
കോഴിക്കോട്:

കേരളത്തിലെ ഏറ്റവും വലിയ മത സംഘടനയുടെ അദ്ധ്യക്ഷനാണ് ജിഫ്രി മുത്തുക്കോയ തങ്ങളെന്നും അദ്ദേഹത്തിനെതിരെ വധഭീഷണി ഫോണ്‍ വന്നുവെന്നത് ഗൗരവത്തോടെയാണ് കാണേണ്ടതാണെന്നും യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തി ഭീഷണി മുഴക്കിയ വ്യക്തിയെ വെളിച്ചത്ത് കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണ കക്ഷിയുടെ യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ വധഭീഷണി വിഷയത്തെ വഴി തിരിച്ച് വിടാനാണ് ശ്രമിക്കുന്നത്. സമുദായത്തിന്റെ അട്ടിപ്പേറവകാശം ലീഗിന് നല്‍കില്ലെങ്കിലും ബാക്കി എല്ലാ അട്ടിപ്പേറവകാശവും ലീഗിന് നല്‍കാന്‍ മത്സരിക്കുകയാണ് ഇക്കൂട്ടറെന്നും ഫിറോസ് കളിയാക്കി.
മനോനില നഷ്ടപ്പെട്ട ആരോ തയ്യാറാക്കിയ കുറിപ്പാണ് ഡി.വൈ.എഫ്.ഐയുടെ പേജില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. അത് പുറത്തുവിട്ടത് സംസ്ഥാന കമ്മിറ്റിയുടെ അറിവോടെ തന്നെയാണോ എന്നവര്‍ വ്യക്തമാക്കണം. ആട്ടിന്‍ കുട്ടികളെ തമ്മിലടിപ്പിച്ച് ചോരകുടിക്കാമെന്ന ചെന്നായയുടെ ബുദ്ധി ഉപയോഗിച്ചതാണെങ്കില്‍ അതൊക്കെ തിരിച്ചറിയാനുള്ള വിവേകം ഇന്നാട്ടിലെ മനുഷ്യര്‍ക്കുണ്ടെന്ന് ഡി.വൈ.എഫ്.ഐ മനസ്സിലാക്കണമെന്നും ഫിറോസ് തന്റെ സമൂഹ മാധ്യമക്കുറിപ്പില്‍ വെളിപ്പെടുത്തി.
വഖഫ് സംരക്ഷണ റാലിയുടെ മഹാ വിജയത്തിന് ശേഷം കലി പൂണ്ട സി.പി.എം ലീഗിനെ എത്ര ചൊറിഞ്ഞിട്ടും അസുഖം മാറാത്തത് ചൊറിച്ചില്‍ സ്വന്തം ദേഹത്തായത് കൊണ്ടാണ്. ഈ അസുഖം ഡി.വൈ.എഫ്.ഐക്കും പിടിപെട്ടത് സ്വാഭാവികമാണ്. നാളെ മറ്റ് വര്‍ഗബഹുജന സംഘടനകള്‍ക്കും പിടിപെടുമെന്ന കാര്യം ഉറപ്പാണ്. നിങ്ങള്‍ പരസ്പരം രോഗ ശമനത്തിന് ഉപായം കണ്ടെത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

