
- അമുതന്‍
നോണ്‍ ഫിക്ഷന്‍- ഫിക്ഷനെന്ന ലേബലില്‍ പെടുത്താവുന്ന സിനിമയാണ് മാലിക്. യഥാര്‍ഥ സംഭവങ്ങളെടുക്കുകയും അതില്‍ സംവിധായകന്റെ വ്യാഖ്യാനങ്ങള്‍ ചേര്‍ക്കുകയും ചെയ്യുന്നതിനെയാണ് നോണ്‍ഫിക്ഷന്‍- ഫിക്ഷന്‍ എന്നു വിശേഷിപ്പിക്കുന്നത്.
അങ്ങനെ നോക്കുമ്പോള്‍, ഒരു സംഭവത്തിലെ ഉള്ളുകള്ളികളെയോ ഒരു വ്യക്തിയുടെ മാനസിക അവസ്ഥകളുടേയോ തീരുമാനങ്ങള്‍ സ്വീകരിച്ച രീതിയോ, അതുമല്ലെങ്കില്‍ ഒരു വലിയ സംഭവം നടന്നപ്പോള്‍ അതു ബാധിച്ച ഒരു സാധാരണ വ്യക്തിയുടെ കാഴ്ചപ്പാടില്‍ പറയുന്നതിനെയാണ്നോണ്‍ഫിക്ഷന്‍- ഫിക്ഷന്‍ എന്നു പറയുന്നത്. അല്ലാതെ ചരിത്രത്തെ അപനിര്‍മിക്കുകയോ പുനര്‍വായന നടത്തുകയോ വെള്ളപൂശുകയോ അതില്‍ പെടില്ല.
മഹേഷിന്റെ മാലിക്കില്‍ എത്തുമ്പോള്‍ അതില്‍ ഒരു എഡിറ്ററുടെ മനോമുകുരത്തില്‍ ഉരുത്തിരിഞ്ഞ ഷോട്ടുകളുടെ മനോഹാരിതയും ദൈര്‍ഘ്യവും കട്ട്സുമല്ലാതെ ഒരു സംവിധായകന്റേയോ തിരക്കഥാകൃത്തിന്റെയോ മികവൊന്നും ആ സിനിമയ്ക്കില്ല. പ്രത്യേകിച്ചും തിരക്കഥ.
ശങ്കര്‍ സിനിമകള്‍ പോലെ ബ്രഹ്മാണ്ഡ ദൃശ്യങ്ങള്‍ കാണിച്ച് ഉള്ളുപൊള്ളയായ പ്രമേയമുള്ള സിനിമയാണ് മാലിക്ക്. കലാപരമായോ കച്ചവടപരമായോ ആണെങ്കില്‍ പോലും വലിയ കാഴ്ചയൊരുക്കുന്നതില്‍ മാത്രം താത്പര്യം കാണിക്കുന്നത് തന്റെയൊരു ഫാന്റസിക്കു വേണ്ടി മഹേഷ് ചെയ്ത സിനിമയാണ് മാലിക്ക്. ഫഹദ് ഫാസിലിനെയൊക്കെ ആളുകള്‍ അനാവശ്യമായി ആളുകള്‍ പുകഴ്ത്തുന്നുണ്ട്. സാധാരണയില്‍ കവിഞ്ഞ ഒന്നും തന്നെ കാണാന്‍ സാധിച്ചില്ല.
പിന്നെ മേക്കപ്പ്- മലയാള സിനിമ വളരേണ്ട ഒരു മേഖല തന്നെയാണ്. ഇന്നും ഗ്രീന്‍ റൂമില്‍ നിന്നും ഇറങ്ങിയിട്ടില്ല മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ആരും തന്നെ.
ഇത്രയും എഴുതാന്‍ കാരണം സിനിമയില്‍ സംവിധായകനായ മണിരത്നത്തെ മഹേഷും കമല്‍ഹാസനെ ഫഹദും ആവാഹിച്ചതായി ഫഹദ് തന്നെയും പറഞ്ഞുകണ്ടു. അതൊരു പക്ഷേ ഫഹദിന്റെ ഉമ്മയുടെ കഥാപാത്രം അവതരിപ്പിച്ചത് ജലജയാണ് എന്നറിയാത്ത തലമുറയോടു പറഞ്ഞാല്‍ ഒരുപക്ഷേ ആത്മസുഖം കിട്ടും.
നന്ദി, നമസ്‌ക്കാരം.

