

ആലുവ: നജാത്ത് ആശുപത്രിയും എടത്തല ഡിഫന്‍ഡേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബും സംയുക്തമായി എടത്തല പഞ്ചായത്ത് ഗ്രൗണ്ടില്‍ നടത്തിയ ഫിറ്റ്‌നസ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ശ്രദ്ധേയമായി.

ഫുട്‌ബോള്‍ കളിക്കിടയില്‍ പരിക്കേറ്റ് ആലുവ നജാത്ത് ആശുപത്രിയില്‍ ലിഗ്മെന്റ് സര്‍ജറി കഴിഞ്ഞ് എട്ടുമാസം തികഞ്ഞവര്‍ക്കായി നടത്തിയതാണ് ഫിറ്റ്‌നസ് ടൂര്‍ണമെന്റ്.

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഹര്‍ഷന്‍ പി ആര്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം നിര്‍വഹിച്ചു. ഇത്തരം ഒരു മത്സരം കാണാന്‍ കഴിഞ്ഞത് ആദ്യമായിട്ടാണെന്നും പരിക്കേറ്റു കളിക്കളം വിട്ടവര്‍ക്ക് തിരികെ മത്സരങ്ങളിലേക്ക് എത്താന്‍ ഇത്തരം ഫിറ്റ്‌നസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ പ്രചോദനമാകുമെന്ന്
ഹര്‍ഷന്‍ പി ആര്‍ പറഞ്ഞു.
ഇരുപത്തിരണ്ടോളം ഫുട്‌ബോള്‍ താരങ്ങളാണ് ടൂര്‍ണമെന്റില്‍ അണിനിരന്നത്. സ്‌പോര്‍ട്‌സ് ഇന്‍ജുറി സര്‍ജറി വിദഗ്ധന്‍ ഡോ. മുഹമ്മദ് റിയാദിന്റെ നേതൃത്വത്തില്‍ ഫിറ്റ്‌നസ് പരിശോധനയ്ക്ക് ശേഷമാണ് കളിക്കാരെ ഗ്രൗണ്ടില്‍ ഇറക്കിയത്.
ഫിറ്റ്‌നസ് മത്സരത്തില്‍ പങ്കെടുത്ത എല്ലാ കളിക്കാര്‍ക്കും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നജാത്ത് ആശുപത്രി ഡയറക്ടര്‍ ഡോ. എം അബ്ബാസ് വിതരണം ചെയ്തു.
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം കലാധരന്‍ എം പി, മുന്‍ എം ജി യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ താരം അബു ഹാരിസ്, മുന്‍ യൂണിവേഴ്‌സിറ്റി താരം ശ്രീജിത്ത്, എടത്തല പഞ്ചായത്ത് അംഗം ജാസ്മിന്‍, നജാത്ത് ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ മുഹമ്മദ് നസീര്‍, ഡിഫന്‍ഡേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ഹക്കീം, സെക്രട്ടറി നവാസ്, ട്രഷറര്‍ മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരും സന്നിഹിതരായിരുന്നു.

