
കണ്ണൂര്‍: ദുബൈയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷബ്‌നയുടെ കുടുംബം നീതിക്കായി കാത്തിരിക്കുന്നു.


2020 ഏപ്രില്‍ 23നാണ് അഴീക്കോട് മരപ്പാലത്തിന് തെക്കുവശം കടവില്‍ ഇസ്ഹാഖ് സേട്ടുവിന്റെ മകളും മാള പള്ളിപ്പുറം കടവില്‍ ഇഖ്ബാലിന്റെ ഭാര്യയുമായ ഷബ്‌ന (44) മരിച്ചത്. പയ്യന്നൂര്‍ സ്വദേശികളായ ദമ്പതികളുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഇവര്‍ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റാണ് മരിച്ചത്. ദുബൈ നീതിപീഠത്തിന്റെ ഇടപെടലില്‍ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് മതിയായ ശിക്ഷ ലഭിക്കുമെന്ന പ്രത്യാശയിലാണ് കുടുംബം.
ഷബ്‌നയെ ആശുപത്രിയില്‍ എത്തിക്കാനോ ചികിത്സ ലഭ്യമാക്കാനോ തൊഴിലുടമ തയാറായില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. കഠിന വേദന സഹിച്ച് കാഴ്ചശക്തി പോലും നശിച്ച ഷബ്ന ഒരാഴ്ചക്കുശേഷം ജോലിക്കുനിന്ന വീട്ടില്‍ മരണപ്പെടുകയായിരുന്നു. അപകടം സംഭവിച്ച കാര്യം നാട്ടിലോ ദുബൈയില്‍ ജോലി ചെയ്തിരുന്ന ഷബ്നയുടെ മകനോ യഥാസമയം അറിഞ്ഞിരുന്നില്ല.
മൃതദേഹം ദുബൈയില്‍ തന്നെ മറവ് ചെയ്യാനുള്ള ശ്രമത്തിനിടെ ദുബൈയിലെ സാമൂഹിക പ്രവര്‍ത്തകരുടേയും കേരള പ്രവാസി സംഘം കൊടുങ്ങല്ലൂര്‍ ഏരിയ കമ്മിറ്റിയുടെയും ശ്രമഫലമായി നാട്ടിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി മറവു ചെയ്യുകയായിരുന്നു. ഇതു സംബന്ധിച്ച് യു.എ.ഇയിലും നാട്ടിലും കേസ് നിലവിലുണ്ട്. എന്നാല്‍ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും നീതി ലഭ്യമാകാത്ത വേദനയിലാണ് കുടുംബം.
കുട്ടിയെ കുളിപ്പിക്കാന്‍ കരുതിവെച്ച ചൂടുവെള്ളം മറിഞ്ഞുവീണ് പൊള്ളലേറ്റതാണെന്ന് വീട്ടുടമ പറഞ്ഞിരുന്നു. എന്നാല്‍, ആസിഡ് പോലുള്ള ദ്രാവകം ശരീരത്തില്‍ വീണ് ആന്തരികാവയവങ്ങള്‍ തകരാറിലായതാണ് മരണ കാരണമെന്നാണ് നാട്ടിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഉറ്റവരുമായി ഫോണില്‍ ബന്ധപ്പെടാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും കടുത്ത പീഡനം അനുഭവിച്ചിരുന്നതായും ഷബ്‌നയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.
സന്ദര്‍ശകവിസ നല്‍കി കൊണ്ടുപോകുകയും വീട്ടുജോലികള്‍ ചെയ്യിക്കുകയും മറ്റൊരു കുടുംബത്തിന് കൈമാറുകയും ചെയ്തവര്‍ക്കെതിരെയും നാട്ടില്‍ പരാതിയുണ്ട്. എന്നാല്‍, മറ്റൊരു രാജ്യത്തുണ്ടായ സംഭവമായതിനാല്‍ തെളിവ് ശേഖരിക്കാന്‍ പരിമിതികളുണ്ടെന്നാണ് പൊലീസ് നിലപാട്.
