

തിരുവനന്തപുരം: കേരള ക്രിക്കറ്റിന്റെ മുന്‍ ക്യാപ്റ്റനും ഇന്ത്യന്‍ ടീം മാനേജരുമായിരുന്ന ഒ കെ രാംദാസ് തിരുവനന്തപുരത്ത് അന്തരിച്ചു. 74 വയസ്സായിരുന്നു. കണ്ണൂര്‍ തളാപ്പ് സ്വദേശിയായ രാംദാസ് തിരുവനന്തപുരം ജഗതിയിലാണ് താമസം.

എഴുപതുകളില്‍ കേരള ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് നെടുംതൂണായിരുന്ന രാംദാസ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു.

കണ്ണൂര്‍ ക്രിക്കറ്റ് ക്ലബ്ബിലൂടെ വളര്‍ന്ന അദ്ദേഹം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിന്റെ നായകനായിരുന്നു. ജൂനിയര്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനെ തുടര്‍ന്ന് 1968ല്‍ ഇരുപതാം വയസ്സില്‍ മൈസൂരിനെതിരെ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചു. കേരളത്തിനും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനും വേണ്ടി രാംദാസും സുരി ഗോപാലകൃഷ്ണനും ചേര്‍ന്ന് മികച്ച ഓപണിംഗ് കൂട്ടുകെട്ടുകളാണ് സൃഷ്ടിച്ചത്. എഴുപതുകളില്‍ സൗത്ത് സോണിന്റെ മികച്ച ഓപ്പണര്‍മാരായിരുന്നു ഇരുവരും.
1968- 1981 കാലഘട്ടത്തില്‍ 35 രഞ്ജി മത്സരങ്ങളില്‍ കേരളത്തിന് വേണ്ടി കളത്തിലിറങ്ങിയ രാംദാസ് 11 അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 1647 റണ്ണുകള്‍ നേടി. 1970- 73 കാലഘട്ടത്തില്‍ കേരളത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ബാറ്ററായിരുന്നു അദ്ദേഹം. 1972ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ തമിഴ്‌നാടിനെതിരെ നേടിയ 83 റണ്‍സാണ് ടോപ് സ്‌കോര്‍. 1971ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ സിലോണ്‍ ടീമിനെതിരെ കേരള ചീഫ് മിനിസ്റ്റേഴ്‌സ് ഇലവനു വേണ്ടി അനൗദ്യോഗിക ടെസ്റ്റ്് മത്സരത്തില്‍ കളിച്ചിരുന്നു. 1979ല്‍ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ തമിഴ്‌നാടിനെതിരെ ഒരു രഞ്ജി മത്സരത്തില്‍ കേരളത്തെ നയിച്ചു.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റായും സെലക്ടറായും ബി സി സി ഐ മാച്ച് റഫറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ് ബി ടിയില്‍ സ്‌പോര്‍ട്‌സ് ഓഫിസറായാണ് വിരമിച്ചത്.
ഭാര്യ: ശോഭ. മകന്‍: കപില്‍ (കേരള മുന്‍ ജൂനിയര്‍ താരം).

