

കോഴിക്കോട്: വഖഫ് ബോര്‍ഡ് വിഷയത്തില്‍ മതസാമുദായിക ഭിന്നിപ്പും അരക്ഷിതാവസ്ഥ സൃഷ്ടിക്കലുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്.
ഡി സി സിയില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ഭാഗത്ത് അനുനയവും മറുഭാഗത്ത് സാമുദായിക ശിഥിലീകരണവും എന്ന ഇരട്ടനയമാണ് സര്‍ക്കാര്‍ വെച്ചു പുലര്‍ത്തുന്നത്. നടപ്പിലാക്കില്ലെന്നു പറയുന്ന നിയമം റദ്ദ് ചെയ്യാത്തതെന്താണന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടു. മതസാമുദായിക ചിഹ്നങ്ങളെയും സ്വത്വങ്ങളെയും തകര്‍ക്കാനുള്ള തുടര്‍ച്ചയായുള്ള ശ്രമങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
ശബരിമല, ചര്‍ച്ച് ബില്ല്, ദേവസ്വം ബോര്‍ഡ് റിക്രൂട്ട്മെന്റ്, വഖഫ് ബോര്‍ഡ് നിയമനം തുടങ്ങിയ വിഷയങ്ങളിലെല്ലാം മതസാമുദായിക താല്‍പര്യങ്ങളെ തകര്‍ക്കാനുള്ള തുറന്ന യുദ്ധ പ്രഖ്യാപനമാണ് ഇടതുസര്‍ക്കാരില്‍ നിന്നുണ്ടായത്. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും വഖഫ് നിയമങ്ങളിലും നിയമനങ്ങളിലും സ്വീകരിക്കുന്ന മാര്‍ഗങ്ങളില്‍ നിന്നും കേരളം മാത്രം വ്യതിചലിക്കുന്നത് സി പി എമ്മിന്റെ നയപരമായ സമീപനത്തിന്റെ അടിസ്ഥാനത്തിലാണെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ആയിരം തവണ കേരളം ഭരിച്ചാലും വഖഫ് നിയമനം പി എസ് സിക്ക് വിടാന്‍ അനുവദിക്കില്ല. നിലവിലെ മരവിപ്പിക്കല്‍ പ്രശ്ന പരിഹാരമല്ല. അസംബ്ലിയില്‍ നടപ്പാക്കിയ നിയമം അസംബ്ലിയിലൂടെ തന്നെ റദ്ദ് ചെയ്യണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.

