
കൊച്ചി: സമൂഹം പുരുഷന്മാരെ മാത്രം ലഷ്യമിട്ട് നടത്തിയ കാര്യങ്ങളില്‍ വനിതകളെ കൂടി ഉള്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ടെന്നും അത് പുരോഗതിയുടെ അടയാളമാണെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. ഭാരതരത്‌ന ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ 11-ാം അനുസ്മരണ വര്‍ഷാചരണത്തിന്റെ ഭാഗമായി ഡോ. എ പി ജെ അബ്ദുല്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ‘ജനനി 2026’ എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മരുന്ന്, ഭക്ഷണം തുടങ്ങിയവയെല്ലാം മുമ്പ് പുരുഷന്മാരെ മാത്രമാണ് കേന്ദ്രീകരിച്ചിരുന്നത്. സ്ത്രീകള്‍ക്ക് പ്രത്യേകം അസുഖങ്ങളുണ്ടെന്നോ ഭക്ഷണ രീതി ആവശ്യമുണ്ടെന്നോ ആരും പരിഗണിച്ചിരുന്നില്ല. എന്നാലിപ്പോള്‍ സ്ഥിതി മാറി. എല്ലാകാര്യങ്ങളിലും വനിതകളും മുമ്പോട്ടു വരികയാണ്. കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികളാണ് മുമ്പിലുള്ളത്. ഇന്ത്യയിലെ പ്രഗത്ഭമായ ഏത് കോളജില്‍ പോയാലും അവിടെ മിടുക്കികളായ മലയാളി പെണ്‍കുട്ടികളെ കാണാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് എല്ലാ മേഖലകളിലും സ്ത്രീകള്‍ കൈമുദ്ര പതിപ്പിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.
സമൂഹത്തിനും രാജ്യത്തിനും മികച്ച സംഭാവനകള്‍ നല്‍കിയ മാതൃകാ വനിതകളെ ചടങ്ങില്‍ ആദരിച്ചു.
മാതൃത്വം, നായിക, സേവ, ശക്തി, വിശ്വദീപ്തി എന്നിങ്ങനെ അഞ്ച് സെഷനുകളില്‍ പാനല്‍ ചര്‍ച്ചകള്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ ജനനയുടെ ഭാഗമായി നടന്നു.
ഡോ. ടെസ്സി തോമസ്, മല്ലിക സുകുമാരന്‍, അഞ്ജു ബോബി ജോര്‍ജ്ജ്, ഡോ. സൂസന്‍ വര്‍ഗ്ഗീസ്, സാറ ജോര്‍ജ്ജ് മുത്തൂറ്റ്, ബീന കണ്ണന്‍, അനൂജ ബഷീര്‍, ലത കെ, മേജര്‍ ജനറല്‍ ലിസമ്മ പി വി, ഡോ. രൂപ മാത്യു, ഉത്തര രാമകൃഷ്ണന്‍, സീന ടോണി ജോസ്, അമൃത രാജന്‍, ഉമാ പ്രേമന്‍, അഞ്ജു ബിസ്റ്റ് എന്നിവര്‍ പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി.
അമൃത രാജന്റെ സംഗീത പരിപാടി, രാഗ ശങ്കറിന്റെ നേതൃത്വത്തില്‍ വനിതാ കളരിപ്പയറ്റ് തുടങ്ങിയവ പരിപാടിയുടെ ഭാഗമായി അരങ്ങേറി.
ഡോ. ജെറി മാത്യു, ഡോ. എ പി ജെ അബ്ദുല്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ എ പി ജെ എം നസീമ മരയ്ക്കാര്‍, സഹസ്ഥാപകന്‍ ശൈഖ് സലീം, സെക്രട്ടറി ജൈനുല്‍ ആബിദീന്‍, ഒലിവിയ സൈറ റൈജു, ക്യാപ്റ്റന്‍ പ്രകാശ് പി ബി, ഡോ. പ്രിയ കെ നായര്‍, കാര്‍ത്തിക ദാസ് എന്നിവര്‍ പങ്കെടുത്തു.

