

ചാവക്കാട്: ഫെബ്രുവരി 2, 3, 4 തിയ്യതികളില്‍ ചാവക്കാട് നടക്കുന്ന കേരള അറബിക്ക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ 65-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ‘മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സമൂഹനന്മക്ക്’ എന്നതാണ് സമ്മേളന പ്രമേയം.

മൂല്യമുള്ള വിദ്യാഭ്യാസമാണ് നമ്മുടെ സമൂഹത്തിനാവശ്യം. കൂടുതല്‍ വിദ്യാസമ്പന്നരാവുന്നതോടെ സമൂഹത്തിന് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഒരുപക്ഷെ കഴിഞ്ഞില്ലെന്ന് വരാം. പക്ഷെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് ഒരാള്‍ക്ക് കിട്ടിയെതെങ്കില്‍ അവന്‍ സമൂഹത്തിന്റെ നട്ടെല്ലായി മാറുന്നു. മറ്റുള്ളവരെ സഹായിക്കാന്‍ കഴിയുന്ന മൂല്യമുള്ള വിദ്യാഭ്യാസം പകര്‍ന്നു കൊടുക്കാന്‍ ഓരോ അധ്യാപകനും പരിശ്രമിക്കണമെന്ന് ലോഗോ പ്രകാശനം ചെയ്ത് ടി എന്‍ പ്രതാപന്‍ എം പി അഭിപ്രായപ്പെട്ടു. പ്രസക്തമായ പ്രമേയമാണ് കെ എ ടി എഫ് മുന്നോട്ട് വെക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമാരായ എ എസ് എം അസ്ഗറലി തങ്ങള്‍, കെ എ ഹാറൂണ്‍ റഷീദ്, കെ എ ടി എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എം എ സാദിഖ്, ജില്ലാ പ്രസിഡന്റ് സി അനസ് ബാബു, ഭാരവാഹികളായ എം എ ഫൈസല്‍, കെ എ കബീര്‍ ബുസ്താനി, പി യു റസിയ, കെ അസ്മാബി, കെ എന്‍ സജ്‌ന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കെ എ ടി എഫ് തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി മുഹ്‌സിന്‍ പാടൂര്‍ സ്വാഗതവും വനിതാ വിംഗ് ചെയര്‍ പേഴ്‌സന്‍ എം എ സുമയ്യ നന്ദിയും പറഞ്ഞു.

