

കാസര്‍ക്കോട്: സാമൂഹ്യ- സാംസ്കാരിക- സാഹിത്യ പത്രപ്രവര്‍ത്തന രംഗത്ത് പ്രശോഭിതനായ ഇബ്രാഹിം ബേവിഞ്ച (69) നിര്യാതനായി.

കാസര്‍ഗോഡ് ജില്ലയിലെ ബേവിഞ്ചയില്‍ 1954 മെയ് 30ന് അബ്ദുള്ള കുഞ്ഞി മുസ്ല്യാരുടെയും ചെമ്പിരിക്ക ഉമ്മാലിയുമ്മയും മകനായി ജനിച്ച അദ്ദേഹം കാസര്‍ക്കോട് ഗവണ്മെന്റ കോളേജില്‍ നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലുമാണ് ബിരുദം നേടിയത്. പട്ടാമ്പി സംസ്കൃത കോളേജില്‍ നിന്ന് മലയാളത്തില്‍ എം എ ബിരുദവും കോഴിക്കോട് യൂണിവേഴ്സിറ്റിയില്‍ നിന്നും എം ഫിലും നേടിയ അദ്ദേഹം 1980-81 കാലത്ത് ചന്ദ്രിക ദിനപത്രത്തില്‍ സഹപത്രാധിപരായി പ്രവര്‍ത്തിച്ചിരുന്നു.

1981 മുതല്‍ കാസര്‍കോട് ഗവണ്മെന്റ് കോളേജ്, കണ്ണൂര്‍ വിമന്‍സ് കോളേജ്, ഗോവിന്ദ പൈ സ്മാരക കോളേജ്, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ മലയാളം അധ്യാപകന്. 2010 മാര്‍ച്ച് 31ന് വിരമിച്ചു. കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്തിലും അംഗമാണ്. കോഴിക്കോട് യൂണിവേഴ്സിറ്റിയില്‍ യു ജി ബോര്‍ഡ് ഓഫ് സ്റ്റഡീസിലും പി ജി ബോര്‍ഡ് ഓഫ് സ്റ്റഡീസിലും അംഗമായിരുന്നു.
ഉബൈദിന്റെ കവിതാലോകം, മുസ്ലിം സാമൂഹികജീവിതം മലയാളത്തില്‍, ഇസ്ലാമിക സാഹിത്യം മലയാളത്തില്‍, പക്ഷിപ്പാട്ട് ഒരു പുനര്‍വായന, പ്രസക്തി, ബഷീര്‍ ദി മുസ്ലിം, നിളതന്ന നാട്ടെഴുത്തുകള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. മൊഗ്രാല്‍ കവികള്‍, പള്ളിക്കര എം കെ അഹമ്മദിന്റെ മാപ്പിളപ്പാട്ടുകള്‍, പൊന്‍കുന്നം സെയ്ദു മുഹമ്മദിന്റെ മാഹമ്മദം എന്നിവയെ കുറിച്ച് പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പി ടി അബ്ജുറഹ്മാന്റെ കറുത്ത മുത്ത് തൊട്ട് പതിനഞ്ചോളം പ്രസിദ്ധരായ എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്ക് മുഖപഠനങ്ങള്‍ എഴുതിയിട്ടുണ്ട്.
അബുദാബി കെ എം സി സി, അബൂദാബി റൈറ്റേഴ്സ് ഫോറം, ഷാര്‍ജ കെ എം സി സി, കാസര്‍ക്കോട് സാഹിത്യവേദി, നടുത്തോപ്പില്‍ അബ്ദുല്ല, എം എസ് മാഗ്രാല്‍, മൊറയൂര്‍ മിത്രവേദി തുടങ്ങി പത്ത് അവാര്‍ഡുകള്‍ നേടി. ചന്ദ്രിക വാരാന്തപ്പതിപ്പില്‍ പ്രസക്തി (18 വര്‍ഷം), മാധ്യമം ദിനപത്രത്തില്‍ കാര്യവിചാരം (5 വര്‍ഷം), മാധ്യമം വാരാന്തപ്പതിപ്പില്‍ കഥ പോയ മാസത്തില്‍ (6 വര്‍ഷം), ആരാമം മാസികയില്‍ പെണ്‍വഴികള്‍, തൂലിക മാസികയില്‍ ചിന്തന (7 വര്‍ഷം), രിസാല വാരികയില്‍ പ്രകാശകം (3 വര്‍ഷം) എന്നീ കോളങ്ങള്‍ എഴുതി. ഖുര്‍ആനിക സൗന്ദര്യ ശാസ്ത്രത്തെകുറിച്ച് ഗവേഷണം ചെയ്യുന്ന അദ്ദേഹം മലയാള സാഹിത്യത്തിലെ മതേതരഭാവത്തെ കുറിച്ചുള്ള പഠനം പൂര്‍ത്തിയായിട്ടുണ്ട്.

