
കൊച്ചി: ജീവനക്കാരോടും ജനങ്ങളോടും മാന്യമായും നല്ല രീതിയിലും പെരുമാറുന്ന മാനേജ്മെന്റിന് തിരിച്ചും നല്ല പെരുമാറ്റം ലഭിക്കുമെന്ന് ഡബ്ല്യുഎഫ്ബി ബയേര്‍ഡ് ചെയര്‍മാന്‍ ജെയിംസ് ബയേര്‍ഡ് പറഞ്ഞു. കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെ എം എ) ലീഡര്‍ ഇന്‍സൈറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവനക്കാരെ കുടുംബാംഗങ്ങളെപ്പോലെ കാണുകയും മാനേജ്മെന്റും തൊഴിലാളികളും പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് ഒരു സ്ഥാപനത്തിന്റെ വിജയത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

29 വര്‍ഷം മുമ്പ് അയര്‍ലന്‍ഡില്‍നിന്ന് ഇന്ത്യയിലെത്തി കേരളത്തില്‍ ബിസിനസ് ആരംഭിച്ചത് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നായിരുന്നുവെന്ന് ജെയിംസ് ബയേര്‍ഡ് പറഞ്ഞു. കേരളത്തിലെ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചും തൊഴിലാളി യൂണിയനുകളെക്കുറിച്ചും തുടക്കത്തില്‍ പലരും മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇവിടുത്തെ ജനങ്ങളുടെ പിന്തുണയും സഹകരണവുമാണ് വിജയത്തിലേക്ക് നയിച്ചത്. ഇന്ത്യന്‍ സമൂഹത്തിലെ കുടുംബബന്ധങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് കമ്പനിയെ ഒരു കുടുംബമായി മുന്നോട്ടുകൊണ്ടുപോയതാണ് കേരളത്തില്‍ നിലനില്‍ക്കാനും വളരാനും സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.
100 കോടി രൂപയുടെ വിറ്റുവരവില്‍നിന്ന് ഈ വര്‍ഷം 1,000 കോടി രൂപയിലധികം വിറ്റുവരവിലേക്ക് വളരാന്‍ സ്ഥാപനത്തിന് കഴിഞ്ഞത് കൂട്ടായ അധ്വാനത്തിന്റെയും മാനേജ്മെന്റും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള സഹകരണത്തിന്റെയും ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തമായ കാഴ്ചപ്പാടും കഴിവുള്ള ജീവനക്കാരും കൂട്ടായ പ്രവര്‍ത്തനവുമാണ് ഈ നേട്ടത്തിന് അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്പനികളുടെ തലപ്പത്ത് വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സുചിത്ര മേനോനെ കമ്പനിയുടെ സി ഇ ഒയായി നിയമിച്ചത് സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നായിരുന്നുവെന്നും അവരുടെ നേതൃത്വത്തില്‍ വലിയ മാറ്റങ്ങളുണ്ടായെന്നും അദ്ദേഹം അനുഭവം പങ്കുവെച്ചു.
കേരളത്തില്‍ മികച്ച വിദ്യാഭ്യാസവും പരിശീലനവും കഴിവുള്ള മനുഷ്യവിഭവശേഷിയും ഉണ്ടായിട്ടും യുവാക്കള്‍ നാടുവിട്ട് വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നത് മനസ്സിലാകുന്നില്ലെന്നും കേരളത്തില്‍ത്തന്നെ മികച്ച തൊഴില്‍- സംരംഭക അവസരങ്ങള്‍ സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡബ്ല്യുഎഫ്ബി ബയേര്‍ഡ് ആന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറും സി ഇ ഒയുമായ സുചിത്ര മേനോന്‍ മുഖ്യപ്രഭാഷണം നടത്തി.
കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അല്‍ജിയേഴ്‌സ് ഖാലിദ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍ ഡോ. അനില്‍ ജോസഫ് സ്വാഗതവും കെ എം എ ഓണററി സെക്രട്ടറി ലേഖ ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.

