കേരളത്തിലെ എം എസ് എം ഇ മേഖലയില്‍ വായ്പാ ക്ഷാമമെന്ന് ‘ഇംപാക്ട് ലെന്‍ഡിങ് 2026’

Web Desk
1 Min Read

കൊച്ചി: കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ (എം എസ് എം ഇ) മേഖലയില്‍ വിവിധ വ്യവസായങ്ങള്‍ നേരിടുന്ന വായ്പാ ലഭ്യതാ പ്രതിസന്ധിയും ധനസഹായത്തിലെ വന്‍ ആവശ്യ- വിതരണ വിടവും ‘ഇംപാക്ട് ലെന്‍ഡിങ് 2026- കൊച്ചി ചാപ്റ്റര്‍’ റൗണ്ട്‌ടേബ്ളില്‍ ചര്‍ച്ചയായി. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് നെക്സോ, സതേണ്‍ ഇന്ത്യ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി കേരളയുമായി ചേര്‍ന്ന് ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബാങ്കുകള്‍, എന്‍ ബി എഫ് സികള്‍, വിവിധ മേഖലകളിലെ സംരംഭകര്‍ എന്നിവര്‍ പങ്കെടുത്തു.

city exchange

ഓട്ടോമൊബൈല്‍ മേഖലയെക്കുറിച്ചുള്ള ചര്‍ച്ചയില്‍, പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങളോടുള്ള ഉപഭോക്തൃ ആവശ്യം വര്‍ധിച്ചിട്ടും ധനസഹായം ലഭ്യമാക്കുന്നതില്‍ വെല്ലുവിളികള്‍ തുടരുകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ബാറ്ററികളുടെ ആയുസ്സും പുനര്‍വിലയും സംബന്ധിച്ച ദീര്‍ഘകാല വിവരങ്ങളുടെ അഭാവം കാരണം ബാങ്കുകള്‍ കൂടുതല്‍ കര്‍ശന വായ്പാ നിബന്ധനകളാണ് സ്വീകരിക്കുന്നത്. ഇതോടെ വാഹന ഡീലര്‍ഷിപ്പുകള്‍ പ്രാദേശിക എന്‍ ബി എഫ് സികളുമായി കൂടുതല്‍ സഹകരിച്ച് ധനസഹായം ഉറപ്പാക്കാന്‍ ശ്രമിക്കുകയാണ്.

എഫ് എം സി ജി മേഖലയിലെ ചര്‍ച്ച, ഒരു ശതമാനത്തില്‍ താഴെ ലാഭവിഹിതത്തില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ ഡിസ്ട്രിബ്യൂട്ടര്‍മാര്‍ കടുത്ത പ്രവര്‍ത്തന മൂലധന പ്രതിസന്ധി നേരിടുന്നുവെന്ന് വിലയിരുത്തി. സാധനങ്ങളുടെ സ്റ്റോക്കില്‍ നാല് മുതല്‍ പത്ത് ലക്ഷം രൂപ വരെ സ്ഥിരമായി കുടുങ്ങിക്കിടക്കുന്നതിനാല്‍ പരമ്പരാഗത ബാങ്ക് വായ്പകള്‍ക്ക് ആവശ്യമായ ആസ്തി അധിഷ്ഠിത ജാമ്യം ഇവര്‍ക്കില്ലെന്നും വ്യവസായ പ്രതിനിധികള്‍ പറഞ്ഞു. മുത്തൂറ്റ് ഫിനാന്‍സ് ജി എം ആന്‍ഡ് സി സി ഒ ജയചന്ദ്രന്‍ ബാലചന്ദ്രന്‍, ഇ വി എം ഗ്രൂപ്പ് വി പി പ്രൊജക്റ്റ്സ് നോബ്ള്‍ ജേക്കബ്, ലാസ്സ ഐസ്‌ക്രീം ഡയറക്ടര്‍ ജോണ്‍ സൈമണ്‍, അസ്വാനി ലച്മണ്‍ദാസ് ഗ്രൂപ്പ് മാനേജിംഗ് പാര്‍ട്ണര്‍ സുശീല്‍ അസ്വാനി, നെക്സോ ഫിന്‍ഓഎസ് സഹസ്ഥാപകന്‍ കുര്യന്‍ ജോര്‍ജ് തുടങ്ങിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!