
മനാമ: എണ്‍പതാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കെ എം സി സി ബഹ്റൈന്‍ ആസ്ഥാനത്തെ ഇ അഹമ്മദ് മെമ്മോറിയല്‍ ഹാളില്‍ ഒരുക്കിയ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്ര ചിത്രപ്രദര്‍ശനം പ്രവാസികള്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നു.

സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15ന് കെ എം സി സി സംസ്ഥാന ഭാരവാഹികളായ ഷംസുദ്ദീന്‍ വെള്ളികുളങ്ങര, കെ പി മുസ്തഫ, സലിം തളങ്കര, എന്‍ അബ്ദുല്‍ അസീസ്, അഷറഫ് കക്കണ്ടി എന്നിവരുടെ സാന്നിധ്യത്തില്‍ മാധ്യമ പ്രവര്‍ത്തക രാജി ഉണ്ണികൃഷ്ണനാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.


റഫീഖ് തോട്ടക്കര, ഫൈസല്‍ കണ്ടിത്താഴ, സഹല്‍ തൊടുപുഴ, പി കെ ഇസ്ഹാഖ് എന്നിവര്‍ ആശയവും ആവിഷ്‌കാരവും നിര്‍വ്വഹിച്ച ചിത്രപദര്‍ശനത്തില്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആഗമനം തൊട്ട് ഇന്ത്യ സ്വാതന്ത്ര്യം കിട്ടിയശേഷം ജനാധിപത്യ രീതിയില്‍ ആദ്യമായി അധികാരത്തില്‍ വന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മന്ത്രിസഭയും മന്ത്രിസഭാഗംങ്ങളെയും ഉള്‍പെടുത്തി കൊണ്ടുള്ള ഒരു മുഴുനീള ചരിത്രപശ്ചാത്തലത്തിലാണ് ചിത്ര പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. പുതുതലമുറക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന ചിത്രപദര്‍ശനം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും അതില്‍ പങ്കാളികളായ ധീര ദേശാഭിമാനികളായ സ്വാതന്ത്ര്യ സമര പോരാളികളെയും മറവിക്ക് വിധേയമാക്കരുതെന്നും നിത്യസ്മരണയില്‍ അവരുണ്ടാവണമെന്ന സന്ദേശമാണ് നല്‍കുന്നത്.
ഏതാനും ദിവസങ്ങള്‍ കൂടി വൈകിട്ട് 5 മുതല്‍ രാത്രി 10 വരെ കെ എം സി സി ആസ്ഥാനമന്ദിരത്തില്‍ ചിത്രപ്രദര്‍ശനം ഉണ്ടായിരിക്കുമെന്നും എല്ലാ പ്രവാസി സമൂഹത്തെയും ചിത്രപ്രദര്‍ശനം കാണാന്‍ ക്ഷണിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.

