കോമ്പാറ ജംഗ്ഷന്‍ വികസനം; റവന്യൂ- പൊതുമരാമത്ത് വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി

Web Desk
2 Min Read

ആലുവ: എടത്തല പഞ്ചായത്തിലെ എന്‍ എ ഡി- ഏച്ച് എം ടി റോഡിലെ കോമ്പാറ ജംഗ്ഷന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി സ്ഥലം അളക്കുന്നതിനും സാമൂഹ്യാഘാത പഠനത്തിനും വേണ്ടി റവന്യൂ വകുപ്പും പൊതുമരാമത്ത് വകുപ്പും സംയുക്ത സ്ഥലപരിശോധന നടത്തിയതായും ലാന്റ് അക്വിസിഷന്‍ ഓഫീസറായി കാക്കനാട് (എല്‍ എ) സ്‌പെഷ്യല്‍ തഹസില്‍ദാറെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തിയതായും അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു. കോമ്പാറ ജംഗ്ഷനില്‍ ഏറ്റെടുക്കേണ്ട സ്ഥലം എം എല്‍ എ സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായി സംയുക്ത പരിശോധന നടപടികള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്തു.

city exchange

അന്‍വര്‍ സാദത്ത് എം എല്‍ എയുടെ നിര്‍ദ്ദേശപ്രകാരം 2022- 23ലെ ബജറ്റില്‍ എടത്തല പഞ്ചായത്തിലെ കോമ്പാറ ജംഗ്ഷന്‍ ഭൂമി ഏറ്റെടുത്തു വികസിപ്പിക്കുന്നതിനായി അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും യോഗം ചേര്‍ന്ന് ജംഗ്ഷന്റെ വികസനത്തിനാവശ്യമായ സ്ഥലത്തിന്റെ അലൈന്‍മെന്റ് ചര്‍ച്ച ചെയ്ത പി ഡബ്ല്യൂ ഡി അംഗീകരിച്ച് ഉത്തരവിറക്കിയിരുന്നു. ഇത് പ്രകാരം കൊച്ചിന്‍ ബാങ്ക് ജംഗ്ഷനില്‍ നിന്നുവരുമ്പോള്‍ അടിവാരം മുതല്‍ കോമ്പാറയിലെ പമ്പ് കഴിഞ്ഞുള്ള വളവ് വരെയുള്ള 350 മീറ്റര്‍ ഭാഗം 19.8 മീറ്റര്‍ വീതിയിലും കോമ്പാറയില്‍ നിന്നും കുന്നത്തേരിയിലേക്കുള്ള റോഡ് 150 മീറ്റര്‍ വരെയുള്ള ഭാഗം 15.8 മീറ്റര്‍ വീതിയിലും കോമ്പാറയില്‍ നിന്നും അല്‍ അമീന്‍ കോളേജിലേക്കുള്ള റോഡ് 150 മീറ്റര്‍ വരെയുള്ള ഭാഗം 15.8 മീറ്റര്‍ വീതിയിലും പുറമ്പോക്കു ഉള്‍പ്പെടെ 1 ഏക്കര്‍ 90 സെന്റ് സ്ഥലം ഏറ്റെടുത്തു നിര്‍മ്മിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

ലാന്റ് അക്വിസിഷന്‍ ഓഫീസര്‍ ഉടന്‍ തന്നെ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കുമെന്നും ജില്ലാ കളക്ടര്‍ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ച് സാമൂഹ്യാഘാത പഠനവും നടത്തി ഏറ്റെടുക്കുന്ന വസ്തുവിന്റെ വില നിശ്ചയാക്കുവാനായി ബിവിആറും ഡി വി ആറും തയ്യാറാക്കി ആവശ്യമായ നടപടികള്‍ സ്വീകരിച്ച് ഭൂഉടമകള്‍ക്ക് നഷ്ടപരിഹാരം നല്കുന്നതാണെന്നും എം എല്‍ എ അറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ലിജി സി കെ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീര്‍ മീന്ത്രക്കല്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രീത കുഞ്ഞുമോന്‍, പഞ്ചായത്ത് അംഗം സ്വപ്‌ന ഉണ്ണി, എടത്തല സഹകരണ ബാങ്ക് പ്രസിഡന്റ് ഷംസു, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പ്രിയ സി, അസി.എക്സി. എഞ്ചിനീയര്‍ റോഡ്‌സ് ആലുവ സിനോജ് ജോയ് പി, എ ഇ റോഡ്‌സ് ആലുവ ട്രീസ സെബാസ്റ്റ്യന്‍, വാലുവേഷന്‍ അസിസ്റ്റന്റ് ഹുസൈന്‍, റവന്യൂ ഇന്‍സ്പെക്ടര്‍മാരായ ജയകുമാരി, ചാന്ദിനി ചന്ദ്രന്‍, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് മാഹിന്‍, സി പി എം എടത്തല ലോക്കല്‍ സെക്രട്ടറി ബി വി സൈദ് മുഹമ്മദ് എന്നിവരും മറ്റു വിവിധ രാഷ്ട്രീയ നേതാക്കളും എം എല്‍ എയുടെ ഒപ്പം സന്നിഹിതരായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!