
കൊച്ചി: വൈറ്റില സില്‍വര്‍ സാന്‍ഡ് ഐലന്‍ഡിലെ ചന്ദര്‍കുഞ്ജ് ഇരട്ട ടവറുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി പരിശോധനകളും സാങ്കേതിക പരിശോധനാ പരീക്ഷണങ്ങളും നടത്താന്‍ റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ (ആര് ഡബ്ല്യു എ) അനുമതിയോടെ മുംബൈ ആസ്ഥാനമായ എഡിഫൈസ് എന്‍ജിനിയറിങ്ങിന്റെയും ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ജെറ്റ് ഡിമോളിഷന്റെയും പ്രതിനിധികള്‍ കൊച്ചിയിലെത്തി.

എഡിഫൈസ് എന്‍ജിനിയറിങ് പാര്‍ട്ണര്‍ ഉത്കര്‍ഷ് മെഹ്ത, ജെറ്റ് ഡിമോളിഷന്‍ ഓപ്പറേഷന്‍സ് മാനേജര്‍ കെവിന് സ്മിത്, ടെക്നീഷ്യന് റോബര്‍ട്ട് ബ്രിങ്ക്മാന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധനകള്‍ക്കായി എത്തിയത്. മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കിയതും എഡിഫൈസ് എന്‍ജിനിയറിങ്ങാണ്. അന്ന് ജെറ്റ് ഡിമോളിഷന്‍ സാങ്കേതിക സഹകരണം നല്‍കിയിരുന്നു.

കെട്ടിടങ്ങളുടെ ഘടനാപരമായ ദൃഢത, ഭാരം താങ്ങാനുള്ള ശേഷി, കോണ്‍ക്രീറ്റിന്റെ ഗുണനിലവാരം, ഇരുമ്പ് കമ്പികളുടെ അവസ്ഥ, കെട്ടിടങ്ങളുടെ മൊത്തത്തിലുള്ള സ്വഭാവം എന്നിവയാണ് ഇപ്പോള്‍ പരിശോധിക്കുന്നതെന്ന് ഉത്കര്‍ഷ് മെഹ്ത പറഞ്ഞു. കരാര്‍ പ്രകാരം ആറുമാസത്തിനകം ടവറുകള്‍ പൊളിച്ചുനീക്കണം. നിലവിലെ പരിശോധനയിലൂടെ ടവറുകളുടെ ഘടനാപരമായ ഭാഗങ്ങള്‍ക്ക് സംഭവിച്ചിട്ടുള്ള കേടുപാടുകളുടെ വ്യാപ്തി നിര്‍ണയിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ പഠനത്തിനും പരിശോധനകള്‍ക്കുമായി ആര് ഡബ്ല്യു എയുടെ പൂര്‍ണ സഹകരണം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍മാണരീതിയിലും ഘടനാപരമായ രൂപകല്‍പ്പനയിലും മരടിലെ കെട്ടിടങ്ങളില്‍ നിന്ന് ചന്ദര്‍കുഞ്ജ് ടവറുകള്‍ വ്യത്യസ്തമാണെങ്കിലും സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള ‘ഇംപ്ലോഷന്‍’ സാങ്കേതിക വിദ്യയിലൂടെയായിരിക്കും പൊളിക്കല്‍ നടത്തുകയെന്ന് ഉത്കര്‍ഷ് മെഹ്ത വ്യക്തമാക്കി. സമീപത്തെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ക്കും കൊച്ചി മെട്രോ റെയില്‍ പാതയ്ക്കും യാതൊരു ഭീഷണിയും ഉണ്ടാകില്ലെന്നും അവ ടവറുകളില്‍ നിന്ന് 50 മീറ്ററിലേറെ അകലെയാണെന്നും അദ്ദേഹം പറഞ്ഞു. ഒന്‍പത് മീറ്റര്‍ മാത്രം അകലെയുള്ള കെട്ടിടങ്ങള്‍ക്ക് പോലും കേടുപാടുകള്‍ സംഭവിക്കാതെയുള്ള സമാന പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയ അനുഭവം കമ്പനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
26 നിലകള്‍ വീതമുള്ള ചന്ദര്‍കുഞ്ജ് ഇരട്ട ടവറുകള്‍ ആര്‍മി വെല്‍ഫെയര്‍ ഹൗസിങ് ഓര്‍ഗനൈസേഷനാണ് (എ ഡബ്ല്യു എച്ച് ഒ) നിര്‍മിച്ചത്. 204 ഫ്ളാറ്റുകളുള്ള സമുച്ചയത്തില്‍ വിരമിച്ച സൈനികരുടെ 152 കുടുംബങ്ങളാണ് താമസിച്ചിരുന്നത്.

