എറണാകുളം ടൗണില്‍ വന്‍ രാസലഹരി വേട്ട; 250 ഗ്രാമോളം എം ഡി എം എയുമായി രണ്ടുപേര്‍ പിടിയില്‍

Web Desk
2 Min Read

കൊച്ചി: എറണാകുളം നഗരത്തിലെ മയക്കുമരുന്ന് മാഫിയയുടെ വേര് അറുക്കുക എന്ന ഉദ്ദേശ്യത്തോടെ എറണാകുളം എക്‌സൈസ് ഡെപ്യുട്ടി കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ട് പേരെ 250 ഗ്രാമോളം എം ഡി എം എ, 0.008 ഗ്രാം എല്‍ എസ് ഡി സ്റ്റാമ്പ്, 3 ഗ്രാം കഞ്ചാവ് എന്നിവയുമായി പിടികൂടി. എറണാകുളം റേഞ്ച് എക്‌സൈസ് ടീം, എക്‌സൈസ് സ്‌പെഷ്യല്‍ ഇന്റലിജന്‍സ് സ്‌ക്വാഡ് ടീം എന്നിവര്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേരെ പിടികൂടാനായത്.

city exchange

ആലുവ കൊടികുത്തിമല സ്വദേശി പിടികയില്‍ വീട്ടില്‍ മുഹമ്മദ് യാസിന്‍ (25), ആലപ്പുഴ അമ്പലപ്പുഴ കരുമാടി സ്വദേശി കണ്ണങ്കരമഠം വീട്ടില്‍ ആദര്‍ശ് (28) എന്നിവരാണ് എക്‌സൈസിന്റെ കസ്റ്റഡിയിലായത്. മുഹമ്മദ് യാസിനെയാണ് കലൂര്‍ ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയത്തിന് സമീപത്ത് നിന്നും ആദ്യം പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് 5 ഗ്രാം എംഡിഎംഎ, 0.008 ഗ്രാം എല്‍ എസ് ഡി സ്റ്റാംപ്, 3 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. മുഹമ്മദ് യാസിനില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം നോര്‍ത്ത് എസ് ആര്‍ എം റോഡിന് സമീപത്ത് നിന്നാണ് ആദര്‍ശിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ പക്കല്‍ നിന്ന് 250 ഗ്രാമോളം എം ഡി എം എ പിടിച്ചെടുത്തു.

ഇത്തരത്തില്‍ വ്യാപാര അളവിലുള്ള മയക്കുമരുന്ന് പിടി കൂടിയാല്‍ 20 വര്‍ഷം വരെ കഠിന തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന അതീവ ഗൗരവകരമായ കുറ്റകൃത്യമാണ്. ഇവരുടെ മയക്ക് മരുന്ന് ശ്യംഖലയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുള്ളതായും കൂടുതല്‍ അറസ്റ്റ് വരും ദിവസങ്ങളിലും ഉണ്ടാകുമെന്നും മയക്കു മരുന്നിന്റെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ടി എന്‍ സുദീര്‍ അറിയിച്ചു.

എറണാകുളം റേഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍ അഭിരാജ്, സ്‌പെഷ്യല്‍ ഇന്റലിജന്‍സ് സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ എന്‍ ഡി ടോമി, പ്രിവന്റീവ് ഓഫീസര്‍ സി ജി ഷാബു, അനീഷ് കെ ജോസഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പത്മഗിരീശന്‍, പ്രവീണ്‍ കുമാര്‍, അഞ്ജു ആനന്ദന്‍, എക്‌സൈസ് ഡ്രൈവര്‍ പി സി പ്രവീണ്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!