്ദനന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രചോദനാത്മക പ്രഭാഷണങ്ങള്‍, നവീന ഉത്പന്ന അവതരണങ്ങള്‍ എന്നിവയുമുണ്ടായി.

Share This Article
Leave a Comment
error: Content is protected !!