കോഴിക്കോട് മെഡിക്കല്‍ കോളജ് ആകാശപാത ഉദ്ഘാടനം ഞായറാഴ്ച

Web Desk
1 Min Read

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ നിര്‍മ്മിച്ച ആകാശപാതയുടെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് അധ്യക്ഷത വഹിക്കും.

city exchange

മെഡിക്കല്‍ കോളജ് ആശുപത്രി, സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്, പി എം എസ് എസ് വൈ കാഷ്യാലിറ്റി ബ്ലോക്ക് എന്നിവയെ ബന്ധിപ്പിച്ചാണ് പാത നിര്‍മ്മിച്ചത്.
രോഗികളെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്കും പി എം എസ് എസ് വൈയിലേക്കും കൊണ്ടുപോകുന്നത് സ്ട്രെക്ച്ചറിലും ആംബുലന്‍സിലുമായാണ്. പാത തുറക്കുന്നതോടെ ഇതിന് പരിഹാരമാകും. ആകാശപാതയില്‍ സജ്ജീകരിച്ച ബാറ്ററി കാറുകളിലാണ് രോഗികളെ കൊണ്ടുപോവുക. മേല്‍ക്കൂരയടക്കം നിര്‍മ്മിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളിലെ തിരുവനന്തപുരത്തിന് ശേഷമുള്ള രണ്ടാമത്തെ ആകാശപാതയാണിത്.

മാതൃശിശു ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തെ കൂടി പാതയുടെ ഭാഗമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. കഴിഞ്ഞ ജൂണിലാണ് പ്രവൃത്തി ആരംഭിച്ചത്. സ്റ്റീല്‍ സ്ട്രക്ചറില്‍ നിര്‍മ്മിച്ച പാതക്ക് 172 മീറ്റര്‍ നീളവും 13 അടി വീതിയുമുണ്ട്. രണ്ട് ബാറ്ററി കാറുകള്‍ക്ക് ഇരു ദിശയിലേക്കും ഒരേ സമയം സഞ്ചരിക്കാനാവും. മുന്‍ മന്ത്രി ടി പി രാമകൃഷ്ണനാണ് പദ്ധതിക്ക് മുന്‍കൈ എടുത്തതെന്ന് പ്രന്‍സിപ്പല്‍ വി ആര്‍ രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

- Advertisement -
Ad image

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് പദ്ധതിക്കായി ഒരു കോടി രൂപ നല്‍കി. ഒരു പൂര്‍വ്വ വിദ്യാര്‍ഥി ഒരുകോടി രൂപയും നല്‍കി. 2.25 കോടിക്ക് പൊതുമരാമത്ത് കരാറുകാരന്‍ കെ വി സന്തോഷ്‌കുമാര്‍ കരാറെടുത്തു. രണ്ട് കോടിയാണ് ചിലവ്. കോഴിക്കോട് എന്‍ ഐ ടിയിലെ വിദഗ്ധരാണ് പാത രൂപകല്‍പ്പന ചെയ്തത്. തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ, അഡിഷണല്‍ സൂപ്രണ്ട് കെ പി സുനില്‍കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!